“എകെജി ജനഹൃദയങ്ങളില്‍ മരണമില്ലാത്ത പോരാളി; പാവങ്ങളുടെ പടത്തലവന്‍; വിവരദോഷിയായ എംഎല്‍എയ്ക്ക് അത് പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം കോണ്‍ഗ്രസിനില്ലേ”; ബല്‍റാമിനെതിരെ ആഞ്ഞടിച്ച് പിണറായി

എകെജിയെ അധിക്ഷേപിച്ച വിടി ബല്‍റാമിനെതിരെയും ബല്‍റാമിനെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി.

ബല്‍റാമിനെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് അവരുടെ ജീര്‍ണതയെ വെളിവാക്കുന്നു. വിവരദോഷിയായ എംഎല്‍എയ്ക്ക് അത് പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം കോണ്‍ഗ്രസില്ലേയെന്നും പിണറായി ഫേസ് ബുക്കില്‍ കുറിച്ചു.

എ കെ ജിയെ അവഹേളിച്ച എം എല്‍ എ യെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയില്‍ അധിക്ഷേപിച്ച എംഎല്‍എയ്ക്ക് കോണ്‍ഗ്രസിന്റെ ചരിത്രമോ എ കെ ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം.

വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ കോണ്‍ഗ്രസിന്റെ മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാര്‍ട്ടി നേതൃത്വമാണ്. എ കെ ജി ഈ നാടിന്റെ വികാരമാണ്; ജന ഹൃദയങ്ങളില്‍ മരണമില്ലാത്ത പോരാളിയാണ്; പാവങ്ങളുടെ പടത്തലവനാണ്.

ആ മഹദ് ജീവിതത്തിന്റെ യശസ്സില്‍ ഒരു നുള്ള് മണല്‍ വീഴ്ത്തുന്നത് ഇന്ത്യയിലെ തൊഴിലാളികളുടെയും കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേല്‍പ്പിക്കുന്ന പരിക്കാണ്. വിവരദോഷിയായ എം എല്‍ എ യ്ക്ക് അത് പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം കോണ്‍ഗ്രസിനില്ല എന്നതാണ് ആ പാര്‍ട്ടിയുടെ ദുരന്തം.

ഉയര്‍ന്നു വന്ന പ്രതികരണങ്ങള്‍ കണ്ടെങ്കിലും അത്തരം ബോധം വരാത്തതില്‍ സഹതപിക്കുന്നു. അറിവില്ലായ്മയും ധിക്കാരവും പ്രശസ്തിക്കുവേണ്ടിയുള്ള ആര്‍ത്തിയും ഒരു ജനതയുടെ; ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുത് എന്ന് നെഹ്രുവിനെയും സ്വാതന്ത്ര്യ സമരത്തെയും മറന്ന നിര്‍ഗുണ ഖദര്‍ ധാരികള്‍ ഓര്‍ക്കുന്നത് നന്ന്.

എ കെ ജിയെയും സഖാവിന്റെ പത്‌നി, തൊഴിലാളി വര്‍ഗത്തിന്റെ പ്രിയനേതാവ് സ. സുശീല ഗോപാലനെയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേല്‍പ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ഔചിത്യം കോണ്‍ഗ്രസിനുണ്ടാകട്ടെ എന്നാശംസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News