പുതുവത്സരാഘോഷം തലയ്ക്ക് പിടിച്ചപ്പോള്‍ ബാങ്കിന് എട്ടിന്‍റെ പണികൊടുത്ത് യുവാവ്; എടിഎമ്മില്‍ മൂത്രമൊ‍ഴിച്ച് ആഘോഷം; എസ്ബിഐക്ക് 25000 രൂപയുടെ നഷ്ടം; യുവാവ് അറസ്റ്റില്‍

പുതുവര്‍ഷം ആഘോഷിക്കാന്‍ വ്യത്യസ്തമായ വ‍ഴികളാണ് പലരും കണ്ടെത്തിയത്. ആഘോഷത്തോടൊപ്പമുള്ള ലഹരി അധികമായാല്‍ എന്തു സംഭവിക്കും. അതാണ് പുതുവര്‍ഷരാത്രിയില്‍ പാലക്കാട് ഒലവക്കോട് സംഭവിച്ചത്.

കൂട്ടുകാരോടൊപ്പമുള്ള ആഘോഷമെല്ലാം ക‍ഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങിയ യുവാവ് ഒലവക്കോട്ടെ എസ്ബിഐ എടിഎമ്മില്‍ പണമെടുക്കാന്‍ കയറി. 200 രൂപ പിന്‍വലിച്ചു. മദ്യലഹരിയിലായിരുന്ന യുവാവിന് പണമെടുത്തപ്പോള്‍ ചെറിയൊരു മൂത്രശങ്ക. സമയം കളയാതെ എടിഎമ്മില്‍ തന്നെ മൂത്രമൊ‍ഴിച്ച് കാര്യം സാധിച്ചു.

എടിഎം കേടായതായി മനസ്സിലായതോടെ ബാങ്ക് അധികൃതര്‍ സിസിടിവി പരിശോധിച്ചപ്പോ‍ഴാണ് കാര്യം മനസ്സിലായത്. പോലീസില്‍ പരാതിയുമായെത്തി. തൊട്ടുപിന്നാലെ കാടാങ്കോട് സ്വദേശിയായ ദിനുവിനെ പോലീസ് പൊക്കി.

പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്. യുവാവ് ചെറിയൊരു ഒരു ശങ്ക തീര്‍ത്തപ്പോള്‍ ബാങ്കിന് വലിയ പണിയാണ് കിട്ടിയത്. എടിഎം തകരാറിലായതിലൂടെ ബാങ്കിന് നഷ്ടമായത് 25,000 രൂപ. മദ്യലഹരിയില്‍ യുവാവിന് അബദ്ധം പറ്റിയതാണോ അതോ ബാങ്കിന് മനഃപൂര്‍വ്വം കൊടുത്ത പണിയാണോ എന്ന സംശയമാണ് ബാക്കി നില്‍ക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here