എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടുകള്‍ അന്വേഷിക്കാന്‍ പരാതി; വിവരങ്ങള്‍ ഇങ്ങനെ

എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാട് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന് പരാതി ലഭിച്ചു . നികുതിവെട്ടിപ്പും സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയവർ ക്രിമിനൽ കുറ്റം ചെയ്തതായി പരാതിയിൽ പറയുന്നു. എറണാകുളം റേഞ്ച് ഐജി ക്കാണ് പരാതി ലഭിച്ചത്. ഇതിനിടെ സഭാ വൈദിക സമിതി യോഗം നാളെ കൊച്ചിയിൽ ചേരും.

അഡ്വക്കറ്റ് പോളച്ചൻ പുതുപ്പാറ എന്നയാളാണ് വിവാദ ഭൂമി ഇടപാട് സംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് എറണാകുളം റേഞ്ച് ഐജി ക്ക് പരാതി നൽകിയത്. സഭയുടെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് ക്രിമിനൽ കുറ്റകൃത്യങ്ങൾ നടന്നതായി പരാതിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാനിയമം 403, 405, 418 പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് നടന്നിരിക്കുന്നത് .

നികുതിവെട്ടിപ്പും, സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പും, ക്രിമിനൽ കുറ്റങ്ങളാണ് . മാത്രവുമല്ല കള്ളപ്പണത്തിന്റെയും ഹവാല പണത്തിന്റെയും ഇടപാടുകൾ നടന്നതായി പരാതിയിലുണ്ട്. യഥാർത്ഥത്തിൽ ഭൂമി വിൽപന നടത്തിയ വിലയും, ആധാരത്തിൽ കാണിച്ചിരിക്കുന്ന വിലയും തമ്മിൽ അന്തരമുണ്ടെന്നും പരാതിയിൽ പറയുന്നു .

സഭയുടെ ഭൂമിയിടപാട് നേരത്തെ വിവാദമായിരുന്നുവെങ്കിലും ആദ്യമായാണ് പോലീസിന് ഇതുസംബന്ധിച്ച് ഒരു പരാതി ലഭിക്കുന്നത് .

ഇതിനിടെ വിഷയം ചർച്ചചെയ്യാൻ സീറോമലബാർ സഭ വൈദിക സമിതി നാളെ യോഗം ചേരും. ആർച്ച് ബിഷപ്പ് ഹൗസിൽ ഉച്ചയ്ക്ക് രണ്ടിനാണ് യോഗം . ഭൂമി ഇടപാട് സംബന്ധിച്ച് പഠിക്കാൻ സഭ നിയോഗിച്ച ആറംഗ സമിതിയുടെ റിപ്പോർട്ട് യോഗം ചർച്ചചെയ്യും . ആരോപണവിധേയനായ കർദിനാൾ ജോർജ് ആലഞ്ചേരിയും യോഗത്തിൽ പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here