സിറോ മലബാര്‍ സിനഡില്‍ ഭൂമിയിടപാട് വിവാദം ചര്‍ച്ച ചെയ്യണം; കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണം; മെത്രാന്മാര്‍ക്ക് വൈദിക സമിതിയുടെ കത്ത്

സിറോ മലബാര്‍ സഭയുടെ സിനഡ് നാളെ ചേരാനിരിക്കെ നിലപാട് കടുപ്പിച്ച് വൈദിക സമിതി.സിനഡില്‍ ഭൂമിയിടപാട് വിവാദം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മെത്രാന്മാര്‍ക്ക് വൈദിക സമിതി കത്ത് നല്‍കി. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നാളെ ആരംഭിക്കുന്ന സീറോ മലബാര്‍ സഭയുടെ സിനഡില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട് വിഷയം അജണ്ടയില്‍ വരുത്താനുളള നീക്കമാണ് വൈദിക സമിതി നടത്തുന്നത്. വിഷയം ചര്‍ച്ചയില്‍ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സിനഡില്‍ പങ്കെടുക്കുന്ന 62 മെത്രാന്മാര്‍ക്കും വൈദിക സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മുണ്ടാടന്റ നേതൃത്വത്തില്‍ കത്ത് നല്‍കി.

ഭൂമിയിടപാടില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് സിനഡ് ചേരുന്നതും അജണ്ടകള്‍ നിശ്ചയിക്കുന്നത് പങ്കെടുക്കുന്ന അംഗങ്ങളാണ്. ഇവര്‍ വിഷയം ഉന്നയിക്കണമെന്നാവശ്യപ്പെട്ടാല്‍ കര്‍ദ്ദിനാള്‍ നിലപാട് അറിയിക്കേണ്ടി വരും.

അതേസമയം ഭൂമിയിടപാടില്‍ നഷ്ടപ്പെട്ട കോടികള്‍ തിരിച്ചെടുത്ത് വിഷയം ഒതുക്കി തീര്‍ക്കാനും സഭയ്ക്കുളളില്‍ നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

സിനഡിന് മുന്പ് ഇടപാടുകാരില്‍ നിന്നും സാമ്പത്തിക നഷ്ടം നികത്തി വിവാദം തണുപ്പിക്കാനാണ് സഭയുടെ നീക്കം. അതോടൊപ്പം ബോണക്കാട് വിഷയം ഉയര്‍ത്തി ഭൂമിയിടപാടിനെ പ്രതിരോധിക്കാനുളള നീക്കവും തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഭാഗമായാണ് ഇന്ന് ദേവാലയങ്ങളില്‍ ലത്തീന്‍ സഭ പുറത്തിറക്കിയ ഇടയലേഖനമെന്ന് ഒരു വിഭാഗം വൈദികര്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here