ശബരിമല ക്ഷേത്രത്തിന്‍റെ പേര് അയ്യപ്പക്ഷേത്രം എന്നാക്കിയ ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം റദ്ദാക്കി

ശബരിമല ക്ഷേത്രത്തിന്‍റെ പേര് ഇനി മുതല്‍ ധര്‍മ്മാശാസ്താക്ഷേത്രം.ശബരിമല ക്ഷേത്രത്തിന്‍റെ പേര് അയ്യപ്പക്ഷേത്രം എന്നാക്കിയ ക‍ഴിഞ്ഞ ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം റദ്ദുചെയ്തു.ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന പകരം വ്യവസ്ഥ സംവിധാനം നിറുത്തലാക്കാനും ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.ശബരിമലയിലെ റോപ് വെയുടെ നിര്‍മ്മാണം എത്രയുംവേഗം ആരംഭിക്കാനും ദേവസ്വം ആസ്ഥാനത്ത് നടന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു.

ശബരിമല ക്ഷേത്രത്തിന് നൂറ്റാണ്ടുകളായി ഉള്ള പേരാണ് ശബരിമല ധര്‍മ്മശാസ്താക്ഷേത്രം എന്നത്.എന്നാല്‍ ഈ പേര് മാറ്റി ശബരിമല അയ്യപ്പക്ഷേത്രമെന്ന് ക്ഷേത്രത്തിന് പുനനാമകരണം നടത്തിയത് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്‍റായിരുന്ന ക‍ഴിഞ്ഞ ദേവസ്വം ബോര്‍ഡാണ്.ഇതിനെതിരെ അന്നത്തെ ബോര്‍ഡ് അംഗം രാഘവന്‍ വിയോജനകുറിപ്പും നല്‍കിയിരുന്നു.ബോര്‍ഡിന്‍റെ ഈ തീരുമാനം ഏറെ വിവാദങ്ങള്‍ക്കും ‍വ‍ഴിവെച്ചു.ഈ സാഹചര്യത്തിലാണ് ക്ഷേത്രത്തിന്‍റെ പേര് മാറ്റിയ ക‍ഴിഞ്ഞ ബോര്‍ഡിന്‍റെ തീരുമാനം റദ്ദ് ചെയ്യാന്‍ പുതിയ ദേവസ്വംബോര്‍ഡിന്‍റെ യോഗം ഏകകണ്ഠേന തീരുമാനമെടുത്തത്.

ദേവസ്വം ക്ഷേത്രങ്ങളിലുള്ള ജീവനക്കാരുടെ പകരം വ്യവസ്ഥ സംവിധാനം നിറുത്തലാക്കാനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.ഇതിലൂടെ പ്രതിവര്‍ഷം 30 മുതല്‍ 40 ലക്ഷം രൂപവരെ ബോര്‍ഡിന് ലാഭിക്കാനാകുമെന്നും പ്രസിഡന്‍റ് പറഞ്ഞു.ശബരിമല റോപ് വെയുടെ നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കും.

ഇതിനായുള്ള ജോയിന്‍റ് സര്‍വ്വെ അവസാനഘട്ടത്തിലാണ്.പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള 4 കിലോമീറ്റര്‍ ദൂരത്തിലാണ് സാധനങ്ങള്‍ കൊണ്ടുപോകാനായി റോപ് വെ നിര്‍മ്മിക്കുക.ദേവസ്വം ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുകയും ഭക്തര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന ചന്ദനം,ഭസ്മം,പനിനീര്‍ എന്നിവയുടെ ഗുണനിലവാരവും ആക്ഷേപവും പരിശോധിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തിയതായും പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഹൈന്ദവ ധര്‍മ്മം തന്നെ മതപാഠശാലകളില്‍ പഠിപ്പിക്കണം.മതപാഠശാലക്കള്‍ക്കായി പ്രത്യേകം സിലബസ് തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.ബോര്‍ഡ് അംഗങ്ങളായ ശങ്കരദാസ്.രാഘവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News