സംഘ്പരിവാറിന്റെ മുസ്ലിം വിരുദ്ധത ഇങ്ങനെയും: എസ്എഫ്‌ഐ നേതാവിന്റെ ഫോട്ടോ വച്ച് കുപ്രചരണം; ആറു വാട്‌സ്ആപ്പ് ഗ്രൂപ്പുകളും സ്ത്രീകളും നിരീക്ഷണത്തില്‍

എസ്എഫ്‌ഐ നേതാക്കളായ മുസ്ലിം യുവാവിന്റെയും ഹിന്ദു യുവതിയുടെയും ചിത്രങ്ങള്‍ ഉപയോഗിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ വ്യാജപ്രചരണം.

എസ്എഫ്‌ഐ ജില്ലാ നേതാവായ മാധുരിയുടെ ചിത്രം ഉപയോഗിച്ചാണ് സംഘികളുടെ കുപ്രചരണം. മാധുരിയും സുഹൃത്തുക്കളും ഒരുമിച്ചിരിക്കുന്ന ചിത്രം എടുത്ത്, അതില്‍ മുസ്ലിം സുഹൃത്തായ ഹംസ കിനിയയെ ചുവന്ന വൃത്തത്തില്‍ അടയാളപ്പെടുത്തിയാണ് വ്യാജപ്രചരണം.

ചിത്രത്തിനൊപ്പമുള്ള സന്ദേശം ഇങ്ങനെയായിരുന്നു, ‘ഹംസ കിനിയ എന്ന മുസ്ലിം യുവാവ് ഹിന്ദു പെണ്‍കുട്ടികളോടൊപ്പം ചുറ്റിക്കറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇനിയും ഇത്തരത്തില്‍ ഇയാളെ ഹിന്ദു പെണ്‍കുട്ടികളോടൊപ്പം കണ്ടാല്‍ സംഘപരിവാര്‍ അതിന് മറുപടി നല്‍കും (അയാളെ കൈകാര്യം ചെയ്യും).’

സംഭവത്തെക്കുറിച്ച് മാധുരി പറയുന്നത് ഇങ്ങനെ:

‘വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന സന്ദേശം കണ്ട് ഞാന്‍ ആകെ ഞെട്ടിപ്പോയി. സന്ദേശത്തിന്റെ ഉള്ളടക്കം ഭയം ഉളവാക്കി. ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ആ ഫോട്ടോ ഏകദേശം ഒരു വര്‍ഷം മുമ്പ് എടുത്തതാണ്. എസ്എഫ്‌ഐയുടെ ക്യാമ്പില്‍ പങ്കെടുക്കുന്നതിന് വേണ്ടി ബസില്‍ സഞ്ചരിക്കവേ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു സുഹൃത്ത് എടുത്ത ചിത്രമാണത്.

അതില്‍ ഹംസയെ കൂടാതെ തന്റെ സുഹൃത്തകളായ സുഭാഷ് അഡിക, ഗണേഷ് ബോളര്‍ എന്നിവരുമുണ്ടായിരുന്നു. എസ്എഫ്‌ഐ ജില്ലാ ജോയന്റ് സെക്രട്ടറിയാണ് ഹംസ. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എനിക്ക് ഭാരവാഹികളോടാപ്പം വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കേണ്ടി വരും. അതിന്റെ ഭാഗമായുള്ള ഒരു യാത്രയായിരുന്ന അത്. ആ ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടത്’.

സംഘപരിവാറിന്റെ സദാചാരപൊലീസിംഗ് അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് പരാതി കൊടുത്തതെന്ന് മാധുരിയുടെ മാതാവ് ഭാരതി ബോളാര്‍ പറഞ്ഞു.

‘ദക്ഷിണ കര്‍ണാടകയില്‍ മതംതിരഞ്ഞുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണ്. മദിഗരെയില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് സംഘപരിവാറിന്റെ വര്‍ഗീയ ഇടപെടല്‍ മൂലമാണ്. അതുകൊണ്ട് തന്നെ സംഘപരിവാര്‍ മതംതിരഞ്ഞുള്ള ആക്രമണം അവസാനിപ്പിക്കണം. അതിന് ഞാന്‍ എന്റെ മകളെ പിന്തുണയക്കും. അവള്‍ നല്‍കിയ പരാതിയോടൊപ്പം നില്‍ക്കും.’

അതേസമയം, മാധുരിക്കെതിരെ വ്യാജ പ്രചരണം നടത്തിയ ആറ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളേയും അത് നടത്തുന്ന രണ്ട് പുരുഷന്‍മാരേയും ഒരു സ്ത്രീയേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News