യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സമരം ചെയ്ത റിസോര്‍ട്ടില്‍ നേതാവിന്റെ സത്ക്കാരം; ഇല്ലാത്ത കയ്യേറ്റത്തിനെതിരേ പ്രസംഗിച്ച ചെന്നിത്തലയുടെ താമസം കയ്യേറ്റഭൂമിയെന്ന് കോണ്‍ഗ്രസ് തന്നെ മുദ്രകുത്തിയ റിസോര്‍ട്ടില്‍

ആദിവാസികള്‍ക്കൊപ്പം പുതുവത്സരാഘോഷത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തങ്ങിയത് വനം കയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ടില്‍. മുന്‍മന്ത്രി ടി യു കുരുവിളയുടെ ഉടമസ്ഥതയിലുളള കുട്ടന്പുഴയിലെ റിസോര്‍ട്ടിലാണ് ചെന്നിത്തലയും സംഘവും തങ്ങിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ റിസോര്‍ട്ടിനെതിരേ സമരം നടത്തിയതും കോണ്‍ഗ്രസ് നേതാക്കളായിരുന്നു.

മുന്‍മന്ത്രി ടി യു കുരുവിള ഇടതുപക്ഷത്തിന്റെ ഭാഗമായി നിന്നപ്പോഴാണ് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ആയുധമാക്കി കോണ്‍ഗ്രസ് നേതാക്കള്‍ കുട്ടന്പുഴ ആനക്കയത്തെ അരമന റിസോര്‍ട്ട് വിവാദമാക്കിയത്. കുരുവിളയുടെ ഉടമസ്ഥതയിലുളള റിസോര്‍ട്ട് വനം കയ്യേറി നിര്‍മ്മിച്ചതാണെന്നായിരുന്നു പ്രധാന ആരോപണം.

യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ 500ഓളം വരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ റിസോര്‍ട്ട് പൊളിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസുമായുളള സംഘര്‍ഷത്തിലാണ് കലാശിച്ചതും. ആ റിസോര്‍ട്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ടി യു കുരുവിള വലതുപക്ഷത്തിനെത്തിയതോടെ ചെന്നിത്തലയുടെ വിശ്രമകേന്ദ്രമായി മാറിയത്. പുതുവത്സരാഘോഷത്തിന് കുട്ടന്പുഴയിലെ ആദിവാസി കുടിലിലെത്തിയ ചെന്നിത്തലയും ഭാര്യയുമാണ് റിസോര്‍ട്ടില്‍ മണിക്കൂറോളം ചെലവഴിച്ചത്.

ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, ജോസഫ് വാഴക്കന്‍ തുടങ്ങിയവും അന്ന് സമരത്തിന് ചുക്കാന്‍ പിടിച്ച പ്രാദേശിക നേതാക്കളും റിസോര്‍ട്ടില്‍ സത്ക്കാരവും സ്വീകരിച്ചാണ് മടങ്ങിയത്. കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയമാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി ആര്‍.അനില്‍കുമാര്‍ പറഞ്ഞു.

ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ച് ഇല്ലാത്ത കയ്യേറ്റത്തിനെതിരേ പ്രസംഗിച്ച ചെന്നിത്തല, കയ്യേറ്റഭൂമിയെന്ന് കോണ്‍ഗ്രസ് തന്നെ മുദ്രകുത്തിയ റിസോര്‍ട്ടില്‍ താമസിച്ചിനെതിരേ കോണ്‍ഗ്രസിലെ എ വിഭാഗമാണ് ആദ്യം രംഗത്തെത്തിയതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here