ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താനാകുമോ; തെളിവുകള്‍ നിരത്തി സാക്ഷാല്‍ സ്‌നോഡന്‍റെ വെളിപ്പെടുത്തല്‍

രാജ്യത്ത് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ല. പൗരന്റെ സ്വകാര്യതയ്ക്ക് ഒരു ഉറപ്പുമില്ലാത്തതാണ് ആധാര്‍ കാര്‍ഡ് എന്ന വാദം ആദ്യം മുതലെ ഉയര്‍ന്നിട്ടുണ്ട്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും ഇത് സ്ഥിരീകരിക്കുന്നതാണ്. ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതി അന്തിമ വിധി ഇനിയും പുറപ്പെടുവിച്ചിട്ടില്ല.

എന്നാല്‍ ഇതിനകം തന്നെ പല സേവനങ്ങള്‍ക്കും ആധാര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനിടയിലാണ് അഞ്ഞൂറ് രൂപയും പത്ത് മിനിട്ടും നല്‍കിയാല്‍ ആരുടേയും വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പ്രമുഖ മാധ്യമമായ ദി ട്രിബ്രൂണ്‍ ഇന്നലെ പുറത്തുവിട്ടത്.

ഇതിനു പിന്നാലെയാണ് സാക്ഷാല്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ വിഷയത്തില്‍ അഭിപ്രായവുമായി രംഗത്തെത്തിയത്. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ അവകാശവാദം തെറ്റെന്നാണ് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ കൂടിയായ സ്‌നോഡന്‍ വ്യക്തമാക്കുന്നത്.

ആരുടെ ആധാര്‍ വിവരങ്ങളും അനായാസം ചോര്‍ത്താന്‍ കഴിയുമെന്ന് സ്‌നോഡന്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്നും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് റഷ്യയിലെ അജ്ഞാത കേന്ദ്രത്തില്‍ കഴിയുന്ന സ്‌നേഡന്റെ അഭിപ്രായത്തിന് വലിയ പ്രാധാന്യമുണ്ട്.

ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ചോര്‍ത്തിയിരിക്കാമെന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം വിക്കിലീക്‌സ് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇപ്പോള്‍ സ്‌നോഡന്റെ വെളിപ്പെടുത്തല്‍ കൂടിയായതോടെ ആധാറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നവരുടെ ഊര്‍ജ്ജം കൂടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News