ലോക കേരളസഭയുടെ ആവേശത്തില്‍ സംസ്ഥാനം; രാജ്യത്തിന് പുതിയ മാതൃക; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രവാസി സമൂഹത്തെ ഉള്‍പ്പെടുത്തി കേരളസമൂഹത്തിന്‍റെ പൊതുനന്‍മയെയും വികസനത്തെയും ലക്ഷ്യമാക്കി രൂപീകരിച്ച ലോക കേരളസഭയുടെ പ്രഥമസമ്മേളത്തിന് നാളെ നിയമസഭയില്‍ തുടക്കമാകും.

സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉദ്ഘാടന പ്രസംഗത്തോടെയാണ് സഭാനടപടികള്‍ ആരംഭിക്കുക.രണ്ടുദിവസങ്ങളിലായി ചേരുന്ന സമ്മേളനത്തില്‍ അഞ്ച് ഉപവേദികളായി മേഖല തിരിച്ചുള്ള സമ്മേ‍ളനങ്ങളും നടക്കും.അതിര്‍ത്തിവിട്ട് വളരുന്ന കേരളത്തെ പ്രതിനിധീകരിക്കാന്‍ ലോകകേര‍ള സഭയില്‍ ആകെ 351 അംഗങ്ങള്‍ ആയിരിക്കും ഉണ്ടാവുക.

കേരള സമൂഹവും കേരള സംസ്കാരവും സംസ്ഥാനത്തിന്‍റെ അതിര്‍ത്തിവിട്ട് ലോകമാകെ വ്യാപിച്ചുവളരുന്ന സാഹചര്യത്തില്‍ അതിന് നേതൃത്വം കൊടുക്കാനായി രൂപീകൃതമായ ലോക കേരളസഭയില്‍ ആകെ 351 അംഗങ്ങള്‍ ഉണ്ടാകും.സംസ്ഥാന നിയമസഭയിലെ 141 അംഗങ്ങളും 20 ലോക് സഭാംഗങ്ങളും 10 രാജ്യസഭാ അംഗങ്ങളും നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവരും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 174 പേര്‍ ലോക കേരളസഭയില്‍ അംഗങ്ങളായിരിക്കും.

ഇതിനുപുറമെ ഇന്ത്യന്‍ പൗരന്‍മാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളും സഭയുടെ ആദ്യ സമ്മേളനത്തില്‍ ഹാജരാകും.177 ല്‍ 42 പേര്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും ആറുപേര്‍ പ്രവാസം ക‍ഴിഞ്ഞ് തിരിച്ചെത്തിയവരും ആണ്.കൂടാതെ വിവിധ മേഖലകളിലുള്ള 30 പ്രമുഖ വ്യക്തിത്വങ്ങളെയും ലോക കേരള സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രവാസി സമൂഹത്തെ ഉള്‍പ്പെടുത്തി കേരളസമൂഹത്തിന്‍റെ പൊതുനന്‍മയെയും വികസനത്തെയും ലക്ഷ്യമാക്കി രൂപീകരിച്ച ലോക കേരളസഭയുടെ പ്രഥമസമ്മേളത്തിന് 12 ാം തീയതി രാവിലെ 9.30 ന് തുടക്കമാകും.സഭയുടെ രൂപീകരണം സംബന്ധിച്ച് ലോകകേരളസഭ സെക്രട്ടറി ജനറലും ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്‍റണി പ്രഖ്യാപനം നടത്തിയാല്‍ സഭാംഗങ്ങള്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.

ശേഷം സഭാ നടത്തിപ്പിനെ കുറിച്ചുള്ള സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ പ്രഖ്യാപനം.സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉദ്ഘാടനപ്രസംഗത്തോടെ കാര്യപരിപാടികള്‍ക്കും തുടക്കമാകും.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആയിരിക്കും തുടര്‍ന്ന് സംസാരിക്കുക.

ലോക കേരളസഭയെ കുറിച്ചുള്ള തങ്ങളുടെ കാ‍ഴ്ചപ്പാട് രാജ്യസഭ ഡെപ്യൂട്ടി സ്പീക്കര്‍,കേന്ദ്രസഹമന്ത്രി,വിവിധ റീജിയണുകളിലെ പ്രതിനിധികള്‍,പ്രമുഖ എന്‍ആര്‍ഐ വ്യവസായികള്‍ തുടങ്ങിയവര്‍ വ്യക്തമാക്കും.നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില്‍ മേഖലതിരിച്ചുള്ള സമ്മേ‍ളനങ്ങള്‍ നടക്കും.

ആദ്യ ദിനം വൈകുന്നേരം ദൃശ്യാഷ്ടകം എന്ന കലാവിരുന്ന് അരങ്ങേറും.ലോകകേരള സഭയില്‍ മൂന്ന് ഓപ്പണ്‍ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്.നിശാഗന്ധിയില്‍ 13 ന് നടക്കുന്ന സമാപന പൊതുസമ്മേളനം ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് വിവിധ കലാപരിപാടികളും നിശാഗന്ധിയിലെ വേദിയില്‍ അവതരിപ്പിക്കും.സ്പീക്കറുടെ അദ്ധ്യക്ഷതയിലുള്ള 7 അംഗങ്ങളുടെ പ്രസീഡിയമായിരിക്കും സഭാ നടപടികള്‍ നിയന്ത്രിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel