രാജ്യസഭയില്‍ മൂത്തലാഖ് ബില്‍ പാസ്സാക്കാനാകാതെ പാര്‍ലമെന്റിന്റ ശൈത്യകാല സമ്മേളനം അവസാനിച്ചു. ബില്‍ സെലക്ട് കമ്മറ്റിക്ക് വിടുന്നതിനെച്ചൊല്ലി ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് രാജ്യസഭയ്ക്ക് ബില്‍ പരിഗണിക്കാന്‍ കഴിയാതിരുന്നത്.സഭാനടപടികള്‍ തടസ്സപ്പെടുന്നതില്‍ രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അതൃപ്തി അറിയിച്ചു.

മൂന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പാക്കിസ്ഥാന്‍ പരാമര്‍ശത്തെ തുടര്‍ന്ന് ബഹളത്തില്‍ തുടങ്ങിയ ശൈത്യകാല സമ്മേളനം മുത്തലാഖ് ബില്ലിലുള്ള ഏറ്റുമുട്ടലോടെയാണ് അവസാനിച്ചത്.13 ദിവസം നീണ്ടു നിന്ന ശൈത്യകാലസമ്മേളനത്തില്‍ ബാങ്കിങ്ങ് പാപ്പരത്ത നിയമബേദഗതി ബില്‍ ഉള്‍പ്പെടെ 3 ബില്ലുകള്‍ മാത്രമാണ് ഇരുസഭകളിലും പാസ്സായത്. പതിനാല് ബില്ലുകള്‍ ലോക്‌സഭയും ഒമ്പത് ബില്ലുകള്‍ രാജ്യസഭയും പാസ്സാക്കി.

ഒറ്റയടിക്ക് മൂന്നുതവണ തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസ്സാക്കിയെങ്കിലും പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ പോലുമായില്ല.

ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷവും അതിന് തയ്യാറല്ലെന്ന നിലപാടില്‍ ഭരണപക്ഷവും ഉറച്ച് നിന്നതോടെയാണ് ബില്‍ പരിഗണിക്കാന്‍ കഴിയാതെ വന്നത്.ഭരണ പ്രതിപക്ഷ വാക്‌പോരിനെ തുടര്‍ന്ന് രണ്ട് ദിവസങ്ങളില ബില്ലവതരണം തടസ്സപ്പെട്ടു.ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രമേയം പമേയം പ്രതിപക്ഷം അവതരിപ്പിച്ചതോടെ വെട്ടിലായ ഭരണപക്ഷം പ്രമേയം വോട്ടിനിടാതിരിക്കാന്‍ നടപടികള്‍ തടസ്സപ്പെടുത്തും വിധം ബഹളം വച്ചു.

എന്‍ ഡി എ സഖ്യകക്ഷയായ തെലുങ്കു ദേശം പാര്‍ട്ടി ഉള്‍പ്പെടെ ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടതോടെ ഭരണപക്ഷത്തെ ഭിന്നിപ്പും പ്രതിപക്ഷ ഐക്യവുമാണ് സഭയില്‍ കണ്ട്ത്.ബഹളത്തില്‍ മുങ്ങി സഭാനടപടികള്‍ തടസ്സപ്പെടുന്നതില്‍ രാജ്യസഭയില്‍ നടത്തിയ ഉപസംഹാരപ്രസംഗത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അതൃപ്തി അറിയിച്ചു.