പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ സഭയില്‍ അവതരിപ്പിക്കാനായില്ല. ഇന്നലെ ബില്‍ അവതരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്.

ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തി. കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം നിലയുറപ്പിച്ചതോടെ സര്‍ക്കാര്‍ ശ്രമം പരാജയപ്പെടുകയായിരുന്നു.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രമേയവും പാസാക്കി. എന്നാല്‍ പ്രമേയം ചട്ടവിരുദ്ധമാണെന്ന് ജെയ്റ്റ്‌ലിയുടെ അഭിപ്രായപ്പെട്ടു.

അതേസമയം, ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ പാസായ ശേഷവും മുത്തലാഖ് ഉണ്ടായെന്നായിരുന്നു നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം. ഇന്നലെ വൈകുന്നേരം ചേര്‍ന്ന കാര്യോപദേശക സമിതിയിലും ഭരണപ്രതിപക്ഷങ്ങള്‍ വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നില്ല.

ബില്‍ സഭ പരിഗണിച്ചു പാസ്സാക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നു ഭരണപക്ഷവും, സിലക്ട് കമ്മിറ്റി പരിഗണിച്ചു ബില്‍ മെച്ചപ്പെടുത്തട്ടെയെന്നു പ്രതിപക്ഷവും നിലപാടെടുത്തു.