പ്രദേശാതീതമായി കേരള ഭരണം മാറുന്നതിന്റെ ആദ്യ ചുവടുവയ്പാണ് ലോക കേരള സഭ; ജനുവരി 12, 13 തിയതികളിൽ ചേരുന്ന കേരള സഭയെക്കുറിച്ച്

പ്രവാസികളോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനോടൊപ്പം പ്രവാസത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ചുവടുവയ്പാണ് ലോക കേരളസഭ. സഭയുടെ ആദ്യ സമ്മേളനം 12നും 13നും സംസ്ഥാന നിയമസഭാ മന്ദിരത്തില്‍ നടക്കും. നവീനവും ഇതുവരെ പ്രയോഗത്തില്‍ വന്നിട്ടില്ലാത്തതുമായ ആശയം എന്ന നിലയില്‍ പ്രവാസികള്‍ക്കും മറ്റ് കേരളീയര്‍ക്കും പ്രസ്തുത സഭയെപ്പറ്റി നിരവധി സംശയങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

എന്തുകൊണ്ട് ലോക കേരളസഭ?
കേരളം ഏറെ ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമാണ്. പക്ഷേ, കേരളത്തില്‍ ജനാധിപത്യകമ്മി അനുഭവപ്പെടുന്നതും ജനാധിപത്യവല്‍ക്കരണ പ്രക്രിയയെ ഏറെ മുന്നോട്ട് കൊണ്ടുപോകേണ്ടതുമായ ഒരു രംഗമാണ് പ്രവാസികളുടെ ഭരണാധികാര പങ്കാളിത്തം. സംസ്ഥാനത്തിന്റെ ഔപചാരിക അതിര്‍ത്തി വിട്ടുപോയി ജീവിതം കണ്ടെത്തുന്നവര്‍ക്ക് കേരള ഭരണത്തില്‍ ഒരു പങ്കാളിത്തവും ഇല്ല. കേരളം സംസ്ഥാനാതിര്‍ത്തികള്‍ പിന്നിട്ട് ലോകമെമ്പാടും വളര്‍ന്നു പന്തലിച്ചെങ്കിലും കേരള ഭരണവും അധികാരവും ഇപ്പോഴും സമ്പൂര്‍ണമായും പ്രദേശ കേന്ദ്രീകൃതമായി തുടരുകയാണ്. ഈ കുറവ് പരിഹരിക്കുകയാണ് ലോക കേരളസഭ ലക്ഷ്യമിടുന്നത്.

പ്രവാസി ഭാരതീയ ദിവസ് പോലെയുള്ള സമ്മേളനമാണോ ലോക കേരളസഭ?
അല്ല. പ്രവാസി ഭാരതീയ ദിവസ് പോലെയുള്ള സമ്മേളനങ്ങള്‍ ലോകത്ത് പല രാജ്യങ്ങളും സംഘടിപ്പിക്കാറുണ്ട്. കൂടാതെ, ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളായ ഗുജറാത്ത്, പഞ്ചാബ്, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയവയും വര്‍ഷംതോറും അവരുടെ പ്രവാസികള്‍ക്കായി സമ്മേളനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഇതില്‍ പലതും സര്‍ക്കാര്‍ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. പക്ഷേ, ഇത്തരം പരിപാടികള്‍ ഒരു ഒത്തുകൂടലിന്റെ തലത്തില്‍മാത്രം ഒതുങ്ങുന്നു. അവാര്‍ഡ് ദാനവും കലാപരിപാടികളും നിക്ഷേപക സാധ്യതകളുടെ ചര്‍ച്ചയുമാണ് ഇത്തരം സമ്മേളനങ്ങളിലെ പതിവ് അജന്‍ഡ. എന്നാല്‍, ലോക കേരളസഭ ഇതില്‍നിന്നൊക്കെ വ്യത്യസ്തമാണ്. സംസ്ഥാന നിയമസഭാ അംഗങ്ങള്‍ക്കു പുറമെ പുറംകേരളത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള പ്രതിനിധികളെക്കൂടി ഉള്‍ക്കൊള്ളുന്ന ഒരു മഹാസഭയാണിത്. ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റംവരുത്താതെ ലോക കേരളസഭയ്ക്ക് നിയമപരമായ സാധുത ഉണ്ടാകില്ല. മാത്രമല്ല, നിയമനിര്‍മാണത്തിനോ നിയമം നടപ്പാക്കുന്നതിനോ അധികാരം ഉണ്ടാകില്ല. പക്ഷേ, വിശാല കേരളത്തെ ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ സഭ വേദിയാകും. രണ്ടു ദിവസത്തെ പരിപാടികള്‍, കേരള നിയമസഭയിലെ സഭാനടപടികള്‍ക്ക് അനുസൃതമായാണ് നടക്കുന്നത്. ഗൌരവമേറിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള വേദികൂടിയാണ് പ്രസ്തുത സഭ. സമ്മേളനത്തിനൊടുവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കേണ്ട വിഷയങ്ങളില്‍ വിശദവും മൂര്‍ത്തവുമായ ഉപദേശനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതാണ് ഒന്നാം ലോക കേരളസഭയുടെ പ്രധാന കര്‍ത്തവ്യം. ഒരു സമ്മേളനമെന്നതിലുപരി ഒരു ലോക കേരള പാര്‍ലമെന്റ് എന്ന നിലയ്ക്കുവേണം ഓരോ കേരളീയനും ലോക കേരളസഭയെ സമീപിക്കാന്‍.

ജിം, എമര്‍ജിങ്കേരള തുടങ്ങിയവപോലെയുള്ള നിക്ഷേപക പ്രോത്സാഹന പരിപാടിയാണോ?
ലോക കേരളസഭ ഒരു നിക്ഷേപക സംഗമമല്ല. പ്രവാസികളായ സഭാ അംഗങ്ങളില്‍ നിക്ഷേപകരും വ്യവസായികളും മാത്രമല്ല ഉള്‍പ്പെടുന്നത്. വിദഗ്ധ, അവിദഗ്ധ തൊഴിലാളികളുള്‍പ്പെടെ പ്രവാസ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവര്‍ അംഗങ്ങളായിരിക്കും. പ്രവാസികളോടുള്ള സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുക എന്ന കടമയാണ് ഏറ്റവും പ്രധാനമായി ഈ സഭയിലൂടെ നടപ്പാകുന്നത്. രണ്ടാമതായി മാത്രമേ പ്രവാസത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാനുള്ള ശ്രമം നടത്തൂ. എന്നിരുന്നാലും സഭയിലെ പ്ളീനറി സെഷന്‍സിനു പുറമെ നടക്കുന്ന വിഷയമേഖലകള്‍ അടിസ്ഥാനമാക്കിയ ചര്‍ച്ചകളില്‍ നിക്ഷേപക സാധ്യതകളും പരിഗണിക്കാവുന്നതാണ്.

ആരൊക്കെയാണ് ഈ സഭയിലെ അംഗങ്ങള്‍?
ലോക കേരളസഭയുടെ അംഗബലം 351 ആയിരിക്കും. കേരളത്തില്‍നിന്നുള്ള മുഴുവന്‍ നിയമസഭാ അംഗങ്ങളും (141) കേരളീയരായ മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളും (33) സഭയില്‍ അംഗങ്ങളായിരിക്കും. ബാക്കി വരുന്ന 177 അംഗങ്ങള്‍ പുറംകേരളത്തെ പ്രതിനിധാനംചെയ്യുന്നു. അതില്‍ 99 പേര്‍ ഇന്ത്യക്ക് പുറത്തുള്ള പ്രവാസികളും 42 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരുമാണ്. കൂടാതെ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരില്‍നിന്ന് ആറുപേരെയും വിവിധ വിഷയമേഖലകളില്‍നിന്നുള്ള 30 പ്രമുഖ വ്യക്തികളെയും അംഗങ്ങളായി പരിഗണിക്കുന്നു.

ഇന്ത്യന്‍ പൌരന്മാരല്ലാത്തവരെ സഭയിലെ അംഗങ്ങളായി പരിഗണിക്കുന്നുണ്ടോ?
ഇല്ല. ലോക കേരളസഭാ അംഗത്വം ഇന്ത്യന്‍ പൌരന്മാര്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. സഭയ്ക്ക് ഭാവിയില്‍ ഭരണഘടനാപരമായ അധികാരം ലഭിക്കുകയാണെങ്കില്‍ അംഗങ്ങളുടെ പൌരത്വം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം. വളരെ ശൈശവദശയിലുള്ള ഒരു ആശയം എന്ന നിലയ്ക്ക് ഇത്തരം മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. പക്ഷേ, പൌരത്വം ഇല്ലാത്ത കേരളീയരില്‍ പ്രമുഖരെ നിരീക്ഷകര്‍ എന്ന നിലയ്ക്ക് സഭാനടപടികളില്‍ പങ്കെടുപ്പിക്കുന്നുണ്ട്.

അംഗങ്ങളുടെ തെരഞ്ഞെടുപ്പ് എങ്ങനെയാണ്?
ജനപ്രതിനിധികള്‍ ഒഴിച്ചുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് വളരെ ക്ളേശകരവും നിരവധി പരാതികള്‍ക്ക് ഇടവരുത്താനും സാധ്യതയുള്ള ഒരു പ്രക്രിയയാണ്. ആദ്യ ലോക കേരളസഭയിലെ 177 അംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുകയാണ്. ആദ്യ സഭ ആയതിനാലും കൃത്യമായ വിവരശേഖരണത്തിന്റെ അഭാവം ഉള്ളതുകൊണ്ടും ഇലക്ഷന്‍ നടത്തിയുള്ള ഒരു തെരഞ്ഞെടുപ്പ് നിലവില്‍ അസാധ്യമാണ്. ആയതിനാല്‍ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഓരോ ഭൂപ്രദേശത്തിനും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ലോക കേരളസഭയുടെ വെബ്സൈറ്റുവഴി ലഭിച്ച നാമനിര്‍ദേശങ്ങളും അന്വേഷണത്തിലൂടെ കണ്ടെത്തിയ വ്യക്തിത്വങ്ങളെയും പരിഗണിച്ചാണ് പ്രതിനിധികളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിട്ടുള്ളത്.

ഇതൊരു സ്ഥിരം സംവിധാനമാണോ?
ലോക കേരളസഭ സ്ഥിരം സഭയായിരിക്കും. കാലാവധി തീരുന്ന അംഗങ്ങളുടെ സ്ഥാനത്ത് പുതിയ അംഗങ്ങള്‍ വരും. സഭ കുറഞ്ഞത് രണ്ടുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരുന്നതാണ്. ഇതിനോട് അനുബന്ധമായി ഒരു സ്ഥിരം സെക്രട്ടറിയറ്റും മറ്റ് ഓഫീസ് സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നതാണ്.

സഭയില്‍ നടക്കുന്ന പരിപാടികള്‍ എന്തൊക്കെയാണ്?
രണ്ടു ദിവസമാണ് ആദ്യ ലോക കേരളസഭ സമ്മേളനം നടക്കുന്നത്. പ്ളീനറി സെഷനുകളില്‍ ലോക കേരളസഭയുടെ ലക്ഷ്യങ്ങളും സാധ്യതകളും മറ്റും ചര്‍ച്ച ചെയ്യും. ഇതു കൂടാതെ വിഷയമേഖല അടിസ്ഥാനത്തിലുള്ള സമാന്തര യോഗങ്ങളും ഉണ്ടാകും. ഈ യോഗങ്ങളില്‍ സഭയിലെ അംഗങ്ങളോടൊപ്പം അതത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇത്തരം ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ കേന്ദ്ര, കേരള സര്‍ക്കാരുകളുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കും.

ഇത്തരം സഭ ലോകത്ത് എവിടെയെങ്കിലും നിലവിലുണ്ടോ?
ഫ്രഞ്ചുകാര്‍ പ്രവാസി സമൂഹത്തിനായി പ്രത്യേക സീറ്റുകള്‍ ഫ്രഞ്ച് പാര്‍ലമെന്റില്‍ അനുവദിച്ചിട്ടുണ്ട്. ഫ്രാന്‍സിനു പുറത്ത് പണിയെടുക്കുകയും ജീവിക്കുകയും ചെയ്യുന്ന ഫ്രഞ്ച് പൌരന്മാര്‍ക്ക് ഫ്രഞ്ച് പാര്‍ലമെന്റില്‍ 11 സീറ്റ്/ നിയോജകമണ്ഡലം ഉണ്ട്. അതുപോലെ അയര്‍ലന്‍ഡ്, ഹെയ്തിപോലെയുള്ള രാജ്യങ്ങളും സമാനമായ രീതിയില്‍ പ്രവാസികള്‍ക്ക് ഭരണത്തില്‍ പ്രാതിനിധ്യം ഉണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റിലോ കേരള അസംബ്ളിയിലോ പ്രവാസി നിയോജകമണ്ഡലങ്ങള്‍ അനുവദിച്ച് പ്രതിനിധികളെ തെരഞ്ഞെടുക്കണം എന്നത് നിലവിലെ സ്ഥിതിയില്‍ അസാധ്യമാണ്. പക്ഷേ, നിലവിലെ ഇന്ത്യന്‍ നിയമങ്ങള്‍ക്കുള്ളില്‍നിന്നുകൊണ്ട് ഒരു സംസ്ഥാനത്തിന് ചെയ്യാന്‍ കഴിയുന്ന ആദ്യത്തെ സംരംഭമാണ് ലോക കേരളസഭ.

എന്താണ് ഈ സഭയുടെ ഭാവി സാധ്യതകള്‍?
പ്രദേശാതീതമായി കേരള ഭരണം മാറുന്നതിന്റെ ആദ്യ ചുവടുവയ്പായി ലോക കേരളസഭയെ കണക്കാക്കാം. വ്യക്തമായ ഡാറ്റ തയ്യാറാക്കി ഇലക്ഷനിലൂടെ പ്രവാസികളെ തെരഞ്ഞെടുക്കുക, സഭയുടെ ഘടനയില്‍ വ്യക്തത വരുത്തുക, സഭയ്ക്ക് കൂടുതല്‍ അധികാരവും നിയമനിര്‍മാണം നടത്താനുള്ള ചുമതലയും ലഭ്യമാക്കുക എന്നതൊക്കെയാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നടപ്പാക്കേണ്ടത്. ലോക കേരളസഭ ഇത്തരം ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്റെ ഒരു തുടക്കമായി കണക്കാക്കാം *

(സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ ഗവേഷണ വിദ്യാര്‍ഥിയായ അഖില്‍ സി എസിന്‍റെ ലേഖനം )

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News