എകെജിയെ മാത്രമല്ല, ഒരു കാലത്തെ പോരാളികളെ മുഴുവന്‍ ബല്‍റാം അപമാനിച്ചു

എകെജിയെ മാത്രമല്ല ഒരു കാലത്തെ പോരാളികളെ മുഴുവന്‍ അപമാനിക്കുകയാണ് ബലറാം ചെയ്തത്. പ്രണയത്തെ പെഡോഫിലിയയായി ചിത്രീകരിക്കുന്നതിലൂടെ ഡോ. കെ എന്‍ ഗണേശ് എഴുതുന്നു.

അല്പം വൈകിയാണെങ്കിലും ബല്‍റാമിന്റെ പോസ്റ്റിനെ കുറിച്ച് ചിലകാര്യങ്ങള്‍.. അത് എ.കെജിയെ കളങ്കപ്പെടുത്താനുള്ള പോസ്റ്റായി മാത്രം കാണേണ്ടതല്ല. 1939 മുതല്‍ 1952 വരെയുള്ള മിക്കവാറും വര്‍ഷങ്ങളിലും കമ്മ്യൂണിസ്‌റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്നു.

പാര്‍ട്ടിയുടെ ഔപചാരികപ്രവര്‍ത്തനം ആരംഭിച്ചത് തന്നെ ഒളിവിലാണ്. എകെജി പാര്‍ട്ടിയില്‍ വന്നതിനു ശേഷം അദ്ദേഹമടക്കമുള്ള നിരവധിപേര്‍ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടു. സംഘര്‍ഷഭരിതമായ ഇക്കാലത്തെ ഒളിവിജീവിതത്തില്‍ ജനങ്ങളുടെ പൂര്‍ണമായ പിന്തുണയോടും അവര്‍ എത്തിച്ചുകൊടുക്കുന്ന വിവരങ്ങളും സന്ദേശങ്ങളും ഉപയോഗിച്ചുമാണ് പാര്‍ട്ടിപ്രവര്‍ത്തനം നടന്നുവന്നിരുന്നത്.

സന്ദേശം നല്‍കിയ കാരിയര്‍മാരില്‍ ധാരാളം സ്ത്രീകളും ഉണ്ടായിരുന്നു. ഒളിവില്‍ കഴിയുന്നവരോടുള്ള അല്പം വീരാരാധന ചേര്‍ന്ന പ്രണയങ്ങള്‍ ഉണ്ടായിരുന്നതായി ഇക്കാലത്തുനിന്നുള്ള ആത്മകഥകള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഇവയില്‍ പലതും വിവാഹങ്ങളിലും എത്തിയിരുന്നു. പ്രണയവും സംഘര്ഷവും തമ്മിലുള്ള ഈ കൂട്ടുചേരല്‍ ചരിത്രത്തില്‍ ആദ്യമായല്ല സംഭവിക്കുന്നത്.

റഷ്യന്‍ വിപ്ലവത്തിന്റെ ചരിത്രം തന്നെ ഇതിനു നിരവധിഉദാഹരണങ്ങള്‍ നല്‍കുന്നുണ്ട്. ഇതിന്റെ ഫലമായി ഉണ്ടായവിവാഹങ്ങള്‍ ഏതെങ്കിലും പാര്‍ട്ടി ഓഫീസിന്റെ ഇടുങ്ങിയ മുറികളില്‍ മാലകൈമാറലും മുദ്രാവാക്യം വിളിയുമായി മാത്രം നടന്നവയുമായിരുന്നു. തങ്കമ്മ കൃഷ്ണപിള്ള, റോസമ്മപിടിപുന്നൂസ്, സുഭദ്രാമ്മജോര്‍ജ് ചടയംമുറി, മീനാക്ഷി വികെ ഭാസ്‌കരന്‍, പി.ടി.മേരി സി എസ.ജോര്‍ജ് , യശോദാകാന്തലോട് കുഞ്ഞമ്പു പദ്മാവതി ഇസ്ഹാക് അങ്ങിനെ എത്രവേണമെങ്കിലും ഉദാഹരണങ്ങള്‍ നിരതതാം.

എ കെജിയെ മാത്രമല്ല ഇക്കാലത്തെ പോരാളികളെ മുഴുവന്‍ അപമാനിക്കുകയാണ് പ്രണയത്തെ പെഡോഫിലിയയായി ചിത്രീകരിക്കുന്നതിലൂടെ ബലറാം ചെയ്തത്. കമ്യൂണിസ്റ്റ് വിരുദ്ധവികാരം ഉള്ളില്‍ കുത്തിവയ്ക്കപ്പെട്ടു വളരുകയും സ്വന്തം മൃഗീയമായ ശത്രുതക്ക് പോസ്‌റ്‌മോഡേണ്‍ താത്വിക അകമ്പടി തേടുകയും ചെയ്യുന്ന ഒരു പുതിയതലമുറ കോണ്‍ഗസ് പ്രവര്‍ത്തകന്റെ സഹജവാസനയാണ് ഇതിലൂടെ പുറത്തുവന്നത്..അതോടൊപ്പം അവരുടെ ചരിത്രനിഷേധത്തെയും.

അമ്പതു വര്‍ഷം മുമ്പുള്ള കോണ്‍ഗ്രസ്സുകാര്‍ കമ്മ്യൂണിസ്റ്റുകാരെ വിമര്‍ശിക്കാന്‍ കൂടുതല്‍ സഭ്യവും ഗൗരവമുള്ളതുമായ ഭാഷ ഉപയോഗിച്ചിരുന്നു എന്നതിന് കേളപ്പന്റെ കോണ്‍ഗ്രസ്സും കമ്മ്യൂണിസവും പോലുള്ള ലഘുലേഖകള്‍ തെളിവാണ്.

നല്ലൊരു കമ്മ്യൂണിസ്റ്റ് വിമര്‍ശകനാകുന്നതെങ്ങനെയെന്ന് ബലരാമന് അവരില്‍ നിന്ന് പഠിക്കാം, താല്പര്യമുണ്ടെങ്കില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here