2017 ലെ പുനലൂര്‍ ബാലന്‍ കവിതാ പുരസ്‌കാരം പ്രഖ്യാപിച്ചു; എന്‍ പി ചന്ദ്രശേഖരന്‍റെ ‘മറവിതന്‍ ഓര്‍മ്മ’യ്ക്ക് പുരസ്കാരം

കൈരളിയുടെ കാവ്യബോധത്തിന് നിത്യവസന്തം നല്‍കിയ കവി പുനലൂര്‍ ബാലന്റെ സ്മരണയ്ക്കായി ജനകീയ കവിതാ വേദി ഏര്‍പ്പെടുത്തിയ പുനലൂര്‍ ബാലന്‍ കവിതാ പുരസ്‌കാരം 2017 ന് കവിയും മാധ്യമപ്രവര്‍ത്തകനുമായ എന്‍ പി ചന്ദ്രശേഖരന്‍ അര്‍ഹനായി.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മറവിതന്‍ ഓര്‍മ്മ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മലയാള കവിതയില്‍ ശബ്ദഘോഷങ്ങളില്ലാത്ത സാന്നിധ്യമായ എന്‍ പി ചന്ദ്രശേഖരന്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണിത്.

മലയാള കവിതിയിലെ പുതിയ പത്ത് പ്രതിനിധാനങ്ങളെ തിരഞ്ഞെടുത്ത് 2016 ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രന്ഥപരമ്പരയില്‍ ഉള്‍പ്പെട്ട് പുറത്തുവന്ന സമാഹാരവുമാണിത്. കേവലം തലക്കെട്ടുകളോ തലേക്കെട്ടുകളോ ആയി ചുരുങ്ങാത്ത കവിതകളാണ് ചന്ദ്രശേഖരന്‍റേത്.

കവിതയെ പുതിയ വിതാനത്തിലേക്കുയര്‍ത്തുന്ന ചിറകുകളുള്ള കവിത. ഉഗ്രമായ ഊര്‍ജ്ജം ഒളിഞ്ഞിരിക്കുന്ന അവ പലതരത്തിലുള്ള പരായാണ സാധ്യതകള്‍ തുറന്നിടുന്നു. അധികാരം അദൃശ്യമാകുന്നതിന് ദൃശ്യമാക്കുന്ന ദൗത്യം കൂടി അവ നിര്‍വ്വഹിക്കുന്നു.

2015 ല്‍ ജനകീയ കവിതാ വേദി ഏര്‍പ്പെടുത്തിയ പ്രഥമ പുനലൂര്‍ ബാലന്‍ പുരസ്‌കാരം ബാബു പാക്കനാര്‍ക്കാണ് ലഭിച്ചത്. 2016 ല്‍ ജി സുധാകരനായിരുന്നു പുരസ്‌കാരം ലഭിച്ചത്.

ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ചെയര്‍മാനും ബാബു പാക്കനാര്‍, വിനോദ് വൈശാഖി, കവിതാ വേദി പ്രസിഡന്റ് കെ കെ ബാബു, വൈസ് പ്രസിഡന്റ് ഡോ. ഷേര്‍ളി ശങ്കര്‍, സെക്രട്ടറി രമാ ബാലാചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

10001 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരിയില്‍ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വെച്ച് കവിതാ വേദിയുടെ ഏഴാമത് വാര്‍ഷികത്തോടനുബന്ധിച്ച് പുരസ്‌കാരം സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here