‘എനിക്ക് മുസ്ലിങ്ങളെ ഇഷ്ടമാണ്’; സംഘികളെ പ്രകോപിപ്പിച്ചത് ഈ മറുപടി; ധന്യയുടെ മരണത്തില്‍ ബിജെപി നേതാക്കള്‍ക്ക് വ്യക്തമായ പങ്ക്

മംഗലാപുരം: ചിക്മാംഗഌരില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ മാനസികപീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായകവിവരങ്ങള്‍ പുറത്ത്. കഴിഞ്ഞദിവസമാണ് ഡിഎസ് ബിലിഗൗഡ് സര്‍ക്കാര്‍ കോളെജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ധന്യശ്രീ(20) ജീവനൊടുക്കിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

സുഹൃത്തും അയല്‍ക്കാരനുമായ മുസ്ലിം യുവാവുമായുള്ള ധന്യശ്രീയുടെ സൗഹൃദമാണ് സ്ഥലത്തെ സംഘ്പരിവാറുകാരെ പ്രകോപിപ്പിച്ചത്. യുവാവുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് ബെല്‍ത്തങ്ങാടിയിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും സുഹൃത്തുമായ സന്തോഷ് ധന്യയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ യുവാവുമായി കുടുംബത്തിലെ എല്ലാവര്‍ക്കും നല്ല അടുപ്പമാണെന്നും തെറ്റായ രീതിയിലുള്ള ബന്ധമല്ല തങ്ങളുടേതെന്നും ധന്യ ഇതിന് മറുപടി നല്‍കി. മുസ്ലിം സമുദായത്തില്‍പെട്ടവര്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരെല്ലെന്നും എല്ലാവരും ഇന്ത്യക്കാരാണെന്ന് കരുതണമെന്നും ധന്യ ഇയളോട് ആവശ്യപ്പെട്ടു.

സംസാരത്തിനിടെ ധന്യശ്രീ ഒരു ചോദ്യത്തിന് നല്‍കിയ ‘ഐ ലൗ മുസ്‌ലിംസ്’ എന്ന മറുപടി സന്തോഷിനെ അലോസരപ്പെടുത്തുകയും, ഇയാള്‍ വളരെ വൈകാരികമായി പ്രതികരിക്കുകയും ചെയ്തു.

‘ഇനി മുസ്ലിങ്ങളോട് സിമ്പതി കാണിക്കുന്ന പെരുമാറ്റം നിന്റെ അടുത്ത് നിന്നുണ്ടാകരുത്’ എന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സ്ഥലത്തെ ബജ്‌റംഗ്ദള്‍, വിഎച്ച്പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

ഇതോടെ, ധന്യക്കും കുടുംബത്തിനും നേരെ ഭീഷണിപ്രവാഹം തന്നെയായിരുന്നെന്ന് പൊലീസ് പറയുന്നു. സംഘ്പരിവാര്‍ സംഘടനകളുടെ പ്രാദേശിക നേതാക്കളായ അനില്‍, അവിനാശ് ഗൗഡ, ശിവകുമാര്‍, വിനായക് എന്നിവര്‍ ധന്യയുടെ വീട്ടിലെത്തി, മകള്‍ ലൗ ജിഹാദിന്റെ പിടിയിലാണെന്നും പിന്തിരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍, തങ്ങള്‍ മറ്റു മതക്കാരെ വെറുക്കുന്നവരല്ലെന്നും അവരോട് സൗഹൃദം സൂക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും മകള്‍ക്ക് നേര്‍വഴി പറഞ്ഞ് കൊടുക്കാന്‍ പുറത്തു നിന്നുള്ളവരുടെ സഹായം വേണ്ടെന്നും ധന്യയുടെ പിതാവ് യാദവും അമ്മ സരസ്വതിയും മറുപടി നല്‍കി.

ഇതിന് പിന്നാലെയാണ് കോളേജിലും സോഷ്യല്‍മീഡിയയിലും ധന്യയെ അവഹേളിക്കുന്ന അപവാദ പ്രചാരണങ്ങള്‍ സംഘികള്‍ നടത്തിയത്. ഇതില്‍ മാനസികമായി തളര്‍ന്ന ധന്യ ശനിയാഴ്ച കോളേജില്‍നിന്ന് തിരിച്ചുവന്നശേഷം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.

സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News