ആധാറില്‍ ചോര്‍ച്ച എളുപ്പത്തില്‍; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം

ദില്ലി: പൗരന്റെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും മോശം സാങ്കേതികതയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ചോര്‍ച്ച എളുപ്പത്തില്‍ സംഭവിക്കാമെന്നും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം.

ആധാറിനെതിരായ പരാതികളില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 17 മുതല്‍ വാദംകേള്‍ക്കാനിരിക്കെയാണ് ഹര്‍ജിക്കാരിലൊരാള്‍ ആധാറിന്റെ സാങ്കേതികസുരക്ഷിയെ ചോദ്യംചെയ്തത്.

ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ആര്‍ക്കും ഭേദിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനുള്ള മറുപടിയിലാണ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ കല്യാണി ശങ്കര്‍ മേനോന്‍ ആധാറിന്റെ സാങ്കേതിക സംവിധാനം ദുര്‍ബലമെന്ന് അറിയിച്ചത്.

ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 13.5 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. ആധാര്‍ നിയമത്തിലെ 29ാം വകുപ്പിന്റെ നഗ്‌നമായ ലംഘനമാണിത്.

ഇന്ത്യയിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അരക്ഷിതവും അവിശ്വസനീയവും അനാവശ്യവും അനുചിതവുമായ ഒരു സാങ്കേതിക പദ്ധതിയാണിത്. പൗരന്‍മാരുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങള്‍ക്ക് ആധാര്‍ സാങ്കേതികത ഓരോ ദിവസവും ഭീഷണിയാവുകയാണ്.

നിരീക്ഷണം, സ്വകാര്യതയുടെ ലംഘനം, വ്യക്തി വിവരങ്ങളുടെ മോഷണം എന്നിവയ്ക്ക് ഇത് ഇടയാക്കുന്നു. സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും സമത്വത്തിനുമുള്ള ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണിത് സത്യവാങ്മൂലത്തില്‍ അറിയിച്ചു.

ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ആധാറിനെതിരായ പരാതികളില്‍ വാദംകേള്‍ക്കുക. മൊബൈല്‍ ഫോണുകളടക്കം എല്ലാ സേവനങ്ങളുമായും ആധാറിനെ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഭരണഘടനാ ബെഞ്ച് 2018 മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News