ഹെലികോപ്ടര്‍ യാത്ര വിവാദം അനാവശ്യം; സംഭവത്തില്‍ അപാകതയില്ല; ഏത് ഫണ്ടില്‍ നിന്നാണ് ചിലവെന്ന കാര്യം തീരുമാനിക്കുന്നത് ഉദ്യോഗസ്ഥര്‍; ഓഖി ഫണ്ടില്‍ നിന്നാണെന്നറിഞ്ഞയുടനെ തീരുമാനം റദ്ദാക്കിച്ചെന്നും മുഖ്യമന്ത്രി പിണറായി

കേന്ദ്ര സംഘത്തെക്കാണാനായി ഹെലികോപ്ടറിലെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. വിവാദം അനാവശ്യമാണെന്നും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അപാകത സംഭവിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.

മോഷണം നടത്തിയെന്ന മട്ടിലാണ് ചിലര്‍ പ്രചാരണം നടത്തുന്നത്. ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രസംഘത്തെ കണ്ടില്ലെങ്കില്‍ അതാവും പിന്നീട് ആക്ഷേപം എന്നും പിണറായി ചൂണ്ടികാട്ടി.

ഹെലികോപ്റ്ററില്‍ മാത്രമല്ല, മന്ത്രിമാര്‍ കാറില്‍ യാത്ര ചെയ്യുന്നതിന്റെ ചെലവു വഹിക്കുന്നതും സര്‍ക്കാരാണ്. എന്നാല്‍ ഏതു കണക്കില്‍നിന്നാണ് ഇതെന്നത് സാധാരണഗതിയില്‍ മന്ത്രിമാര്‍ അറിയേണ്ടതില്ല.

അത്തരം കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥരാണ് നിര്‍വ്വഹിക്കുന്നത്. ഹെലികോപ്റ്ററിന്റെ വാടക നല്‍കുന്നത് ദുരിതാശ്വാസ ഫണ്ടില്‍നിന്നാണെന്ന് അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞയുടനെ തന്നെ തീരുമാനം റദ്ദാക്കിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

ഹെലികോപ്റ്റല്‍ യാത്രയില്‍ അപാകതയില്ലെന്നും അത് വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മറ്റുമുഖ്യമന്ത്രിമാരെല്ലാം ഇത്തരത്തില്‍ യാത്ര ചെയ്യാറുണ്ടെന്നും പിണറായി ചൂണ്ടികാട്ടി.

തന്റെ ആകാശയാത്രയെ വിമര്‍ശിക്കുന്ന യു.ഡി.എഫ് നേതാക്കള്‍ മുമ്പ് മുന്‍ മുഖ്യമന്ത്രി ഇടുക്കിയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര കൂടി പരിശോധിക്കണമെന്നും അന്നത്തെ യാത്രയും ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും പണമെടുത്തായിരുന്നെന്നും പിണറായി പറഞ്ഞു. തന്നെ വിമര്‍ശിക്കുന്ന ബി.ജെ.പി നേതാക്കള്‍ കേന്ദ്രത്തിലെ കാര്യം ഒന്നു നോക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഇത്തരം യാത്രകള്‍ ആവശ്യമായിരിക്കുമെന്നും ഇനിയും ഇത്തരം യാത്രകള്‍ വേണ്ടി വരുമെന്നും പിണറായി പറഞ്ഞു

രാവിലെ ഹെലികോപ്റ്റര്‍ യാത്രയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തത വരുത്തിയിരുന്നു. യാത്രക്കായി ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നും തുക നീക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസറിഞ്ഞുകൊണ്ടല്ലെന്നും ഇക്കാര്യം അറിഞ്ഞ ഉടന്‍ തന്നെ ഉത്തരവ് റദ്ദാക്കിയെന്നും ഓഫീസ് അറിയിച്ചിരുന്നു.

നിയമപരമായി യാത്ര അനുവദനീയമാണെങ്കിലും എല്‍ഡിഎഫ് നയമല്ല എന്നതിനാലാണ് ഉത്തരവ് റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പണം റിലീസ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സംഭവത്തില്‍ റവന്യൂ സെക്രട്ടറിയോട് റവന്യൂ മന്ത്രി വിശദീകരണം തേടി.

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കും തിരിച്ചുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള തുക ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്നും അനുവദിക്കണമെന്നായിരുന്നു റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്റെ ഉത്തരവ്.

എന്നാല്‍ ഇത്തരത്തില്‍ യാത്രക്കായി ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നും തുക നീക്കിയത് മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിഞ്ഞുകൊണ്ടല്ല. ഉത്തരവിറക്കുന്നതിന് മുന്‍പ് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിനോട് ഇക്കാര്യം ആരാഞ്ഞതുമില്ലെന്ന് ഓഫീസ് വ്യക്തമാക്കുന്നു.

ദുരന്ത നിവാരണ നിയമത്തിന്റെ 15ാം വകുപ്പനുസരിച്ച് ഇത്തരത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഹെലികോപ്റ്റര്‍ യാത്ര നിയമപരമായി അനുവദനീയമാണ്. അതില്‍ പ്രകാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ യാത്രയും നടത്തിയിട്ടുണ്ട്.

എന്നാല്‍ ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമല്ല എന്നതിനാലാണ് ഉത്തരവ് റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു തുക പോലും ഇതുവരെയായി റിലീസ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

അതേസമയം യാത്രയ്ക്ക് പണമനുവദിക്കണമെന്ന് കാട്ടി ഉത്തരവിറക്കിയ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കുര്യനോട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ വിശദീകരണം തേടി.

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കുന്ന സംഭവത്തില്‍ ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്നാണ് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.
സര്‍ക്കാരും മന്ത്രിയും അറിയാതെ എങ്ങനെ ഉത്തരവിറക്കിയെന്ന് വ്യക്തമാക്കണമെന്നും റവന്യൂ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here