‘ലവ് ജിഹാദ്’ ആരോപിച്ച് സംഘപരിവാറുകാര്‍ ഭീഷണിപ്പെടുത്തി: കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി

മംഗളൂരു: ലവ് ജിഹാദ്’ ആരോപിച്ച് സംഘപരിവാറുകാര്‍ ഭീഷണി. മംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.കേസില്‍ യുവമോര്‍ച്ച നേതാവിനെ അറസ്റ്റ് ചെയ്തു. സംഘപരിവാര്‍ സംഘടനാനേതാക്കളായ അഞ്ചുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

ചിക്മാംഗ്‌ളൂര്‍ മുഡിഗരെ ചത്രമൈതാന എക്സ്റ്റന്‍ഷനടുത്ത് ടിവി റിപ്പയര്‍ തൊഴിലാളിയായ യാദവിന്റെ മകളും ഡി എസ് ബിലിഗൌഡ സര്‍ക്കാര്‍ ഫസ്റ്റ് ഗ്രേഡ് കോളേജിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിയുമായ ധന്യശ്രീ (20) യാണ് ജീവനൊടുക്കിയത്. കുടുംബസുഹൃത്തും അയല്‍ക്കാരനുമായ മുസ്‌ളിം യുവാവുമായുള്ള ധന്യശ്രീയുടെ സൗഹൃദമാണ് സ്ഥലത്തെ സംഘപരിവാറുകാരെ പ്രകോപിപ്പിച്ചത്. മുസ്‌ളിം യുവാവുമായുള്ള സൌഹൃദം അവസാനിപ്പിക്കണമെന്ന് ബെല്‍ത്തങ്ങാടിയിലെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകനായ സന്തോഷ് ധന്യയോട് ആവശ്യപ്പെട്ടു.

യുവാവുമായി കുടുംബത്തിലെ എല്ലാവര്‍ക്കും നല്ല അടുപ്പമാണെന്നും തെറ്റായ രീതിയിലുള്ള ബന്ധമല്ല തങ്ങളുടേതെന്നും ധന്യ മറുപടി നല്‍കി. മുസ്‌ളിം സമുദായത്തില്‍പെട്ടവര്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരെല്ലെന്നും എല്ലാവരും ഇന്ത്യക്കാരാണെന്ന് കരുതണമെന്നും ധന്യ പറഞ്ഞു.

പ്രകോപിതനായ സന്തോഷ് ധന്യയെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ധന്യയുടെ ചിത്രവും വിവിധ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ സന്തോഷ് പങ്കുവച്ചു. ഇതേതുടര്‍ന്ന് സംഘപരിവാര്‍ സംഘടനകളുടെ പ്രാദേശിക നേതാക്കളായ അനില്‍, അവിനാശ് ഗൌഡ, ശിവകുമാര്‍, വിനായക എന്നിവര്‍ വീട്ടിലെത്തി മകള്‍ ‘ലവ് ജിഹാദി’ന്റെ പിടിയിലാണെന്നും പിന്തിരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍, തങ്ങള്‍ മറ്റു മതക്കാരെ വെറുക്കുന്നവരല്ലെന്നും അവരോട് സൗഹൃദം സൂക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും മകള്‍ക്ക് നേര്‍വഴി പറഞ്ഞ് കൊടുക്കാന്‍ പുറത്തു നിന്നുള്ളവരുടെ സഹായം വേണ്ടെന്നും ധന്യയുടെ പിതാവ് യാദവും അമ്മ സരസ്വതിയും മറുപടി നല്‍കി. മൂവരേയും സംഘം ഭീഷണിപ്പെടുത്തി.

കോളേജിലും സാമൂഹ്യ മാധ്യമങ്ങളിലും ധന്യയെ അവഹേളിക്കുന്ന പ്രചാരണവും നടത്തി. മാനസികമായി തളര്‍ന്ന ധന്യ ശനിയാഴ്ച കോളേജില്‍നിന്ന് തിരിച്ചുവന്നശേഷം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel