മഹാരാഷ്ട്രയിൽ സംഭവിച്ചതെന്ത് – അശോകൻ ചരുവിലിന്റെ വിശകലനം

രണ്ടുനൂറ്റാണ്ടായി ദളിത് ജനത തങ്ങളുടെ ആത്മാഭിമാനത്തിന്റെ വിജയമായി കൊണ്ടാടുന്ന ഒരു ആഘോഷത്തെയാണ് ഹിന്ദുത്വവാദികള്‍ മഹാരാഷ്ട്രയില്‍ കടന്നാക്രമിച്ചത്. ദളിതുകള്‍ക്കുനേരെയുള്ള ആക്രമണങ്ങളും അവരുടെ ഗ്രാമങ്ങള്‍ ചുട്ടെരിക്കലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അപൂര്‍വമായ സംഗതിയല്ല.

പക്ഷേ, നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ അധികാരത്തില്‍ എത്തിയതോടെ അത് പതിന്മടങ്ങ് വര്‍ധിച്ചു. ഇത് തങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണെന്ന് സവര്‍ണ പ്രമാണിത്തത്തിന്റെ രണ്‍വീര്‍സേനകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ചുട്ടെരിച്ചാലും കൂട്ടമായി വംശഹത്യ നടത്തിയാലും കേസും പുകിലുമില്ലാതെ സംരക്ഷിക്കാന്‍തക്ക പ്രാപ്തിയുള്ളയാള്‍ മുകളിലുണ്ടെന്ന് അവര്‍ക്ക് അറിയാം. ഗുജറാത്ത് നല്‍കുന്ന പ്രധാന പാഠം അതാണല്ലോ.

തങ്ങള്‍ക്ക് പങ്കാളിത്തമുണ്ടായിരുന്ന 1818ലെ കൊറേഗാവ് യുദ്ധവിജയമാണ് ദളിത് വിഭാഗമായ മഹറുകള്‍ ആഘോഷിക്കുന്നത്. മറാത്താ രാജവാഴ്ചയും ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മില്‍ നടന്ന യുദ്ധമാണത്. ജീവിതം നിഷേധിച്ച് തങ്ങളെ ചവിട്ടിയരയ്ക്കുന്ന സവര്‍ണ പൌരോഹിത്യത്തിന്റെ രാജവാഴ്ചയ്ക്കെതിരായ ചെറുത്തുനില്‍പ്പായി ആ യുദ്ധത്തെ മഹറുകള്‍ കണക്കാക്കിയിരിക്കാം. അതുകൊണ്ട് അവര്‍ കമ്പനിക്കൊപ്പം ചേര്‍ന്ന് പൊരുതി. പാശ്ചാത്യ വൈദേശികശക്തികള്‍ കടന്നുവന്ന കാലത്തെ ഇന്ത്യയിലെ സാമാന്യ മനുഷ്യജീവിതം പരിശോധിച്ചിട്ടുള്ള ഒരാളും മഹറുകളുടെ ആ നീക്കത്തില്‍ അത്ഭുതപ്പെടുകയില്ല.

പൊതുവെ ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ ഭൂപ്രഭുത്വത്തോട് സന്ധിചെയ്ത് കര്‍ഷകജനതയെ ചൂഷണംചെയ്ത് ദരിദ്രരാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല്‍, പലഘട്ടങ്ങളിലും ഏറ്റവും താഴ്ന്നതലങ്ങളിലെ അടിമകളെ മോചിപ്പിക്കാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്. അടിത്തട്ടില്‍നിന്ന് ഉയര്‍ന്നുവന്ന കേരളത്തിലേതുപോലുള്ള നവോത്ഥാനങ്ങള്‍ക്ക് പാശ്ചാത്യ ഇംഗ്ളീഷ് വിദ്യാഭ്യാസം കാരണമായിട്ടുണ്ട്.

‘നമുക്ക് സന്യാസം തന്നത് യൂറോപ്യരാണ്’ എന്ന നാരായണഗുരുവിന്റെ പരാമര്‍ശത്തിന് ഏറെ നാനാര്‍ഥങ്ങളുണ്ടല്ലോ. 1818ലാകട്ടെ ഇന്ത്യയില്‍ ഒരു ദേശീയപ്രസ്ഥാനമോ സമരമോ പ്രതിഷേധംപോലുമോ ഉരുത്തിരിഞ്ഞുവന്നിട്ടില്ല. നാടുവാഴികള്‍ എന്നപോലെ വിവിധ സാംസ്കാരിക ജനവിഭാഗങ്ങളും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി തരംപോലെ ഡച്ച്, പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് കച്ചവടക്കമ്പനികളെ ആശ്രയിച്ച് ഉപയോഗപ്പെടുത്തുന്ന കാലമായിരുന്നു അത്.

ധനസാമ്രാജ്യത്വത്തിന്റെ നടത്തിപ്പുചുമതല ഏറ്റെടുത്ത ഇന്നത്തെ സംഘപരിവാര്‍ നിരവധി മുഖംമൂടികള്‍ അണിഞ്ഞാണ് നില്‍ക്കുന്നത്. ദളിത്, ന്യൂനപക്ഷ മതസംരക്ഷകരായിപ്പോലും ചില സ്ഥലത്ത് അവര്‍ വരും. പക്ഷേ, ആരംഭകാലംമുതല്‍ ആര്‍ക്കെതിരായിട്ടാണ് അവരുടെ യഥാര്‍ഥ വെളിച്ചപ്പെടലുകള്‍ എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേയുള്ളൂ. വര്‍ണാശ്രമധര്‍മവ്യവസ്ഥയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ദളിത് പിന്നോക്ക വിഭാഗങ്ങളാണ് എന്നും അവരുടെ ലക്ഷ്യം.

അധഃസ്ഥിതര്‍ക്ക് ജീവിതം നല്‍കാന്‍ ശ്രമിച്ച എല്ലാ നവോത്ഥാന സംരംഭങ്ങളെയും ഹിന്ദുത്വ ശക്തികള്‍ എതിര്‍ത്തിട്ടുണ്ട്. സാമൂഹികസമത്വവും തുല്യനീതിയും ഒരു അജന്‍ഡയായി സ്വീകരിച്ച ഘട്ടംമുതലാണ് ദേശീയപ്രസ്ഥാനത്തില്‍നിന്ന് ഹിന്ദു മഹാസഭയും ആര്‍എസ്എസും വിയോജിച്ചുപോകുന്നത്. കമ്യൂണിസ്റ്റുകാരെയും മുസ്ളിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളെയും ശത്രുക്കളായി പ്രഖ്യാപിച്ചതിനുപിന്നിലും ഒളിഞ്ഞുകിടക്കുന്നത് ദളിത് പിന്നോക്ക വിരോധമാണ്.

ഗാന്ധിക്കെതിരെ തിരിയാന്‍ ആര്‍എസ്എസിനെ പ്രേരിപ്പിച്ചത് വിഭജനകാലത്തെ അദ്ദേഹത്തിന്റെ ‘മുസ്ളിം പ്രീണന’മാണെന്ന് ചിലര്‍ എഴുതുന്നുണ്ട്. ഇപ്പോള്‍ പുറത്തുവന്ന് കാണുന്ന ഗോഡ്സെ സ്തുതിഗീതികളിലും ഈ വ്യാഖ്യാനമാണുള്ളത്. എന്നാല്‍, വിഭജനം ഒരു വിഷയമല്ലാതിരുന്ന 1931ല്‍തന്നെ സവര്‍ക്കറും മറ്റും ഗാന്ധിക്കെതിരെ ശത്രുതാപരമായ സമീപനം സ്വീകരിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് ടീസ്റ്റ സെതല്‍വാദ് എഡിറ്റ് ചെയ്ത ‘ആല്യീിറ ഉീൌയ; അ ഉീശൈലൃ ഛള ഏമിറവശ അമൈശിൈമശീിേ’ എന്ന പുസ്തകം കൃത്യമായി വ്യക്തമാക്കുന്നു. ധീര ഭഗത്സിങ്ങിന്റെയും കൂട്ടരുടെയും രക്തസാക്ഷിത്വത്തിന് തൊട്ടുപുറകെ കൂടിയ കോണ്‍ഗ്രസിന്റെ കറാച്ചി സമ്മേളനമാണ് ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെ തിരിയാന്‍ ഹിന്ദുത്വവാദികളെ പ്രേരിപ്പിച്ചത്.

‘കറാച്ചി പ്രമേയം’ എന്നു പിന്നീട് അറിയപ്പെട്ട ആ രേഖയാണ് ആദ്യമായി ‘സ്വരാജി’നെ സാമാന്യ മനുഷ്യന്റെ ഭാഗത്തുനിന്ന് വ്യാഖ്യാനിക്കുന്നത്. ദേശീയപ്രസ്ഥാനത്തിന്റെ പ്രക്ഷോഭങ്ങളെ ജനസാന്ദ്രമാക്കാനും പിന്നീട് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ദര്‍ശനമാകാനും നിയുക്തമായ എണ്ണമിട്ട ലക്ഷ്യങ്ങള്‍ (അയിത്തത്തിനെതിരെ, തുല്യതയ്ക്കും സാമൂഹ്യനീതിക്കും വേണ്ടി) പ്രമേയം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.

ഇതോടെ സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുരാഷ്ട്രവാദികള്‍ ദേശീയപ്രസ്ഥാനത്തിന് എതിരായി. തൊട്ടുകൂടായ്മ ഹിന്ദുമതത്തിന്റെ ആഭ്യന്തരകാര്യമാണെന്നും ഭരണകൂടത്തിനോ രാഷ്ട്രീയപാര്‍ടിക്കോ അതില്‍ ഇടപെടാന്‍ അവകാശമില്ലെന്നും അവര്‍ വാദിച്ചുനോക്കി. ഫലിച്ചില്ല. സ്വാതന്ത്യ്രാനന്തരം വരാനിരിക്കുന്നത് മനുവിന്റെ വര്‍ണാശ്രമധര്‍മവ്യവസ്ഥയല്ല; മതേതര ജനാധിപത്യരാഷ്ട്രമാണെന്ന് അവര്‍ക്ക് ബോധ്യമായി. ദളിതുകള്‍ക്ക് (ബ്രാഹ്മണര്‍ക്കൊപ്പം) തുല്യനീതി ഉറപ്പാക്കുന്ന വ്യവസ്ഥകള്‍ കോണ്‍ഗ്രസ് അംഗീകരിച്ചത് ഗാന്ധിയുടെ സ്വാധീനംകൊണ്ടാണെന്ന് കരുതിയ അവര്‍, തങ്ങളുടെ കൈയിലെ ഇറ്റാലിയന്‍ തോക്കിന്റെ ലക്ഷ്യം ആരുടെ നെഞ്ചാകണമെന്ന് അപ്പോള്‍ത്തന്നെ നിശ്ചയിച്ചു.

മറിച്ച്, വിഭജനത്തിന് ഹിന്ദുത്വവാദികള്‍ ഒരുഘട്ടത്തിലും എതിരായിരുന്നില്ല. ഹിന്ദുക്കള്‍ക്കും മുസ്ളിങ്ങള്‍ക്കും ഒരു രാഷ്ട്രത്തില്‍ ഒന്നിച്ചുജീവിക്കാന്‍ കഴിയില്ലെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന സവര്‍ക്കര്‍, ജിന്നയേക്കാള്‍ കടുത്ത വിഭജനവാദിയായിരുന്നു. എന്നാല്‍, വിഭജനാനന്തരം അപ്പുറത്തെ മുസ്ളിം രാഷ്ട്രത്തിനൊപ്പം ഇപ്പുറത്ത് ഒരു ഹിന്ദുരാഷ്ട്രം ഉണ്ടായില്ല എന്നതാണ് അവരെ രോഷാകുലരാക്കിയത്. ആ രോഷം ഇന്നും തുടരുന്നു.

ദളിത് പിന്നോക്കക്കാര്‍ക്കും ‘ദ്വിജന്മാ’രായ ബ്രാഹ്മണര്‍ക്കും ഭരണഘടനാപരമായ തുല്യനീതി എന്ന ‘ദുരന്ത’ത്തോടുള്ള പ്രതികരണം എന്ന നിലയിലാണ് രാഷ്ട്രീയ ഹിന്ദുത്വം അതിന്റെ സംഘടനാശക്തി രൂപീകരിക്കുന്നത്. പക്ഷേ, അത് മുസ്ളിം വിരുദ്ധത എന്ന വ്യാജത്തിന്റെ മറവിലാണ് പ്രവര്‍ത്തിച്ചത് എന്നുമാത്രം. ദളിത് വിരുദ്ധത അങ്ങനെ പറഞ്ഞുനടക്കാനുള്ളതല്ലെന്ന് അവര്‍ക്ക് അറിയാം. അത് യുവാക്കളെ കൈ പിറകില്‍ കെട്ടി ചാട്ടയടിച്ചും ദളിത് ഗ്രാമങ്ങള്‍ ചുട്ടെരിച്ചും സ്ത്രീകളെ മാനഭംഗപ്പെടുത്തിയും നടപ്പാക്കാനുള്ളതാണ്. അതാണ് ഉനയിലും ഇപ്പോള്‍ പുണെയിലും നാം കണ്ടത്.

ഇതേതന്ത്രംതന്നെയാണ് വര്‍ഷങ്ങള്‍ക്കുശേഷം മണ്ഡല്‍ കമീഷന്‍ കാലത്തുണ്ടായ സംവരണവിരുദ്ധ രോഷത്തെ വ്യാജമായ ഒരു ‘ബാബ്റി മസ്ജിദ്’ തര്‍ക്കമാക്കി മാറ്റി സ്ഥാപിച്ച് അവര്‍ ഉപയോഗപ്പെടുത്തിയത്. ഫലമോ? പള്ളി പൊളിക്കാന്‍ ദളിതരെത്തന്നെ കിട്ടി. ഗുജറാത്തില്‍ മുസ്ളിം വംശഹത്യ നടത്താനും അവരെ ഉപയോഗിക്കാനായി.

ആര്‍എസ്എസിന് അടിസ്ഥാനവിരോധമുള്ളത് ഗാന്ധിയോടോ ബാബ്റി പള്ളിയോടോ അന്യമതസ്ഥരോടോ അല്ല. ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് കിട്ടുന്ന തുല്യതയോടും സാമൂഹ്യനീതിയോടുമാണ്. കാരണം സാമൂഹ്യനീതി മഹാപരാധമെന്ന് അവരുടെ വേദപുസ്തകം ഉദ്ഘോഷിക്കുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News