ദക്ഷിണാഫ്രിക്ക 286 ന് പുറത്ത്; തിരിച്ചടിച്ച് ആഫ്രിക്കന്‍ ബൗളര്‍മാര്‍; ഇന്ത്യന്‍ മുന്‍നിരയും തകര്‍ന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഗംഭിര തുടക്കമാണ് ലഭിച്ചത്. ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി.

നാല് വിക്കറ്റുമായി തകര്‍ത്തെറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു. സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സില്‍ 286 റണ്‍സിന് പുറത്തായി.

അര്‍ധ സെഞ്ചുറി നേടിയ നായകന്‍ ഫാഫ് ഡുപ്ലെസിസും മുന്‍ നായകന്‍ എ ബി ഡിവില്ലേ‍ഴ്സുമാണ് ആതിഥേയര്‍ക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.

അതേസമയം മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ മുന്‍നിരയും തകര്‍ന്നു. സ്കോര്‍ ബോര്‍ഡില്‍ 18 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ കൂടാരം കയറി. മുരളി വിജയ് 1 ഉം ശിഖര്‍ ധവാന്‍ 16 ഉം റണ്‍സാണ് നേടിയത്.

നായകന്‍ വിരാട് കൊഹ്ലിയും പുറത്തായത് ഇന്ത്യക്ക് വന്‍ തിരിച്ചടിയായിട്ടുണ്ട്. 5 റണ്‍സ് നേടിയാണ് നായകന്‍ പുറത്തായത്.

നേരത്തെ തകര്‍പ്പന്‍ സ്വിംഗില്‍ പന്തെറിഞ്ഞ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ഓപ്പണര്‍ എല്‍ഗറിനെ റണ്ണൊന്നും എടുക്കാനനുവദിക്കാതെയാണ് ഭുവി മടക്കിയത്.

തൊട്ടു പിന്നാലെ അഞ്ച് റണ്‍ നേടിയ മറ്റൊരു ഓപ്പണര്‍ മാര്‍ക്രാമിനെയും ഭുവി മടക്കി. ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വിശ്വസ്തനായ ഹഷിം ആംലയേയും ഭുവി മടക്കിയതോടെ ഇന്ത്യന്‍ പടയോട്ടത്തിനായിരുന്നു ആദ്യ മണിക്കൂറുകളില്‍ ആഫ്രിക്കന്‍ മണ്ണ് സാക്ഷിയാകുന്നത്.

13 റണ്‍സ് നേടുന്നതിനിടയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ആതിഥേയരെ മുന്‍ നായകനും സ്റ്റാര്‍ ബാറ്റ്സ്മാനുമായ എ ബി ഡിവില്ലേ‍ഴ്സും നായകന്‍  ഫാഫ് ഡുപ്ലസീസും ചേര്‍ന്ന മാന്യമായ നിലയിലേക്കെത്തിച്ചു.

നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഡിവില്ലേ‍ഴ്സ് ഡുപ്ലെസീസ് സഖ്യത്തെ ബുംമ്ര പൊളിച്ചു.  ഏകദിന ശൈലിയില്‍ ബാറ്റു വീശി അര്‍ധ സെഞ്ചുറികുറിച്ച ഡിവില്ലേ‍ഴ്സിനെയാണ് ബുംമ്ര വീ‍ഴ്ത്തിയത്. 65 റണ്‍സ് നേടിയാണ് എബിഡി പുറത്തായത്.

പിന്നാലെ അര്‍ധ സെഞ്ചുറി നേടിയ നായകന്‍ ഡുപ്ലെസിസീനെ പാണ്ഡ്യയും പറഞ്ഞയച്ചതോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി.

ആറാം വിക്കറ്റില്‍ ക്വിന്‍റണ്‍ ഡിക്കോക്ക് മികച്ച പ്രകടനം നടത്താന്‍ ശ്രമിച്ചെങ്കിലും ഭുവി ആഞ്ഞടിച്ചു. 43 റണ്‍സ് നേടിയ ഡിക്കോക്കിനെ സാഹയുടെ കൈകളിലെത്തിച്ച ഭുവി നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കി. വാലറ്റത്തെ അശ്വിനും കടപു‍ഴകിയതോടെയാണ് ആഫ്രിക്കന്‍ സ്കോര്‍ 286 ല്‍ ഒതുങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News