വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത് വൈദികനായ അധ്യാപകന്‍; വിദ്യാര്‍ഥി സമരം ശക്തമായതോടെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

കൊട്ടാരക്കര: വിദ്യാര്‍ഥിനികളെ നിരന്തരം ശല്യം ചെയ്ത വൈദികനായ അധ്യാപകനെ വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് പുറത്താക്കി. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഫാ. ഗീവര്‍ഗീസിനെയാണ് മാനേജ്‌മെന്റ് പുറത്താക്കിയത്.

കഴിഞ്ഞദിവസം സ്‌കൂളില്‍ നടന്ന സംയുക്ത യോഗത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ അധ്യാപകനെ പുറത്താക്കണമെന്ന നിലപാടെടുത്തു. എന്നാല്‍ താക്കീത് നല്‍കിയാല്‍ മതിയെന്നായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്. പുറത്താക്കിയില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ നിലപാടെടുത്തതോടെയാണ് മാനേജ്‌മെന്റ് നടപടിക്ക് വഴങ്ങിയത്.

രണ്ടുദിവസം മുമ്പാണ് ഗീവര്‍ഗീസിനെതിരെ പരാതി ഉയര്‍ന്നത്. സ്‌കൂളിലെ വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ സിഐ അനിതകുമാരിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കേസ് എടുത്തില്ല. മാനേജ്‌മെന്റ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പരാതിയില്‍ നിന്നും പിന്‍മാറ്റി.

എന്നാല്‍ കേസ് എടുക്കണം എന്നാവശ്യവുമായി വിദ്യാര്‍ഥികള്‍ ഒന്നടങ്കം രണ്ട് ദിവസമായി പഠിപ്പ് മുടക്കി സമരം ചെയ്തു. തുടര്‍ന്നാണ് മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് തയ്യാറായതും വൈദികനെ പുറത്താക്കിയതും.

2006ലും 2013ലും ഇയാള്‍ക്കെതിരെ സമാനമായ പരാതികള്‍ ഉയര്‍ന്നെങ്കിലും മാനേജ്‌മെന്റ് സംരക്ഷിച്ചു. സ്‌കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ എഴ് വിദ്യാര്‍ഥിനികള്‍ മുഖം മറച്ച് മൊഴി നല്‍കിയതായാണ് സൂചന.

വൈദികനെതിരെ നടപടി ആവശ്യപ്പെട്ടും മാനേജ്‌മെന്റ് നിയമനങ്ങളിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടും സഭയിലെ യുവജന വിഭാഗം സമരവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News