പീപ്പിള്‍ എക്‌സ്‌ക്‌ളൂസീവ്: അശരണര്‍ക്ക് ഒപ്പം സംസ്ഥാന ബജറ്റ്; ഓഖി ദുരിതബാധിതര്‍ക്ക് ബജറ്റില്‍ പ്രത്യേക പരിഗണനയെന്ന് ധനമന്ത്രി

ഓഖി ദുരന്തത്തില്‍ പകച്ച് നില്‍ക്കുന്ന തീരദേശത്തിന് പ്രത്യേക പരിഗണനയുമായി സംസ്ഥാന ബജറ്റ്. തീരദേശത്തിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്താകില്ലെന്നും ആവര്‍ക്ക് ആശ്വാസകരമാകും ബജറ്റെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പാവങ്ങള്‍ക്ക് നല്‍കുന്ന പരിഗണന കുറയ്ക്കില്ല.

കര്‍ശന ചിലവ് നിയന്ത്രണത്തിലൂടെ കമ്മി കുറയ്ക്കാനുള്ള നടപടികളും ഇത്തവണത്തെ ബജറ്റിലുണ്ടാകും. പുതിയ വന്‍ പദ്ധതികളുടെ പ്രഖ്യാപനത്തിനു പകരം പ്രഖ്യാപിച്ചവ നടപ്പാക്കുന്നതിനാകും ഇത്തവണ പ്രാധാന്യം നല്‍കുകയെന്നും ധനമന്ത്രി പീപ്പിള്‍ ടി.വിയോട് പറഞ്ഞു.
ഓഖി വിതറിയ ദുരന്തത്തില്‍ നിന്നും സംസ്ഥാനം ഇനിയും കരകയറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് തീരദേശത്തിന്റെ ആശങ്കകള്‍ പരിഗണിച്ച് സംസ്ഥാന ബജറ്റ് തയ്യാറാകുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തിന് പ്രത്യേക പരിഗണനയാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. തീരദേശത്തിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്താകില്ലെന്നും ആവര്‍ക്ക് ആശ്വാസകരമാകും ബജറ്റെന്നും ധനമന്ത്രി തോമസ് ഐസക് പീപ്പിള്‍ ടി.വിയോട് പറഞ്ഞു.

ഇതിലൂടെ ദുരിതം പേറുന്ന മത്സ്യത്തൊഴിലാളി മേഖലയ്ക്ക് കൈതാങ്ങാവുക കൂടിയാണ് ബജറ്റ് ലക്ഷ്യം വയ്ക്കുന്നത്. ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നിട്ടും വരുമാനം ഉയരാത്തത് ബജറ്റിന് തിരിച്ചടിയാകുന്നു. ഈ സാഹചര്യത്തില്‍ ചെലവുകളില്‍ കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്തി ധനകമ്മി കുറയ്ക്കാനുള്ള നടപടികളും ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി പറയുന്നു.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് പ്രതീക്ഷയേകുമെന്നും പാവപ്പെട്ടവരുടെ ആനുകൂല്യങ്ങള്‍ വെട്ടികുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പുതിയ വന്‍ പദ്ധതികളുടെ പ്രഖ്യാപനത്തിനു പകരം പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുന്നതിനാകും ഇത്തവണ പ്രാധാന്യം നല്‍കുക. കിഫ്ബിയുടെ ചിലവുകളും നിയന്ത്രണവ വിധേയമാക്കും. ഒരു വര്‍ഷം കൂടി വരവിനെക്കാള്‍ ചെലവ് ഉണ്ടാകും. അത് സംസ്ഥാനത്തിന് സഹിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ നേരിടുന്നതിന് വേണ്ടിയുള്ള നടപടികളും ബജറ്റിലുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here