ശ്രദ്ധിച്ചേ മതിയാകു; ഇല്ലെങ്കില്‍ പ്രമേഹം നിങ്ങളെയും കൊണ്ടങ്ങ് പോകും; ജിവിതശൈലിയില്‍ ഈ മാറ്റങ്ങള്‍ പരീക്ഷിച്ചാല്‍ രക്ഷ

മനുഷ്യ ജീവനുതന്നെ അപകടമുയര്‍ത്തുന്ന രോഗമാണ് പ്രമേഹം. ലോകം വീണ്ടുമൊരു പ്രമേഹ ദിനത്തിലെത്തി നില്‍ക്കുമ്പോള്‍ ശക്തമായ പ്രതിരോധമുയര്‍ത്തേണ്ട ആവശ്യകതയാണ് ചര്‍ച്ചയാകുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. പാന്‍ക്രിയാസ് ഗ്രന്ഥിയാണ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നത്.

ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരുകയോ ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം എന്ന് വിളിക്കുന്നത്.

കുറച്ചുകൂടി ലളിതമാക്കിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയിരിക്കുന്ന അവസ്ഥയാണ് പ്രമേഹം. ലോകമാകമാനം പ്രമേഹത്തിനെതിരെയുള്ള പോരാട്ടം ശക്തമാവുകയാണ്.

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ പ്രമേഹബാധിതര്‍ ഉള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇതില്‍ത്തന്നെ പ്രമേഹബാധിതരില്‍ ഏറെയും സ്ത്രീകളാണ് എന്നതാണ് വാസ്തവം.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഗര്‍ഭകാലത്തെ പ്രമേഹമാണ് ഏറ്റവും വലിയ ഭീഷണി. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ തുടര്‍ന്നും പ്രമേഹം ഉണ്ടാവുമെന്ന് മാത്രമല്ല കുഞ്ഞുങ്ങള്‍ക്കും പ്രമേഹമുണ്ടാകുവാനുള്ള സാധ്യതയും കുറവല്ല.

സ്ത്രീകളും പ്രമേഹവുമെന്നതാണ് ഈ വര്‍ഷത്തെ പ്രമേഹദിനത്തിന്റെ മുഖ്യപ്രമേയം. നമ്മുടെ ജീവിതശൈലി തന്നെയാണ് പ്രമേഹത്തെ വിളിച്ചുവരുത്തുന്ന പ്രധാനഘടകം.

ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ പ്രമേഹത്തെ ഒരു പരിധിവരെ പ്രതിരോധിക്കാം എന്നതാണ് വാസ്തവം. കൊഴുപ്പുകൂടിയ ഭക്ഷണം, ശീതളപാനീയങ്ങള്‍, ഫാസ്റ്റ്ഫുഡ്, മധുരപലഹാരങ്ങള്‍ ഇത് കഴിയുന്നത്ര ഒഴിവാക്കുകയെന്നതാണ് ആദ്യ പാഠം.

വ്യായാമം ചെയ്യുക മാനസിക പിരിമുറുക്കമൊഴിവാക്കുക എന്നിവയാണ് രണ്ടാമത്തെ പാഠം. കഴിക്കുന്ന ഭക്ഷണവും ശരീരാധ്വാനവും തമ്മിലുള്ള അനുപാതം നിലനിര്‍ത്താന്‍ സാധിച്ചാല്‍ പ്രമേഹത്തിന്റെ പിടിയില്‍നിന്നും ഒരു പരിധിവരെ രക്ഷപെടാന്‍ സാധിക്കും.

ഇന്ത്യയില്‍ നിലവില്‍ 7 കോടി ജനങ്ങള്‍ക്ക് പ്രമേഹമുണ്ട് എന്നാണ് കണക്ക്. 2040 ആകുമ്പോഴേയ്ക്കും ഇത് 10 കോടി കവിയുമെന്നാണ് അനുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here