‘മഹേഷിന്റെ പ്രതികാരം തമിഴില്‍ എടുത്ത് മലയാളികളെ കാണിക്കുകയല്ല പ്രിയന്റെ ലക്ഷ്യം’; പ്രിയദര്‍ശനെ പരിഹസിക്കുന്നവര്‍ക്ക് മറുപടി

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കിനെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി സനൂജ് സുശീലന്‍ എന്ന സിനിമാ സ്‌നേഹി. സിനിമാ പാരഡീസോ ക്ലബിന്റെ ഗ്രൂപ്പിലാണ് സനൂജ് തന്റെ അഭിപ്രായം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ

മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നായ “ചിത്രം” ഹിന്ദിയിൽ റീ-മേക്ക് ചെയ്തത് ബാപ്പയ്യ എന്നൊരു തെലുങ്കൻ സംവിധായകനായിരുന്നു. ആ സിനിമ കണ്ടിട്ട് ഹൃദയം തകർന്നു പോയ കഥ പ്രിയദർശൻ ഒരിടത്തു പറഞ്ഞിട്ടുണ്ട്.

അങ്ങനെയാണ് കിലുക്കം വിജയമായപ്പോൾ അത് സ്വന്തമായി തന്നെ റീമേക്ക് ചെയ്യാൻ പ്രിയൻ തീരുമാനിച്ചത്. “മുസ്‌കുറാഹത്” എന്ന പേരിൽ പ്രിയൻ അത് ഹിന്ദിയിൽ വീണ്ടും സംവിധാനം ചെയ്തു. ബോളിവുഡിലെ പ്രശസ്ത നിർമാതാവായ പ്രാൺ ലാൽ മേഹ്തയുടെ മകൻ ജയ് മെഹ്ത ആയിരുന്നു നായകൻ. ചിത്രം ബോക്സ് ഓഫീസിൽ പൊട്ടിപ്പൊളിഞ്ഞു. ഒരുവിധമുള്ള സംവിധായകരെല്ലാം പെട്ടി മടക്കുന്ന സന്ദർഭം.

പക്ഷെ പ്രിയൻ തന്റെ തോൽവിയെ ബുദ്ധിപൂർവം നിരീക്ഷിച്ചു. തന്റെ സിനിമ കാണാൻ വരുന്നവരുടെ സെൻസിബിലിറ്റി എന്നത് കണക്കിലെടുക്കാതിരുന്നതാണ് തന്റെ പരാജയം എന്ന് അദ്ദേഹം മനസ്സിലാക്കി. മലയാളി പ്രേക്ഷകരെ പോലെയല്ല ഉത്തരേന്ത്യയിലെ പ്രേക്ഷകർ. എല്ലാം അവർക്കു വിശദമായി തന്നെ കാണിച്ചുകൊടുക്കേണ്ടി വരും. അപ്പോൾ വിഷയം സിനിമയുടേതല്ല, തന്റെ സ്റ്റൈൽ ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

അവിടെ നിന്നാണ് ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ്‌ ചിത്രങ്ങളുടെ പിറവി ഉണ്ടായത്. മലയാളത്തിലെ സൂപ്പർ ഹിറ്റുകളായ പല സിനിമകളും അദ്ദേഹം ഹിന്ദിയിലേക്ക് മാറ്റി വിജയം കൊയ്തു. കരിയർ പൊട്ടി പൊളിഞ്ഞു നിന്നിരുന്ന അക്ഷയ് കുമാറിനെ ആക്ഷൻഹീറോ പരിവേഷത്തിൽ നിന്ന് കുടുംബ ചിത്രങ്ങളിലെ നായകനാക്കി. അദ്ദേഹത്തിന്റെ താരമൂല്യം കോടികൾ കടന്നു.

മുഖം മുഴുവൻ മസിലുള്ള സുനിൽ ഷെട്ടിയെ കൊണ്ട് വരെ ഹാസ്യ രംഗങ്ങൾ അഭിനയിപ്പിച്ചു. അമിതാഭ് ബച്ചൻ , ഷാഹ്‌റുഖ് ഖാൻ , സൽമാൻ ഖാൻ പോലെയുള്ള വൻ താരങ്ങൾ അദ്ദേഹത്തിന് വേണ്ടി ചിത്രം ചെയ്യാൻ മുന്നോട്ടു വന്നു. ഷാഹ്‌റുഖ് ഖാനെ പോലെയുള്ള വമ്പൻ താരങ്ങൾ വരെ പ്രിയൻ സർ എന്ന് മാത്രം അഭിസംബോധന ചെയ്യുന്ന വിധം അവിടത്തെ സിനിമാക്കാരുടെ ബഹുമാനം പിടിച്ചു പറ്റാൻ രണ്ടാം വരവിൽ അദ്ദേഹത്തിന് കഴിഞ്ഞു.

അക്ഷയ് കുമാർ ഇപ്പോളും തന്റെ എല്ലാ വിജയങ്ങൾക്കും പ്രധാന കാരണം പ്രിയൻ സർ ആണെന്ന് അവസരം കിട്ടുമ്പോഴെല്ലാം അവർത്തിക്കാറുമുണ്ട്.

പറഞ്ഞു വന്നതെന്താണെന്നു വച്ചാൽ, ആ പ്രിയദർശനാണ് ഇപ്പോൾ മഹേഷിന്റെ പ്രതികാരം തമിഴിൽ “നിമിർ” എന്ന പേരിൽ അവതരിപ്പിക്കുന്നത്.

ഇന്നലെ ഇതിന്റെ ട്രെയിലർ കണ്ടിട്ട് “അയ്യേ ഇതെന്തു പടം, മഹേഷിന്റെ ഏഴയലത്തു പോലും വരില്ല” എന്നൊക്കെ അഭിപ്രായപ്പെട്ടവരോട് ഒന്നേ പറയാനുള്ളൂ. ഇതൊരു തമിഴ് ചിത്രമാണ്. തമിഴർക്ക് ഇത് ഇഷ്ടമായാൽ ഇത് അവിടെ ഓടിക്കോളും.

അല്ലാതെ മഹേഷിന്റെ പ്രതികാരം തമിഴിൽ എടുത്തു മലയാളികളെ കാണിക്കുകയായിരുന്നില്ല പ്രിയന്റെ ലക്‌ഷ്യം.

ഇപ്പോഴും അദ്ദേഹത്തെ വെറുമൊരു കോപ്പിയടി സംവിധായകൻ മാത്രമായി കാണുന്നത് ഒരുപക്ഷെ മലയാളികൾ മാത്രമായിരിക്കും. അല്ലെങ്കിൽ നമ്മൾ മോശക്കാരാവുമല്ലോ.

മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന രീതിയിൽ സാങ്കേതികമായും കഥ പറച്ചിലിലും അനന്യ സാധാരണമായ ഒരു ശൈലിയുള്ള പ്രതിഭാശാലിയാണ് പ്രിയദർശൻ. നിമിർ ഒന്നും അതിനൊരു തടസ്സമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News