രാഹുല്‍ ആഗ്രഹിക്കുന്നത് പോലെ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി; ‘ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നവരുമായേ സഹകരിക്കാനാകൂ’

കൊല്ലം: രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നത് പോലെ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സിപിഐഎം തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘വര്‍ഗീയതയ്‌ക്കെതിരെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നവരുമായെല്ലാം സഹകരിക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് സഖ്യം രാഷ്ട്രീയമാണ്. അത് നയത്തിന്റെ ഭാഗമാണ്. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നവരും ജനവിരുദ്ധ താത്പര്യം സംരക്ഷിക്കുന്നവരും തമ്മില്‍ കൂട്ടുകെട്ടുണ്ടാകില്ല.
ചുരുങ്ങിയത് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നവരുമായേ സഹകരിക്കാനാകൂ’-മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രകടന പത്രികയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.
പൊതുസമ്മേളനത്തില്‍ കൊല്ലത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും എണ്ണി പറഞ്ഞ മുഖ്യമന്ത്രി ഇടതുപക്ഷത്തിന് ശക്തമായ പിന്തുണ നല്‍കുന്ന കൊല്ലത്തെ ജനങ്ങളെ നന്ദിയോടെ സ്മരിച്ചു.

45 അംഗ ജില്ലാ കമ്മിറ്റിയേയും 42 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. കെ.എന്‍ ബാലഗോപാലിനെ ജില്ലാ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പാലിയേറ്റീവ് രംഗത്തും ജൈവ പച്ചക്കറി കൃഷിയിലും വന്‍ മുന്നേറ്റം നടത്തുമെന്ന് കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഒരു ലക്ഷം പേരുടെ ബഹുജന റെഡ് വാളണ്ടിയര്‍ മാര്‍ച്ചോടെയാണ് സമ്മേളനത്തിന് സമാപ്തിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here