ചെല്ലാനത്ത് ഹാര്‍ബറിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കൊച്ചി: ചെല്ലാനത്ത് ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഉടമകള്‍ വിട്ടു നല്‍കാത്ത സ്ഥലം നിര്‍ബന്ധപൂര്‍വ്വം ഏറ്റെടുത്ത് മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച തീരദേശ മേഖലയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച കൊച്ചിയിലെ ചെല്ലാനം മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പരിഹാര മാര്‍ഗ്ഗങ്ങളും നിര്‍ദേശിച്ചത്. ചെല്ലാനത്ത് ഹാര്‍ബര്‍ ഉണ്ടായിട്ടും അവിടേക്കുളള വഴി പൂര്‍ത്തീകരിക്കാത്തതിനാല്‍ ഉപയോഗപ്രദമല്ല.

സ്ഥലം വിട്ടു നല്‍കാന്‍ ചിലര്‍ കാണിക്കുന്ന പിടിവാശിയാണ് തടസ്സമാകുന്നത്. ഇത് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് ഹാര്‍ബര്‍ തുറന്നുകൊടുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട 1168 പേരെ രക്ഷപ്പെടുത്താനായി. ഇനിയും 113 പേരെ കണ്ടെത്താനുണ്ട്. ഇതില്‍ കൂടുതലും അന്യസംസ്ഥാനക്കാരായതിനാല്‍ തമിഴ്‌നാട്ടിലെയും അസമിലെയും സര്‍ക്കാരുകളോട് കാണാതായവരുടെ ലിസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel