പി.ജയരാജന്റെ മകന്‍ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചെന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്; വാര്‍ത്തകള്‍ വളച്ചൊടിച്ചത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവായ പൊലീസുകാരന്‍

കണ്ണൂര്‍: ശുചിമുറി സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ആശിഷ് രാജ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചെന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്.

കോണ്‍ഗ്രസ് അനുകൂല പൊലീസ് സംഘടനയുടെ നേതാവ് കൂടിയായ മനോജ് എന്ന ഉദ്യോഗസ്ഥനാണ് സംഭവം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വളച്ചൊടിച്ചത്. ഇതിനെതിരെ ഉന്നതഉദ്യോഗസ്ഥര്‍ക്ക് ആശിഷ് നല്‍കിയതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവന്നത്.

സംഭവിച്ചത് ഇങ്ങനെ:

പി ജയരാജന്റെ സഹോദരിയും മുന്‍ വടകര എംപിയുമായ സതിദേവിയുടെ മകളും കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ അഞ്ജലിക്കൊപ്പമുള്ള സംഘം ഭോപ്പാലില്‍ നടന്ന കലോത്സവത്തില്‍ പങ്കെടുത്ത് തിരിച്ചു വരികയായിരുന്നു. ഇതിനിടെ ശുചിമുറിയില്‍ പോകുന്നതിന് വേണ്ടി മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷന്റെ മുന്നില്‍ ബസ് നിര്‍ത്തി.

ശുചിമുറി സൗകര്യങ്ങള്‍ പൊതുവേ കുറവാണ് മട്ടന്നൂര്‍ ടൗണില്‍. എന്നാല്‍ ജനമൈത്രി പൊലീസ് സ്റ്റേഷന്‍ ആയതുകൊണ്ട് ശുചിമുറിയില്‍ പോകാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്.

ഇക്കാര്യം അറിയാവുന്ന ആശിഷ് സംഘത്തോടൊപ്പമുള്ള അധ്യാപികമാരുടെ ആവശ്യപ്രകാരമാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ വാഹനം നിര്‍ത്തിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മനോജ് എന്ന പൊലീസുകാരനോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അത്യാവശ്യമായി ശുചിമുറി സൗകര്യം വേണമെന്ന് ആവശ്യപെട്ടു.

എന്നാല്‍ ഇതൊന്നും ഇവിടെ പറ്റില്ലെന്നും വേണമെങ്കില്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ പോയിക്കൊളൂ എന്നും പറഞ്ഞ് ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് അധ്യാപികമാരും വിദ്യര്‍ത്ഥിനികളും വീട്ടിലേക്ക് തിരിച്ചു പോയി.

എന്നാല്‍ പിന്നീട് പി ജയരാജന്റെ മകനാണെന്ന് ആശിഷ് എന്ന് സിഐ പറഞ്ഞതിലൂടെ അറിഞ്ഞ മനോജ്, നടപടി വരാന്‍ സാധ്യതയുണ്ടെന്ന് കരുതി സംഭവം വളച്ചൊടിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് എസ്പി റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്. പൊലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ആശിഷ് രാജും പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here