യുവാവിനെ കൊല്ലാന്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ ക്വട്ടേഷന്‍; കാരണം കേട്ട് ഞെട്ടി പൊലീസ്

കൊച്ചി: മുന്‍ വൈരാഗ്യത്തെത്തുടര്‍ന്നു യുവാവിനെ കൊല്ലാന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ മൂന്നംഗസംഘം അറസ്റ്റില്‍.

എളങ്കുന്നപ്പുഴ കൊട്ടിക്കത്തറ ശിവന്റെ മകന്‍ ഗിരി, ഞാറയ്ക്കല്‍ ഓടബിള്ളി വീട്ടില്‍ ജോസഫിന്റെ മകന്‍ ജോമോന്‍, ഞാറയ്ക്കല്‍ വയലുപ്പാടം വീട്ടില്‍ രാജന്റെ മകന്‍ ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. ഞാറയ്ക്കല്‍ മേരിമാതാ കോളജ് പരിസരത്തുനിന്നാണ് സംഘത്തെ പിടികൂടിയത്.

ക്വട്ടേഷന്‍ നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത ഞാറയ്ക്കല്‍ സ്വദേശിയായ വിദ്യാര്‍ഥി ഒളിവിലാണ്. കഴിഞ്ഞ 19നു രാത്രി ഞാറയ്ക്കല്‍ പെരുമ്പിള്ളി ബസ് സ്റ്റോപ്പില്‍ ഫോര്‍ട്ട് വൈപ്പിന്‍ സ്വദേശികളായ പുത്തന്‍ വീട്ടില്‍ മാര്‍ഷല്‍ തോമസ് (18), സുഹൃത്ത് ആല്‍ഫ്രഡ് പോള്‍(18) എന്നിവരെയാണ് സംഘം ആക്രമിച്ചത്. ഞാറയ്ക്കല്‍ അസീസി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ ഇരുവരും വാര്‍ഷിക ആഘോഷം കഴിഞ്ഞു പോകുമ്പോള്‍ കാത്തുനിന്ന സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയുമായിരുന്നു.

കണ്ണില്‍ മണല്‍ വാരിയിട്ട് ഇരുമ്പു വടി, ഇടിക്കട്ട എന്നിവ കൊണ്ടായിരുന്നു ആക്രമിച്ചത്. മാര്‍ഷലിന്റെ തലയ്ക്കും പുറത്തുമാണ് അടിയേറ്റത്. ആല്‍ഫ്രഡിന്റെ വലതു കൈയൊടിഞ്ഞു. രണ്ട് മാസംമുമ്പ് മാര്‍ഷലിന്റെ സഹോദരിയെ ക്വട്ടേഷന്‍ നല്‍കിയ പ്ലസ്‌വണ്‍ വിദ്യാര്‍ഥി പുറകെ നടന്ന് ശല്യം ചെയ്തിരുന്നു. ഇത് മാര്‍ഷല്‍ ചോദ്യം ചെയ്യുകയും കൈയേറ്റത്തില്‍ കലാശിക്കുകയും ചെയ്തു.

വിദ്യാര്‍ഥി പോലീസിനെ സമീപിച്ചതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ ഇടപെട്ട് പ്രശ്‌നം പറഞ്ഞു തീര്‍ത്തിരുന്നു. പക മനസില്‍ സൂക്ഷിച്ച വിദ്യാര്‍ഥി മാര്‍ഷലിനെ വകവരുത്താന്‍ ഗുണ്ടകളെ ഏര്‍പ്പാടാക്കുകയായിരുന്നു. പ്രതികള്‍ ഇക്കാര്യം സമ്മതിച്ചെന്നു പോലീസ് പറഞ്ഞു. മൂവരെയും റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News