ട്രംപിന്‍റെ പ്രകോപനത്തിന് പലസ്തീന്‍റെ മറുപടി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രകോപനപരമായ വെല്ലുവിളിക്ക് പലസ്തീന്റെ ചുട്ടമറുപടി. പലസ്തീനുള്ള സാമ്പത്തികസഹായം നിര്‍ത്തുമെന്ന ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണ് പലസ്തീന്‍ തങ്ങളുടെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ജറുസലേം വില്‍പ്പനയ്ക്കുള്ളതല്ലെന്ന് പലസ്തീന്‍ തുറന്നടിച്ചു. ‘ജറുസലേം പലസ്തീന്റെ തലസ്ഥാനമാണ്. സ്വര്‍ണമോ ശതകോടികളോകൊണ്ട് തൂക്കിവാങ്ങാനാകുന്നതല്ല അത്. ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ എതിരല്ല. എന്നാല്‍, അത് അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങളും പിന്തുടര്‍ന്നുകൊണ്ടാകണം. പലസ്തീന്‍ സ്വതന്ത്രരാജ്യമാകുമ്പോള്‍ കിഴക്കന്‍ ജറുസേലം തലസ്ഥാനമായിരിക്കും’- പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു റുദീന പറഞ്ഞു.

തങ്ങളെ ബ്ളാക്ക്മെയില്‍ ചെയ്യാനാകില്ലെന്ന് മുതിര്‍ന്ന പലസ്തീന്‍ നേതാവ് ഹനന്‍ അഷ്റാവി പ്രസ്താവനയില്‍ പറഞ്ഞു. സമാധാനത്തിനും സ്വാതന്ത്യ്രത്തിനും നീതിക്കുംവേണ്ടിയുള്ള തങ്ങളുടെ പരിശ്രമത്തെ അമേരിക്കന്‍ പ്രസിഡന്റ് അട്ടിമറിച്ചു. നിരുത്തരവാദപരമായ സ്വന്തം ചെയ്തികളുടെ പ്രത്യാഘാതത്തിന് പലസ്തീനെ കുറ്റപ്പെടുത്താനാണ് ഇപ്പോള്‍ ട്രംപ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കോടിക്കണക്കിനു ഡോളര്‍ പലസ്തീന് അമേരിക്ക നല്‍കുന്നുണ്ടെന്നും ഇസ്രയേലുമായി സമാധാനകരാറിലെത്തിയില്ലെങ്കില്‍ ഇത് റദ്ദാക്കുമെന്നുമാണ് കഴിഞ്ഞദിവസം ട്രംപ് ഭീഷണി മുഴക്കിയത്. ‘പാകിസ്ഥാനുമാത്രമല്ല, നിരവധി രാജ്യങ്ങള്‍ക്ക് അമേരിക്ക പണം നല്‍കുന്നുണ്ട്. പലസ്തീന് നൂറുകണക്കിനു കോടി ഡോളര്‍ നല്‍കുന്നു. എന്നിട്ടും അവരില്‍നിന്ന് ആദരവോ പ്രശംസയോ ലഭിക്കുന്നില്ല. ഇസ്രയേലുമായി സമാധാന കരാറിലെത്താന്‍ കഴിയില്ലെങ്കില്‍ എന്തിന് പലസ്തീന് പണം നല്‍കണം’- ട്വീറ്റില്‍ ട്രംപ് കുറ്റപ്പെടുത്തി. ട്രംപിന്റെ ട്വീറ്റിനെ സ്വാഗതംചെയ്ത് നിരവധി ഇസ്രയേലി മന്ത്രിമാര്‍ രംഗത്തെത്തി.

മുപ്പതു കോടിയിലേറെ ഡോളറിന്റെ വാര്‍ഷിക സഹായം റദ്ദാക്കിയാല്‍ പലസ്തീനെ സമ്മര്‍ദത്തിലാക്കി തങ്ങളുടെ വരുതിക്ക് നിര്‍ത്താമെന്നാണ് ട്രംപ് ലക്ഷ്യമിട്ടത്. എന്നാല്‍, ഭീഷണിക്ക് വഴങ്ങുന്ന പ്രശ്നമില്ലെന്ന് പലസ്തീന്‍ തുറന്നടിച്ചത് അമേരിക്കയ്ക്ക് മുഖത്തേറ്റ പ്രഹരമായി. ഡിസംബര്‍ ആറിന് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി വിശേഷിപ്പിച്ച ട്രംപിന്റെ നടപടി ലോകവ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇസ്രയേലി പക്ഷപാതിത്വം ട്രംപ് തുറന്നു സമ്മതിച്ചതിനാല്‍ ഇനി പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളില്‍ അമേരിക്ക ഇടപെടേണ്ടതില്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചിരുന്നു. തങ്ങളുടെ അമേരിക്കയിലെ സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചുവിളിക്കുകയും ചെയ്തു. ട്രംപിന്റെ നിലപാടിനെ ഐക്യരാഷ്ട്രസഭ തള്ളിയതും അമേരിക്കയ്ക്ക് തിരിച്ചടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News