മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് കുടുംബാംഗങ്ങള്‍; സമസ്ത ഉന്നതാധികാര സമിതിയില്‍ രൂക്ഷ വിമര്‍ശനം

പാണക്കാട് കുടുംബാംഗങ്ങള്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തതിനെതിരെ സമസ്ത ഉന്നതാധികാര സമിതിയില്‍ രൂക്ഷ വിമര്‍ശനം. എതിര്‍പ്പ് അവഗണിച്ച് ഇത്തരം നടപടി തുടര്‍ന്നാല്‍ സമസ്തയിലുളള സ്ഥാനത്ത് നിന്ന് ഇവരെ ഒഴിവാക്കാന്‍ കോഴിക്കോട് ചേര്‍ന്ന ഇ കെ വിഭാഗം മുശാവറയില്‍ തീരുമാനം.

മുജാഹിദ് നേതൃത്വത്തിന് കൂരിയാട് നടക്കുന്ന ആദര്‍ശ സമ്മേളനത്തില്‍ മറുപടി നല്‍കാനും മുത്തലാഖ് നിരോധന ബില്‍, നിയമപരമായി നേരിടുന്ന കാര്യം പരിശോധിക്കാനും സമസ്ത ഇ കെ വിഭാഗം യോഗം തീരുമാനിച്ചു.

സമസ്തയുടെ എതിര്‍പ്പ് അവഗണിച്ച് മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പാണക്കാട് മുനവ്വറലി തങ്ങളും റഷീദലി തങ്ങളും പങ്കെടുത്തതില്‍ ഇ കെ വിഭാഗത്തിനുളള അമര്‍ഷം തുടരുന്നതിനിടയിലാണ് സമസ്തയുടെ മുശാവറ യോഗം കോഴിക്കോട് ചേര്‍ന്നത്.

ഇതിലും ഇരുവര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു, തല്‍ക്കാലം നടപടി വേണ്ടെന്നാണ് തീരുമാനം. എന്നാല്‍ തുടര്‍ന്നങ്ങോട്ട് നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ആര് മുന്നോട്ട് പോയാലും സമസ്തയില്‍ ഇവര്‍ക്ക് സ്ഥാനം ഉണ്ടാവില്ല. മുജാഹിദ്, ജമാഅത്ത് തുടങ്ങിയ കക്ഷികളുടെ ആദര്‍ശ പരിപാടികളില്‍ പങ്കെടുക്കരുതെന്ന സമസ്തയുടെ മുന്‍ നിലപാട് ആവര്‍ത്തിച്ചു.

സമസ്തയുടേയും പോഷക സംഘടകളുടേയും സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ അത്തരം പരിപാടികളില്‍ പങ്കെടുത്താല്‍ അയോഗ്യരായിരിക്കും. മുജാഹിദ് നേതൃത്വം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കടക്കം ഇന്ന് ആരംഭിക്കുന്ന ആദര്‍ശ സമ്മേളനത്തില്‍ ശക്തമായ മറുപടി നല്‍കാനും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് ചേര്‍ന്ന യോഗം തീരുമാനിച്ചു.

മുത്തലാഖ് നിരോധന ബില്ലിനെ നിയമപരമായി നേരിടാനുള്ള നടപടികള്‍ പരിശോധിച്ച് വരികയാണ് സമസ്ത ഇ കെ വിഭാഗം. ഇതുമായി ബന്ധപ്പെട്ട് നിയമ വിദഗ്ദരുമായും, ഇതിനായി ഇവര്‍ നേരത്തെ നിയോഗിച്ച 11 അംഗ കമ്മറ്റിയുടെ റിപ്പേര്‍ട്ടിന്റെ അടിസ്ഥാനത്തിലും തുടര്‍ നടപടി സ്വീകരിക്കും.

കാരന്തൂരില്‍ നടന്ന മര്‍ക്കസ് നാല്‍പാതാം വാര്‍ഷിക സമ്മേളനത്തില്‍ നിന്ന് ലീഗ് നേതാക്കള്‍ വിട്ടു നിന്നതും ചര്‍ച്ചയായിരുന്നു. മുജാഹിദ് സമ്മേളന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സമസ്തയെ കൂടുതല്‍ പ്രകോപിപ്പിക്കണ്ട എന്ന ലീഗ് തന്ത്രവും സമസ്ത നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News