എകെജിയുടെ ജീവിതത്തെക്കുറിച്ച് ബല്‍റാമിനെപ്പോലെയുള്ള ബ്രോയിലര്‍ കോണ്‍ഗ്രസ് ചെക്കന്‍മാര്‍ക്ക് ഒന്നും മനസിലാവില്ല; അന്തസ് കെട്ട കോണ്‍ഗ്രസുകാരനായി, അപമാനമായി ബല്‍റാം തുടരും

തിരുവനന്തപുരം: എകെജിക്കെതിരെ വിടി ബല്‍റാം നടത്തിയ അധിക്ഷേപത്തില്‍ ഉഗ്രന്‍ മറുപടിയുമായി വികെ ജോസഫ്.

എകെജിയുടെ ജീവിതത്തെക്കുറിച്ച് ബല്‍റാമിനെപ്പോലെയുള്ള ബ്രോയിലര്‍ കോണ്‍ഗ്രസ് ചെക്കന്‍മാര്‍ക്കു ഒന്നും മനസിലാക്കാന്‍ കഴിയില്ലെന്നും അന്തസ് കെട്ട കോണ്‍ഗ്രസ് ആയി പഴയ കോണ്‍ഗ്രസുകാര്‍ക്ക് തന്നെ അപമാനമായി ബല്‍റാം തുടരുന്നെന്നും വികെ ജോസഫ് പറയുന്നു.

വികെ ജോസഫ് പറയുന്നത് ഇങ്ങനെ:

ശ്രീമാൻ ബൽറാം,
അങ്ങനെ വിളിക്കപെടാനുള്ള അർഹത നിങ്ങൾക്കില്ലെങ്കിലും എന്റെ മര്യാദയും സംസ്ക്കാരവും എന്നെ അതിന് അനുവദിക്കുന്നില്ല..

ഞാൻ പണ്ട് ..1972 വരെ നിങ്ങളെ പോലെ തന്നെ ഞാനും വലിയ ലോകവിവരവും വിശാലമായ മാനവിക ബോധവും ഒന്നും ഇല്ലാതിരുന്ന ഒരു കോൺഗ്രസ്സുകാരനായിരുന്നു..

കമ്മ്യൂണിസ്റ്റ് വിരോധം ശക്തമായിരുന്ന കത്തോലിക്കാ ക്രിസ്ത്യൻ സമുദായത്തിലെ ഒരു കോൺഗ്രസ് കുടുംബത്തിൽ ആയിരുന്നു ഞാൻ ജനിച്ചു വളർന്നത്.. കണ്ണൂർ ജില്ലയുടെ കിഴക്ക് കുടകിന്റെ അടുത്തുള്ള കുന്നോത്ത് എന്ന ഒരു തനി ഗ്രാമത്തിലാണ് വീട്..

ഇച്ചായൻ എന്ന് ഞങ്ങൾ വിളിക്കുന്ന ഞങ്ങളുടെ അച്ഛൻ ഒരു കടുത്ത കോൺഗ്രസുകാരനായിരുന്നു..പക്ഷെ ആ കോൺഗ്രസുകാരനിൽ നിന്നായിരുന്നു ഞങ്ങൾ മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനും ഒക്കെ പഠിച്ചത്..

നാട്ടിൽ സ്‌കൂളും പള്ളിയും വായനശാലയും നാടകസംഘവും ഒക്കെ ഉണ്ടാക്കാൻ നേതൃത്വം കൊടുത്ത കോൺഗ്രസ് കാരൻ ആയിരുന്നു ഇച്ചായൻ..കമ്മ്യൂണിസത്തിനോടും പാർട്ടിയോടും ഒക്കെ ഇച്ചായന് ഒരു അടുപ്പവും ഇല്ല..ചില മദ്യപാന വേളകളിൽ അവരെയൊക്കെ വിമര്ശിക്കുന്നതും ചീത്ത പറയുന്നതും കേട്ടിട്ടുണ്ട്..

പക്ഷെ അപ്പോഴും എല്ലാ ജാതി മതസ്ഥരും ആയും പ്രാദേശിക കമ്മ്യൂണിസ്റ്റ് പ്രവർത്തകരും ആയും നല്ല സൗഹൃദത്തിലും ആയിരുന്നു.. കിട്ടേട്ടൻ, കണാരേട്ടൻ, കുഞ്ഞച്ചൻ ചേട്ടൻ എന്നീ കമ്മ്യൂണിസ്റ്റുകാരെ എനിക്കോർമ്മയുണ്ട്..പലപ്പോഴും അവരൊക്കെ വീട്ടിൽ വന്നിരുന്നതും അവരുടെ വീട്ടിൽ ഇച്ചായൻ പോയിരുന്നതായും എനിക്കോർമ്മയുണ്ട്..

വീട്ടിൽ മാതൃഭൂമി പത്രമാണ് വരുതിയിരുന്നത്..കമ്മ്യൂണിസ്റ്റുകാരെ എതിർത്തുകൊണ്ടിരിക്കുമ്പോഴും ഇച്ചായൻ എ കെ ജി യെ എപ്പോഴും പുകഴ്ത്തി സംസാരിക്കുന്നത് കേട്ടിട്ടുണ്ട്..ഈ എം എസിനെക്കുറിച്ചും നല്ലതു പറയുന്നത് കേട്ടിട്ടുണ്ട്..പക്ഷെ വിട്ടുവീഴ്ച്ച ഇല്ലാത്ത കോൺഗ്രസ്സ്.. കുടിയേറ്റ മേഖലയിൽ മുഴുവൻ ഇച്ചായന് പരിചയക്കാരും സുഹൃത്തുക്കളും ബന്ധുക്കളും ഉള്ളത് കൊണ്ടാകും പല കോൺഗ്രസ്സ് നേതാക്കളും വീട്ടിൽ വന്നിരുന്നതും കണ്ടിട്ടുണ്ട്..

ഞാൻ ISRO യിൽ ജോലി കിട്ടി തിരുവനന്തപുരം വരുന്നത് 1971 ഡിസംബർ അവസാനം ആണ്..അന്നെനിക്ക് 20 വയസ്സ് മാത്രം പ്രായം..ISRO എനിക്കൊരു പുതിയ ലോകമായിരുന്നു..എ കെ ജിയെ ഞാൻ ആദ്യം കാണുന്നത് അവിടെ വെച്ചായിരുന്നു..

അദ്ദേഹത്തോട് എല്ലാവർക്കും ഉള്ള ആദരവും സ്നേഹവും ഒക്കെ ഞാൻ കാണുന്നത് അവിടെ വെച്ചാണ്..
ISRO യിലെ ആദ്യ തൊഴിലാളി സംഘടന ആയ ISRO staff Association ൽ ഞാനും അംഗമായി..1973 ൽ ആണ് എകെജി ഇതിന്റെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കുന്നത്..

എകെജി ഒരു ട്രേഡ് യൂണിയന്റെ ഭാരവാഹി ആകുന്നതു ആദ്യമാണ് എന്നാണു സഖാക്കൾ ഞങ്ങളോട് പറഞ്ഞത്..ഞാനന്നും കമ്മ്യൂണിസ്റ്റ് ആയിട്ടില്ല.അന്ന് vssc( ISRO TVM centre) director Dr.Brahmaprakash എന്ന സാത്വികനായ ശാസ്ത്രജ്ഞൻ ആയിരുന്നു.എകെജി ISRO യിൽ വരുമ്പോൾ ഡോ. ബ്രഹ്മപ്രകാശ് താഴെ ഗേറ്റിൽ വന്നു അദ്ദേഹത്തിനെ കൂട്ടിക്കൊണ്ടു പോകും..രണ്ടുപേർക്കും പരസ്പ്പരം വലിയ ബഹുമാനമായിരുന്നു..

എകെജിയോടുള്ള ആദരവ് കൊണ്ടും അസ്സോസിയേഷൻ നേതാക്കളുടെ പെരുമാറ്റവും ധീരമായ നിലപാടുകളും ഒക്കെ കൊണ്ട് ഞാനും പതുക്കെ പതുക്കെ സംഘപ്രവർത്തനത്തിൽ സജീവമായി..എകെജിയുടെ സ്വാധീനം കൊണ്ടും വായനാ അനുഭവങ്ങൾ കൊണ്ടും ഞാനും പതുക്കെ കമ്മ്യൂണിസ്റ്റ് അനുഭാവി ആയി..

എകെജിയോട് എല്ലാ തലത്തിലും ഉള്ള ജീവനക്കാർ കാണിക്കുന്ന സ്നേഹവും ആദരവും ബഹുമാനവും എന്നെ അമ്പരിപ്പിച്ചിട്ടുണ്ട്..ഞാൻ ജീവിതത്തിൽ ഇത് പോലെ ഒരു നേതാവിനെ, മനുഷ്യനെ കണ്ടിട്ടില്ല..

മിസ്റ്റർ ബൽറാം…എന്നെ പോലെ എത്രയോ ആളുകൾ കോൺഗ്രസുകാരായിരുന്നവർ ലോകത്തിന്റെ അനുഭവങ്ങളിൽ നിന്ന് ഇടതുപക്ഷവും കമ്മ്യൂണിസ്റ്റും ആയി മാറിയപ്പോൾ നിങ്ങൾ ഇപ്പോഴും ഒരു അന്തസ് കെട്ട കോൺഗ്രസ് ആയി പഴയ കോൺഗ്രസുകാർക്ക് തന്നെ അപമാനമായി തുടരുന്നു..

എകെജിയെ കോൺഗ്രസുകാർ അടക്കമുള്ളവർ എത്ര അഗാധമായി സ്നേഹിച്ചു എന്ന് നേരിട്ട് കണ്ടനുഭവിച്ച ഒരു കാര്യം പിന്നെ പറയാം..അത് 1974 ലെ railway സമരത്തെ സഹായിക്കാനുള്ള ഫണ്ട് സ്വീകരിക്കാൻ എകെജി ISRO യിൽ വന്നപ്പോൾ ഉണ്ടായ ലാത്തിച്ചാർജ്ജും വെടിവെപ്പും തിരുവന്തപുരം മുതൽ ഡൽഹി വരെ ഇളക്കി മറിച്ചതിനെക്കുറിച് പിന്നെ പറയാം ..

അന്ന് ഡൽഹിയിൽ നിന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്നെ എകെജിയെ ബന്ധപ്പെടാൻ ശ്രമിച്ചതൊക്കെ ഇനിയും രേഖപ്പെടുത്തതെ പോയിട്ടുള്ള ചരിത്രമാണ്..

എകെജി ഒക്കെ ജീവിച്ച ജീവിതത്തെക്കുറിച്ച് നിങ്ങളെപ്പോലെ ബ്രോയിലർ കോൺഗ്രസ് ചെക്കൻമ്മാർക്കു ഒന്നും മനസ്സിലാക്കാൻ കഴിയില്ല..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News