എറണാകുളം- അങ്കമാലി അതിരൂപത ഭൂമിയിടപാട് ഒത്തുതീര്‍ക്കാന്‍ ശ്രമം

എറണാകുളം- അങ്കമാലി അതിരൂപത ഭൂമിയിടപാട് ഒത്തുതീര്‍ക്കാന്‍ ശ്രമം. സീറോ മലബാര്‍ സഭ സിനഡ് നിയോഗിച്ച അഞ്ചംഗ കമ്മീഷന്‍ വൈദിക സമിതിയുമായി കൂടിക്കാ‍ഴ്ച നടത്തി. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉചിതവും ക്രിയാത്മകവുമായി നടപടി സ്വീകരിക്കുമെന്ന് ഉറപ്പുലഭിച്ചതായി വൈദിക സമിതി അറിയിച്ചു. അതിനിടെ കര്‍ദ്ദിനാളും സഹായമെത്രാന്മാരും വൈദിക സമിതിയുമായി കൂടിക്കാ‍ഴ്ച നടത്തി.

സഭയെ പ്രതിരോധത്തിലാക്കിയ ഭൂമിയിടപാട് വിഷയം ചര്‍ച്ചകളിലൂടെയും കൂടിക്കാ‍ഴ്ചകളിലൂടെയും ഒത്തുതീര്‍ക്കാനും വൈദിക സമിതിയെ അനുനയിപ്പിക്കാനുമുളള ഊര്‍ജിത ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിന്‍റെ ഭാഗമായി പ്രശ്നം പഠിക്കാന്‍ സിനഡ് നിയോഗിച്ച അഞ്ചംഗ കമ്മീഷന്‍ വൈദിക സമിതിയുമായി ആര്‍ച്ച് ബിഷപ് ഹൗസില്‍ കൂടിക്കാ‍ഴ്ച നടത്തി.

വൈദിക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച കമ്മീഷന്‍ ഭൂമിയിടപാടില്‍ ഉചിതവും ക്രിയാത്മകവുമായ നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി. സിനഡ് കമ്മിറ്റിയംഗങ്ങളുടെ കൂടിക്കാ‍ഴ്ചയ്ക്ക് ശേഷം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ പിതാവും വൈദിക സമിതിയംഗങ്ങളുമായി കൂടിക്കാ‍ഴ്ച നടത്തി.

വൈദിക സമിതിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഭൂമിയിടപാട് പ്രശ്നങ്ങളിലേക്ക് വെളിച്ചു വീശാന്‍ സഹായിച്ചെന്നും വൈദികര്‍ക്ക് അതിരൂപതയോടുളള പ്രതിബദ്ധതയുടെ തെളിവാണെന്നും കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. സിനഡ് കമ്മീഷന്‍റെ അന്തിമ റിപ്പോര്‍ട്ടിന് ശേഷം ഉചിതമായ നടപടി എടുക്കുമെന്ന് കര്‍ദ്ദിനാളും ഉറപ്പു നല്‍കിയതായി വൈദിക സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

സിനഡ് കമ്മിറ്റിയിലെ മെത്രാന്മാര്‍ വൈദിക സമിതി നിര്‍ദേശിച്ച അന്വേഷണ കമ്മീഷനുമായും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി എന്നിവരുമായും കൂടിക്കാ‍ഴ്ച നടത്തിയിരുന്നു. ഭൂമിയിടപാട് സഭയെ പ്രതിരോധത്തിലാക്കുകയും നാണക്കേടിലാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പരസ്യപ്രതിഷേധവുമായി എത്തിയ വൈദിക സമിതിയെ അനുനയിപ്പിച്ച് പ്രശ്നം ഒത്തുതീര്‍ക്കാനുളള സഭാഅധികാരികളുടെ ശ്രമം.

ഭൂമിയിടപാട് വിഷയം വത്തിക്കാനിലെക്കെത്തിക്കാതെ സിനഡില്‍ തന്നെ പ്രശ്നം പരിഹരിച്ച് പ്രതിഷേധം അവസാനിപ്പിക്കാനാണ് മെത്രാന്മാരടങ്ങുന്ന കമ്മീഷന്‍റെ നീക്കവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel