വിവാദ ഭൂമിയിടപാട് സഭാ സിനഡ് ചര്‍ച്ച ചെയ്തു; പ്രശ്‌ന പരിഹാരത്തിന് പ്രത്യേക കമ്മിറ്റി

എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് സീറോ മലബാര്‍ സഭാ സിനഡ് ഗൗരവമായി ചര്‍ച്ച ചെയ്തു.

പ്രശ്‌ന പരിഹാരത്തിനായി ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് കണ്‍വീനറായ അഞ്ചംഗ കമ്മിറ്റിയെയും നിയോഗിച്ചു. സഭ ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്. വിഷയത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തി ഉടന്‍ പരിഹാരം കാണാന്‍ കമ്മിറ്റിയെ നിയോഗിച്ചു

സഭ ഔദ്യോഗികമായി ഇറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് സീറോ മലബാര്‍ സഭാ സിനഡ് ഗൗരവമായി ചര്‍ച്ച ചെയ്തതായി അറിയിച്ചത്. വിഷയത്തെക്കുറിച്ച് പഠിക്കാനും ബന്ധപ്പെട്ടവരുമായി സംസാരിച്ച് ഉചിതമായ പരിഹാരം കണ്ടെത്തുന്നതിനും ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് കണ്‍വീനറായ അഞ്ചംഗ സമിതിയെയും നിയോഗിച്ചു.

മാര്‍ തോമസ് ചക്യത്ത്, മോര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ആന്റണി കരിയില്‍ എന്നിവരാണ് മറ്റ് കമ്മിറ്റിയംഗങ്ങള്‍. എത്രയും പെട്ടെന്ന് ആവശ്യമായ ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്തുന്നതിനും കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഈ മാസം 13 വരെ കാക്കനാട്ട് സെന്റ് തോമസ് മൗണ്ടില്‍ നടക്കുന്ന സിനഡില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വൈദിക സമിതി എല്ലാ ബിഷപ്പുമാര്‍ക്കും കത്ത് നല്‍കിയിരുന്നു.

വിഷയം ചര്‍ച്ച ചെയ്തില്ലെങ്കില്‍ സിനഡിന് ശേഷം വൈദികരും അല്‍മായരും മറ്റ് പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിനഡില്‍ വിഷയം ചര്‍ച്ച ചെയ്തതും. 34 രൂപതകളില്‍ നിന്നുളള 59 മെത്രാന്മാരാണ് സിനഡില്‍ പങ്കെടുക്കുന്നത്.

ഉദ്ഘാടന ദിവസം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയ്ക്കുണ്ടായ നാണക്കേടില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഭൂമിയിടപാടില്‍ സാങ്കേതികമായി തെറ്റുപറ്റിയെന്നും കര്‍ദ്ദിനാള്‍ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ദിവസം തന്നെ വിഷയം സിനഡ് ഗൗരവമായി ചര്‍ച്ച ചെയ്തതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here