ഇരന്നു വാങ്ങിയ ചീമുട്ടയുടെ ഗന്ധം സഹിക്കാതെ മോങ്ങേണ്ടി വരുന്നത് ആരുടെ കർമ്മഫലമാണ്?

എ കെ ജിയെ അധിക്ഷേപിച്ച് പോസ്റ്റിട്ട ശേഷവും വി ടി ബല്‍റാം തുടരുന്ന പ്രകോപനങ്ങള്‍ക്ക് ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍ പി എം മനോജിന്‍റെ മറുപടി. ഫേസ്ബുക്കിലൂടെയാണ് മനോജിന്‍റെ പ്രതികരണം.

മൺമറഞ്ഞ നേതാക്കളെ ആക്രമിച്ചു; പോരാളികൾക്ക് തണലേകിയ മാതൃത്വത്തെ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചു; അതും പോരാഞ്ഞ് ജീവിച്ചിരിക്കുന്ന നേതാവിനെതിരെ ആക്ഷേപം ചൊരിഞ്ഞു. സ്വന്തം പാർട്ടി തള്ളിപ്പറഞ്ഞിട്ടും അതിന് വഴങ്ങാതെ തള്ള് തുടരുന്നു. തന്നെ തടയൂ; തല്ലൂ; എറിയൂ എന്ന് മുക്രയിടുന്ന നീലക്കുറുക്കന്റെ ഉദ്ദേശ്യം എന്താണ്? എന്തിനാണയാൾ എകെജി യെ വിവാദത്തിലേക്ക് കൊണ്ടുവന്നത്?

മനോവൈകൃതമായ പീഡോഫീലിയയെയും പീഡോഫൈൽസിനെയും വിശുദ്ധ വൽക്കരിക്കാൻ എന്തിന് എ കെ ജിയെയും കേരളത്തിന്റെ പോരാട്ട പൈതൃകത്തെയും നിന്ദ്യമായി ആക്രമിക്കുന്നു? ഗോപാലസേനയ്ക്ക് വഴങ്ങില്ല പോലും. തന്റെ സമ്മതം ആർക്ക് വേണം? ഇരന്നു വാങ്ങിയ ചീമുട്ടയുടെ ഗന്ധം സഹിക്കാതെ മോങ്ങേണ്ടി വരുന്നത് ആരുടെ കർമ്മഫലമാണ്? മൺമറഞ്ഞ നേതാക്കളെ ലൈംഗികച്ചുവയോടെ അപകീർത്തിപ്പെടുത്തിയാൽ ആ നേതാക്കളെ ഹൃദയത്തിലേറ്റുന്ന തലമുറ വെറുതെ കണ്ടിരിക്കുമെന്ന് കരുതിയോ?

താങ്കളും താങ്കളുടെ പടയും കഴിഞ്ഞ ദിവസങ്ങളിൽ സ്വന്തം പ്ലേ ഗ്രൗണ്ടായ സോഷ്യൽ മീഡിയയിൽ എകെജിയെയും സുശീലയെയും കുറിച്ച് നടത്തിയ പ്രചാരണങ്ങൾ ഒന്ന് റീവൈൻഡ് ചെയ്ത് നോക്കുക. അതിനെ നേരിടാൻ പ്രത്യേക ഗോപാലസേനയൊന്നും വേണ്ട. കിട്ടിയതിന് മോങ്ങരുത്. അതിനുള്ളത് കിട്ടിയിട്ടില്ല. കൂടുതൽ കിട്ടാതെ നോക്കാൻ താങ്കൾ എകെ ജിക്കെതിരായി ഉന്നയിച്ച ആരോപണം തെളിയിക്കണം; അതിനു കഴിയുന്നില്ലെങ്കിൽ മാപ്പു പറയണം.

സഹികെട്ട് ജനങ്ങൾ നടത്തിയ പ്രതിഷേധം നിയമം ലംഘിച്ചെങ്കിൽ അത് നിയമ പാലകരും കോടതിയും നോക്കട്ടെ. അവിടെയും പ്രേരണക്കുറ്റം കുഷ്ഠം ബാധിച്ച താങ്കളുടെ മനസ്സിന്റേതാണ്. അതിന് ചീമുട്ട ശിക്ഷ കൊണ്ട് ഫലമില്ല; താങ്കളെ തിരുത്തിക്കാൻ ത്രാണിയുള്ള ഒരു നേതാവും കോൺഗ്രസിലില്ല എന്നതിലാണ് സഹതാപം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here