പത്തനംതിട്ട സ്വദേശിനിയെ മതം മാറ്റി സിറിയയിലേക്ക് കടത്താൻ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ക്കെതിരെ UAPA ചുമത്തി; ഐഎസ് ബന്ധം അന്വേഷിക്കും

പെണ്‍കുട്ടിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്കെതിരെ പോലീസ് UAPA ചുമത്തി.ആലുവ DYSP യുടെ നേതൃത്വത്തില്‍ ഇന്നലെ പിടികൂടിയ ഫയാസ് ,സിയാദ് എന്നിവര്‍ക്കെതിരെയാണ് UAPA ചുമത്തിയത്.

ഗുജറാത്തിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയെ മതം മാറ്റി സിറിയയിലേക്ക് കടത്താൻ ശ്രമിച്ചുവെന്ന പരാതിയിലാണ് നടപടി.പ്രധാന പ്രതി മുഹമ്മദ് റിയാസ് വിദേശത്താണ്.

2014 ല്‍ ഗുജറാത്തില്‍ നിന്നും പഠനത്തിനായി ബംഗലുരുവിലെത്തിയ പെണ്‍കുട്ടിയുമായി മുഹമ്മദ് റിയാസ് അടുപ്പത്തിലായിരുന്നു.പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ റിയാസ് ഇതുവെച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം ക‍ഴിച്ചു.

ഇതിനിടെ പെണ്‍കുട്ടിയെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയി.തുടര്‍ന്ന് റിയാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയും കോടതിയില്‍ ഹാജരായ പെണ്‍കുട്ടിയെ റിയാസിനൊപ്പം വിടാന്‍ അനുമതി നല്‍കുകയും ചെയ്തു.

പിന്നീട് ഇവര്‍ റിയാസിന്‍റെ ബന്ധുവായ ഫയാസിന്‍റെ പറവൂരിലുള്ള വീട്ടിലും മാഞ്ഞാലിയിലെ വാടകവീട്ടിലും താമസിച്ചു.ദിവസങ്ങള്‍ക്കകം സന്ദര്‍ശന വിസയില്‍ ഇരുവരും സൗദിഅറേബ്യയിലേക്ക് പോയി.വിവാഹം ചെയ്തതായി വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് വിദേശത്തേക്ക് പോയത്.

ഇവിടെ നിന്നും സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന വിവരം പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ അറിഞ്ഞതിനെതുടര്‍ന്ന് വിദേശത്തുള്ള സുഹൃത്തിന്‍റെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി തിരികെ നാട്ടിലെത്തിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ ഒളിപ്പിച്ച് താമസിക്കാന്‍ സഹായിച്ച രണ്ടുപേരെയാണ് പോലീസ് പിടികൂടിയത്.ഇവര്‍ക്കെതിരെ UAPA ചുമത്തിയിട്ടുണ്ട്.വിദേശത്തുള്ള റിയാസിനെ കൂടാതെ ബംഗലുരുവിലുള്ള ഒരു സ്ത്രീയും കണ്ണൂര്‍ സ്വദേശികളായ 4 പേരും അടക്കം 10ഓളം പേര്‍ കേസില്‍ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ മൊ‍ഴി പ്രകാരം കേസിലെ ഐ എസ് ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചതായും എസ് പി അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here