നാഷണല്‍ മെഡിക്കല്‍കമീഷന്‍ ബില്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?

കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച നാഷണല്‍ മെഡിക്കല്‍ കമീഷന്‍ ബില്‍ രാജ്യത്തൊട്ടാകെയുള്ള ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടയാക്കി.

നാഷണല്‍ മെഡിക്കല്‍ കമീഷന്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ജനുവരി രണ്ടിന് രാജ്യമൊട്ടാകെ രണ്ടര ലക്ഷം ഡോക്ടര്‍മാരും വൈദ്യ വിദ്യാര്‍ഥികളും ഐഎംഎയുടെ നേതൃത്വത്തില്‍’ഭാരത് മെഡിക്കല്‍ ബന്ദ് നടത്തിയാണ് നിര്‍ദിഷ്ട ബില്ലിലെ അശാസ്ത്രീയവും അപകടകരവുമായ നിര്‍ദേശങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചത്.

ഇതോടൊപ്പം പാര്‍ലമെന്റില്‍ പ്രതിപക്ഷകക്ഷികളുടെ പ്രതിഷേധവുമുണ്ടായി. ഈ പശ്ചാത്തലത്തില്‍ ബില്‍ പാസാക്കാതെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയാണുണ്ടായത്. ഇതുവഴി എല്ലാ കക്ഷികള്‍ക്കും നിര്‍ദിഷ്ട ബില്ലുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളും ഭേദഗതികളും സമര്‍പ്പിക്കുന്നതിന് അവസരം ലഭിച്ചു.

ബില്ലിലെ വ്യവസ്ഥകള്‍ അശാസ്ത്രീയവും പൊതുജനാരോഗ്യ വൈദ്യവിദ്യാഭ്യാസ മേഖലകളില്‍ ദൂരവ്യാപകഫലങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. ബില്ലിലെ വ്യവസ്ഥകള്‍ എതാനും ആധുനിക ഭിഷഗ്വരന്മാരുടെ തൊഴില്‍ സാധ്യതയെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നര്‍ഥം. അതുകൊണ്ടു തന്നെ ബില്ലിലെ വ്യവസ്ഥകള്‍ സാമൂഹിക രാഷ്ട്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

ബില്ലിലെ അശാസ്ത്രീയ നിര്‍ദേശങ്ങള്‍: സ്വാശ്രയ വൈദ്യവിദ്യാഭ്യാസമേഖലയുടെ നിലവിലെ നിയന്ത്രണവും എടുത്തുകളയുന്നതാണ് ബില്‍. സ്വാശ്രയ സ്ഥാപനങ്ങളിലെ 60 ശതമാനം സീറ്റുകളിലെ ഫീസും ഇനിമുതല്‍ സ്വകാര്യ മാനേജ്‌മെന്റിന് തന്നിഷ്ടം പോലെ തീരുമാനിക്കാം. തങ്ങളുടെ കോളേജുകളിലെ പിജി/യുജി സീറ്റുകള്‍ സ്വകാര്യ മാനേജ്‌മെന്റിന് തോന്നിയപോലെ വര്‍ധിപ്പിക്കുകയുമാകാം.

സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നതിന് നിര്‍ബന്ധമായി പാലിക്കേണ്ടിവരുന്ന നടപടികളും നിര്‍ബന്ധിത പരിശോധനകളും ലളിതമാക്കിയിരിക്കുന്നു. വൈദ്യ വിദ്യാഭ്യാസരംഗത്ത് സ്വാശ്രയമേഖലയുടെ മേധാവിത്വം ഇപ്പോള്‍ തന്നെ പൂര്‍ണമാണ്.

ഈ സാഹചര്യത്തില്‍ പുതിയ ബില്‍ നിയമമായാല്‍ വൈദ്യവിദ്യാഭ്യാസ മേഖല കൂടുതല്‍ സങ്കീര്‍ണമാകും. ദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വൈദ്യവിദ്യാഭ്യാസം പൂര്‍ണമായി അപ്രാപ്യമാകും.

ഗ്രാമീണജനങ്ങള്‍ക്ക് മുറിവൈദ്യം: നിര്‍ദിഷ്ട ബ്രിഡ്ജ് കോഴ്‌സു വഴി രാജ്യത്തെ ആയുര്‍വേദ, ഹോമിയോപതി, സിദ്ധ, യുനാനി തുടങ്ങി എല്ലാ ഡോക്ടര്‍മാരെയും സങ്കര വൈദ്യന്മാരാക്കും. അതുവഴി ഡോക്ടര്‍മാരുടെ ദൌര്‍ലഭ്യം പരിഹരിക്കുമത്രേ. കേവലം ഒരു ബ്രിഡ്ജ് കോഴ്‌സ് വഴി പരിഹരിക്കാവുന്ന വ്യത്യാസമല്ല ആധുനിക വൈദ്യശാസ്ത്രവും മറ്റ് വൈദ്യശാഖകളും തമ്മിലുള്ളത്.

ഓരോ വൈദ്യശാഖയും രോഗത്തെക്കുറിച്ചും രോഗ ചികിത്സയെക്കുറിച്ചും തികച്ചും വ്യത്യസ്തവും വിരുദ്ധവുമായ ദര്‍ശനവും പ്രായോഗിക സമീപനവുമാണ് വച്ചുപുലര്‍ത്തുന്നത്. അങ്ങനെയാകുമ്പോള്‍ കേവലമൊരു ബ്രിഡ്ജ് കോഴ്‌സ് വഴി സൃഷ്ടിക്കപ്പെടുന്ന സങ്കര വൈദ്യന്മാര്‍ രാജ്യത്തെ പൊതുജനാരോഗ്യമേഖലയില്‍ സൃഷ്ടിക്കാന്‍ പോകുന്ന പ്രതിസന്ധി വലുതായിരിക്കും.

ഇന്ത്യയിലെ ഗ്രാമീണ ജനങ്ങള്‍ക്ക് അവരുടെ ആരോഗ്യപരിപാലനത്തിന് സങ്കര/മുറിവൈദ്യന്മാര്‍ മതിയെന്ന സമീപനം അംഗീകരിക്കാനാകില്ല. ഇത് ജനങ്ങളുടെ ആരോഗ്യപരിപാലന ഉത്തരവാദിത്തത്തില്‍നിന്ന് ഭരണകൂടത്തിന്റെ തന്ത്രപരമായ പിന്നോക്കം പോകലാണ്. മാത്രവുമല്ല, ഓരോ വൈദ്യശാഖയും സ്വതന്ത്രമായി വികസിച്ചുവരികയാണ് വേണ്ടത്. അതിനുള്ള സാഹചര്യമാണ് രാജ്യത്തുണ്ടാകേണ്ടത്.

ജനങ്ങള്‍ അവരുടെ ഇഷ്ടമനുസരിച്ച് ഓരോ മേഖലയും തെരഞ്ഞെടുക്കട്ടെ. ഓരോ വൈദ്യശാഖയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാല്‍, നിലവിലെ സങ്കര വൈദ്യനിര്‍ദേശം ആയുര്‍വേദ, ഹോമിയോപതി തുടങ്ങിയ വൈദ്യശാഖകളുടെ സ്വതന്ത്രമായ വികാസം തടസ്സപ്പെടുത്തും.

ഭാവിയില്‍ ആധുനിക വൈദ്യശാസ്ത്രവും സങ്കരവൈദ്യവും മാത്രമായി പൊതുജനാരോഗ്യമേഖല പരിമിതപ്പെടും.

അശാസ്ത്രീയമായ പുതിയ ക്വാളിഫയിങ് പരീക്ഷ: എംബിബിഎസിനും ഹൌസ്സര്‍ജന്‍സിക്കും ശേഷം വൈദ്യസേവനത്തിലേക്ക് തിരിയുന്നതിനു മുമ്പ് വീണ്ടുമൊരു പ്രവേശനപരീക്ഷ നിര്‍ദേശിച്ചിരിക്കുന്നു ഇത് കേവലം മള്‍ട്ടിപ്പിള്‍ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും.

അതായത് വീണ്ടുമൊരു തിയറി പരീക്ഷ. അതുകൊണ്ട് പുറത്തിറങ്ങുന്ന യുവ ഡോക്ടര്‍മാരുടെ പ്രായോഗികശേഷി എങ്ങനെ ഉറപ്പുവരുത്തും? നിര്‍ദിഷ്ട പ്രവേശന പരീക്ഷ ഉദ്ദേശിക്കുന്ന പ്രയോജനം ചെയ്യില്ല. നന്നായി ഹൌസ്സര്‍ജന്‍സി ചെയ്ത് പ്രായോഗികശേഷി ആര്‍ജിക്കുന്നതിനു പകരം കുട്ടികള്‍ ഒരു വര്‍ഷം നിര്‍ദിഷ്ട പരീക്ഷയ്ക്ക് തയ്യാറെടുക്കലാകും ഇനിമുതല്‍ നടക്കുക.

വിദേശയോഗ്യതക്കാരുടെ സ്‌ക്രീനിങ് പരീക്ഷ നിര്‍ത്തലാക്കുന്നു: വിദേശങ്ങളില്‍നിന്ന് ആധുനിക വൈദ്യശാസ്ത്രം പഠിച്ചു തിരികെ വരുന്നവര്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള എംസിഐ രജിസ്‌ട്രേഷന്‍ നേടുന്നതിനു മുമ്പ് ഇവിടെ നടത്തുന്ന നിര്‍ദിഷ്ട സ്‌ക്രീനിങ് പരീക്ഷ എഴുതി പാസാകണം. നമ്മുടെ രാജ്യത്ത് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ നിലവാരം ഉറപ്പുവരുത്തുന്നതിനാണ് ഈ പരീക്ഷ നിര്‍ബന്ധമാക്കിയിട്ടുള്ളത്. എന്നാല്‍, പുതിയ ബില്ലില്‍ ഈ പരീക്ഷ ഒഴിവാക്കിയിരിക്കുന്നു.

ഏറ്റവും അപകടകരമായ പ്രവണതയാണ് ഇത്. ഇനിമുതല്‍ വിദേശങ്ങളില്‍നിന്ന് ആധുനിക വൈദ്യശാസ്ത്രം പഠിച്ചു തിരികെ വരുന്നവര്‍ക്ക് ഇവിടെ നേരിട്ട് വന്ന് പ്രാക്ടീസ് ചെയ്യാം.

നഷ്ടമാകുന്ന ജനാധിപത്യ ഫെഡറല്‍ സ്വഭാവം: അഴിമതിയടക്കം എത്രയൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും നിലവിലെ എംസിഐയില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ള ഡോക്ടര്‍മാര്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടുവരുന്നുണ്ട്. പുതിയ ബില്ലില്‍ ഈ വ്യവസ്ഥയില്ല. ഡോക്ടര്‍മാര്‍ക്ക് പകരം വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരെയാണ് ബില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇത് നിലവിലെ എംസിഐയുടെ അക്കാദമിക/പ്രൊഫഷണല്‍സ്വഭാവം നഷ്ടപ്പെടുത്തും. അതിനാല്‍ ബില്ലില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ അനിവാര്യമാണ്. സ്വാശ്രയമേഖലയുടെ നിയന്ത്രണം പുനഃസ്ഥാപിക്കുക. സങ്കരവൈദ്യ സമീപനം ഉപേക്ഷിക്കുക. ആശുപത്രികളുടെ അടിസ്ഥാന സൌകര്യവികസനം നടത്തി ന്യായമായ ശമ്പളം നല്‍കി ഡോക്ടര്‍മാരെ നിയമിക്കുക. വര്‍ഷാവര്‍ഷം നിയമനം നടത്തി ഡോക്ടര്‍മാരുടെ ഒഴിവുനികത്തുക.

കൃത്യമായി ജോലിക്കെത്താത്ത ഡോക്ടര്‍മാരെ ശിക്ഷിക്കുക. പുതിയ പ്രവേശന പരീക്ഷ ഒഴിവാക്കുക. വിദേശയോഗ്യതക്കാരുടെ സ്‌ക്രീനിങ് പരീക്ഷ പുനഃസ്ഥാപിക്കുക. ഡോക്ടര്‍മാരുടെ സാന്നിധ്യം ജനാധിപത്യപരമായി പുനഃസ്ഥാപിക്കുക. മുഴുവന്‍ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here