സിപിഐഎം കാസര്‍ഗോഡ്, ഇടുക്കി ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് സമാപനം

കാസര്‍ഗോഡ്: കോട്ടകളുടെയും സാംസ്‌കാരിക പൈതൃകങ്ങളുടെയും നാടായ കാസര്‍കോട് ബുധനാഴ്ച ചെങ്കടലാവും. സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ സമാപനം കുറിച്ച് അയ്യായിരം റെഡ് വളണ്ടിയര്‍മാരുടെ മാര്‍ച്ച് ചരിത്ര മുന്നേറ്റമാകും.

ജില്ലയില്‍ പാര്‍ട്ടി ആര്‍ജിച്ച കരുത്തും സംഘടനാശേഷിയും ബഹുജനസ്വാധീനവും വിളംബരം ചെയ്യുന്ന റാലിയില്‍ അരലക്ഷം പേര്‍ അണിനിരക്കും. ചെങ്കള രാമണ്ണറൈ നഗറില്‍ വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

കാസര്‍കോട് ടൗണ്‍ ഹാളിലെ വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ തിങ്കളാഴ്ച തുടങ്ങിയ പൊതുചര്‍ച്ച ചൊവ്വാഴ്ച പകല്‍ ഒന്നോടെ പൂര്‍ത്തിയായി. 12 ഏരിയകളില്‍നിന്നായി 36 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഞ്ചര മണിക്കൂര്‍ പൊതുചര്‍ച്ചയ്ക്കുശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രനും സംഘടനാ റിപ്പോര്‍ട്ടില്‍ കോടിയേരി ബാലകൃഷ്ണനും മറുപടി പറഞ്ഞു.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കരുണാകരന്‍, എ വിജയരാഘവന്‍, പികെ ശ്രീമതി, ഇ പി ജയരാജന്‍, കെ കെ ശൈലജ, എളമരം കരീം, എ കെ ബാലന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം വി ഗോവിന്ദന്‍, ടി പി രാമകൃഷ്ണന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ബുധനാഴ്ച രാവിലെ ജില്ലാകമ്മിറ്റി അംഗങ്ങളെയും ജില്ലാ സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിക്കും. പകല്‍ മൂന്നിന് നായന്മാര്‍മൂലയില്‍നിന്നാണ് റെഡ് വളണ്ടിയര്‍ മാര്‍ച്ച് ആരംഭിക്കുക. ബഹുജനങ്ങള്‍ ചെറുപ്രകടനങ്ങളായി റാലിയില്‍ അണിചേരും.

കട്ടപ്പന: സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം ഉജ്വല റാലിയോടെയും ചുവപ്പുസേനാ മാര്‍ച്ചോടെയും ബുധനാഴ്ച കട്ടപ്പനയില്‍ സമാപിക്കും. നഗരസഭാ സ്റ്റേഡിയത്തിലെ സ. വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ നാലിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിനത്തിലും പൊതുചര്‍ച്ച തുടര്‍ന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടിനെ അധികരിച്ച് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനും സംഘടനാകാര്യങ്ങള്‍ക്ക് പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും മറുപടി പറഞ്ഞു. വിവിധ പ്രമേയങ്ങളും സമ്മേളനം പാസാക്കി.

പ്രതിനിധി സമ്മേളനം ബുധനാഴ്ചയും തുടരും. പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. പിണറായി വിജയന്‍, കേന്ദ്രകമ്മിറ്റിയംഗങ്ങളായ വൈക്കം വിശ്വന്‍, ഡോ. തോമസ് ഐസക്ക്, എം സി ജോസഫൈന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, എം എം മണി, കെ ജെ തോമസ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

ബുധനാഴ്ച പകല്‍ രണ്ടിന് 10,000 ചുവപ്പുസേനാംഗങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച്. മൂന്നിന് 50,000 പേര്‍ അണിനിരക്കുന്ന പൊതുപ്രകടനം. നാലിന് നഗരസഭാ സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനം. രാത്രി എട്ടിന് പൊതുസമ്മേളന വേദിയായ നഗരസഭാ സ്റ്റേഡിയത്തില്‍ പത്തനംതിട്ട സാരംഗിന്റെ ഗാനമേളയോടെ സമ്മേളനം സമാപിക്കും.

ചൊവ്വാഴ്ച വൈകിട്ട് നഗരസഭാ മിനി സ്റ്റേഡിയത്തില്‍ സഫലയുടെ സാംസ്‌കാരിക പരിപാടികളായ കവിയരങ്ങ്, പാട്ടരങ്ങ്, പാട്ടുകൂട്ടം എന്നിവയും അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here