ഭൂമിയിടപാടില്‍ കര്‍ദിനാളിനെ പിന്തുണച്ച് കത്തോലിക്ക കോണ്‍ഗ്രസ്; സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രം, കര്‍ദിനാളിനെ ഒറ്റപ്പെടുത്തുന്നത് നീതിരഹിതം

കൊച്ചി: ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാളിനെ പിന്തുണച്ച് കത്തോലിക്ക കോണ്‍ഗ്രസ്.

ഭൂമിയിടപാടില്‍ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമെന്ന് കത്തോലിക്ക കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാടില്‍ രൂപത അധികാരികള്‍ക്ക് സാമ്പത്തിക ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്നും കര്‍ദിനാളിനെ ഒറ്റപ്പെടുത്തുന്നത് നീതിരഹിതവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സീറൊ മലബാര്‍ സഭുടെ ഭൂമിയിടപാട് വിവാദമായതിനെ തുടര്‍ന്നാണ് അല്‍മായരുടെ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ്സ് മൂന്നംഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇങ്ങനെ..

സഭ, വസ്തുവാങ്ങിയതിലുള്ള കടം വീട്ടാന്‍ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചു. അഡ്വാന്‍സായി ലഭിച്ച 10 ലക്ഷം രൂപ ഒപ്പിട്ടു വാങ്ങിയത് സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ആണ്. എന്നാല്‍ വസ്തു വാങ്ങിയ ആള്‍ പിന്‍വാങ്ങി. ഇതെ തുടര്‍ന്ന് വികാരി ജനറല്‍ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കും പാടത്ത്, റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ സാജു വര്‍ഗ്ഗീസിനെ വസ്തു വില്‍പ്പനക്കായി ചുമതലപ്പെടുത്തി.

പിന്നീട് വികാരി ജനറല്‍ ഉള്‍പ്പടെയുള്ളവര്‍, സ്ഥലം സന്ദര്‍ശിക്കുകയും ഇടപാട് നടത്തുന്നത് സഭക്ക് സഹായകമാകും എന്ന് കര്‍ദിനാളിനെ ബോധ്യപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് പിതാവ് ഭൂമി വില്‍പ്പനക്ക് സമ്മതിച്ചത്. കര്‍ദിനാള്‍ ഈ സ്ഥലങ്ങൊളൊന്നും നേരിട്ട് കണ്ടിട്ടില്ല. ഈ സാഹര്യത്തില്‍ പിതാവിനെ ഒറ്റപ്പെടുത്തുന്നത് നീതി രഹിതമാണ്.

സ്വന്തം ലാഭത്തിനായി കര്‍ദിനാള്‍ പ്രവര്‍ത്തിച്ചു എന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. സഭയുടെ വിവിധ തലങ്ങളില്‍ പ്രശ്‌നം പരിഹരിക്കാതെ വിഷയം മാധ്യമവിചാരണയ്ക്ക് വിട്ടു നല്‍കുന്നതിനു പിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ സാജു വര്‍ഗ്ഗീസ് സഭയെ വഞ്ചിക്കുകയായിരുന്നു. കര്‍ദിനാള്‍ ബോധപൂര്‍വ്വം ഒരു തറ്റും ചെയ്തിട്ടില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ്സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നേരത്തെ വൈദിക സമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമായ വിവരങ്ങളാണ് കത്തോലിക്ക കോണ്‍ഗ്രസ്സ് റിപ്പോര്‍ട്ടിലുള്ളത്. സഭയ്ക്കകത്തെ ഭിന്നത മറനീക്കി പുറത്തുവരുന്നതിന്റെ ഭാഗമാണ് ഈ റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യങ്ങള്‍ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here