എട്ട് മാസം ഗര്‍ഭിണിയായ യുവതിക്ക് സീറ്റ് നല്‍കാന്‍ ആരു തയ്യാറായില്ലല്ലോ; ഒരാളെങ്കിലും സഹാനുഭൂതി കാട്ടിയിരുന്നെങ്കില്‍ അവള്‍ മരിക്കില്ലായിരുന്നു; നാഷിദയുടെ ഭര്‍ത്താവ് കണ്ണീരോടെ ചോദിക്കുന്നു

കോട്ടയം: ഓടികൊണ്ടിരുന്ന ബസില്‍ നിന്നും ഗര്‍ഭിണിയായ യുവതി തെറിച്ച് വീണ് മരിച്ച വാര്‍ത്ത ഏവരേയും ഞെട്ടിച്ചിരുന്നു. നാഷിദ എന്ന യുവതിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

ഇപ്പോഴിതാ കണ്ണീര്‍ കലര്‍ന്ന ചോദ്യങ്ങളാണ് ഭര്‍ത്താവ് ഉയര്‍ത്തുന്നത്. എട്ട് മാസം ഗര്‍ഭിണിയായിരുന്ന യുവതി ബസില്‍ കയറിയിട്ടും ഒരാള്‍ പോലും എഴുന്നേറ്റ് മാറി സീറ്റ് നല്‍കാന്‍ തയ്യാറായിരുന്നില്ല. ഈ സാമൂഹ്യാവസ്ഥയുടെ മുഖത്തടിക്കുന്ന ചോദ്യമാണ് നാഷിദയുടെ ഭര്‍ത്താവ് താഹ ഉന്നയിക്കുന്നത്.

ആരെങ്കിലും സീറ്റ് ഒഴിഞ്ഞു കൊടുത്തിരുന്നെങ്കില്‍ അത് അവളുടെ അവസാന യാത്ര ആവുമായിരുന്നില്ല. ബസിലെ ഏതെങ്കിലും ഒരാള്‍ക്കെങ്കിലും അവള്‍ക്ക് സീറ്റൊഴിഞ്ഞു കൊടുക്കാനുള്ള മനസുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവള്‍ ജീവനോടെയുണ്ടായിരുന്നേനെ. തന്റെ കുഞ്ഞുങ്ങള്‍ക്ക് അമ്മയെ നഷ്ടപ്പെടില്ലായിരുന്നു. താഹ പറയുന്നു.

മൂന്ന് മക്കളേയും താഹയുടെ കൈകളില്‍ ഏല്‍പ്പിച്ചാണ് നാഷിദ പോയത്. അഞ്ച് കിലോ മീറ്ററിന്റെ യാത്ര മാത്രമാണ് നാഷിദയ്ക്ക് പോകാനുണ്ടായത്. വളവ് തിരിഞ്ഞപ്പോള്‍ ഇവര്‍ പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച നാഷിദയെ അന്നുതന്നെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തിരുന്നു. എന്നാല്‍ ആ കുഞ്ഞിനെ ഒരുനോക്കു കാണാതെയാണ് നാഷിദ യാത്രയായത്.

ഭാര്യയുടെ മരണത്തിന് ബസ്സില്‍ യാത്ര ചെയ്തിരുന്നവരും ഉത്തരവാദികളാണെന്ന് താഹ പറയുന്നു. ഗര്‍ഭിണിയായ തന്റെ ഭാര്യയോട് ഒരാള്‍ പോലും സഹാനുഭൂതി കാട്ടിയില്ല. സ്ത്രീകള്‍പോലും സീറ്റ് നല്‍കി എന്റെ ഭാര്യയെ സഹായിച്ചില്ല. എല്ലാ യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കാനുള്ള ചുമതലയുള്ള ബസ് ഡ്രൈവര്‍മാര്‍ അമിത വേഗത്തില്‍ സഞ്ചരിക്കുന്നതിന്റെ അപകടവും താഹ ചൂണ്ടികാട്ടി.

സഹോദരിക്കും ഇളയ മകള്‍ക്കുമൊപ്പമാണ് നാഷിദ ബസ്സില്‍ കയറിയത്. ബസ്സുകാരുടെ അശ്രദ്ധയും ഡോര്‍ തുറന്നിട്ടതും മരണത്തിന് കാരണമായി. എന്തായാലും ഗര്‍ഭിണി കയറിയിട്ടും ഒരാള്‍ പോലും എണീക്കാന്‍ തയ്യാറായില്ലെന്ന് സമൂഹത്തിന്റെ മാനസികാവസ്ഥ തുറന്നുകാട്ടുന്നതാണ്. ഇനിയെങ്കിലും യാതന അനുഭവിക്കുന്നവരോട് സഹാനുഭൂതി കാട്ടാന്‍ സമൂഹം തയ്യാറാകണമെന്നുകൂടി താഹ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here