ബല്‍റാമിന്റെ നീചനടപടി സംഘപരിവാര്‍ മാതൃകയിലുള്ളതോ? ബല്‍റാമിനെ സംഘപരിവാര്‍ ന്യായീകരിച്ചു; ബല്‍റാമിനെതിരേ കോണ്‍ഗ്രസ് നടപടിയുമില്ല

മഹാത്മാഗാന്ധിയെ വധിച്ച തീവ്രഹിന്ദുത്വശക്തികളെ വെള്ളപൂശാനുള്ള സംഘപരിവാര്‍സംഘത്തിന് തിരിച്ചടിയാണ് അമിക്കസ്‌ക്യൂറി സുപ്രീംകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. നാഥുറാം ഗോഡ്‌സെ അല്ലാതെ മറ്റാരെങ്കിലും ഗാന്ധിജിയെ വെടിവച്ചതിന് തെളിവില്ലെന്ന് അമിക്കസ്‌ക്യൂറി അമരേന്ദ്ര ശരണ്‍ കോടതിയെ അറിയിച്ചു.

ഗാന്ധിവധം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ അഭിനവ് ഭാരത് ട്രസ്റ്റ് ഭാരവാഹിയും സംഘപരിവാര്‍ നേതാവുമായ ഡോ. പങ്കജ് ഫഡ്‌നിസാ നല്‍കിയ ഹര്‍ജിയിലാണ് അമിക്കസ്‌ക്യൂറിയുടെ നിര്‍ണായക റിപ്പോര്‍ട്ട്.

മോഡി ഭരണത്തണലില്‍ ചരിത്രത്തെ കീഴ്‌മേല്‍ മറിക്കാനുള്ള യജ്ഞം വ്യാപകമാണ്. അതിന്റെ ഭാഗമാണ് ഗാന്ധിവധത്തിനുപിന്നില്‍ ബ്രിട്ടീഷ് ചാരന്മാരായിരുന്നുവെന്ന് സ്ഥാപിക്കാനും അതുവഴി നാഥുറാം ഗോഡ്‌സെയെ മരണാനന്തരം പരമയോഗ്യനാക്കാനുമുള്ള ഉദ്യമം. ഈ ലക്ഷ്യത്തോടെയാണ് ഗാന്ധിജിക്ക് ഏറ്റ നാലാമത്തെ വെടി അജ്ഞാതനായ കൊലയാളിയുടെ തോക്കില്‍ നിന്നായിരുന്നുവെന്നും ഇതായിരുന്നു മരണകാരണമെന്നും ചൂണ്ടിക്കാട്ടി സവര്‍ക്കരുടെ അനുയായിയായ പങ്കജ് പരാതി നല്‍കിയത്.

ഗാന്ധിവധത്തെപ്പറ്റി വിചാരണ നടത്തിയ കോടതിയിലെ നാലായിരം പേജിലെ രേഖകളും ജീവന്‍ലാല്‍ കപൂര്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടും പരിശോധിച്ചശേഷമാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്. മഹാത്മജിയുടെ ശരീരത്തില്‍ തുളച്ചുകയറിയ വെടിയുണ്ടകളും അത് ഉതിര്‍ത്ത തോക്കും അതുപയോഗിച്ച ആളും കൊല്ലാന്‍ പ്രേരിപ്പിച്ച പ്രത്യയശാസ്ത്രവുമെല്ലാം തെളിയിക്കപ്പെട്ടതാണ്.

ഇതുസംബന്ധിച്ച് പുതിയ ഒരു അന്വേഷണത്തിന് വഴിതുറക്കുന്ന എന്തെങ്കിലും തെളിവോ സംശയം ജനിപ്പിക്കുന്ന കണ്ടെത്തലോ ഉണ്ടായിട്ടില്ലെന്നും അമരേന്ദ്ര ശരണ്‍ തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

1948 ജനുവരി 30ന് വൈകിട്ട് 5.12നാണ് ഗാന്ധിജി ഗോഡ്‌സെയുടെ വെടിയേറ്റ് മരിച്ചതെന്നാണ് കോടതിരേഖ. മൂന്ന് വെടിയുണ്ടകള്‍ ഗാന്ധിജിയുടെ നെഞ്ച് തുളച്ചു. നാഥുറാം ഗോഡ്‌സെ, സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ, വിഷ്ണു കര്‍ക്കറെ, മദന്‍ലാല്‍ പഹ്വ, ശങ്കര്‍ കിസ്തായ്യ, ദത്താത്രേയ പര്‍ച്ചുരെ, വിനായക് സവര്‍ക്കര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

1948 മെയ് 27ന് വിചാരണ ആരംഭിച്ചു. 1949 ഫെബ്രുവരി 10ന് ജസ്റ്റിസ് ആത്മചരണ്‍ വിധി പറഞ്ഞു. ഗോഡ്‌സെയ്ക്കും നാരായണന്‍ ആപ്‌തെയ്ക്കും വധശിക്ഷ. ഗോപാല്‍ ഗോഡ്‌സെ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവപര്യന്തം. സവര്‍ക്കരെ വിട്ടയച്ചു.
1949 നവംബര്‍ 15ന് ഗോഡ്‌സെയെ തൂക്കിലേറ്റി. ഇതെല്ലാം ചരിത്രം. കേസില്‍ ഗോഡ്‌സെയും കൂട്ടരും നിരപരാധികള്‍ എന്ന് വരുത്തുന്നതിനായാണ് സംഘപരിവാര്‍ ഫഡ്‌നിസിലൂടെ കോടതിയില്‍ എത്തിയത്. സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് കഴിഞ്ഞ ഒക്ടോബറിലാണ് അമരേന്ദ്ര ശരണിനെ കോടതിയെ സഹായിക്കാനുള്ള വക്കീലായി നിയമിച്ചത്.

നാഥുറാം ഗോഡ്‌സെ അല്ലാതെ മറ്റൊരാളുടെ വെടിയുണ്ടയാണ് ഗാന്ധിജിയുടെ മരണത്തിന് മുഖ്യകാരണമെന്ന് സ്ഥാപിക്കാനാണ് ഹര്‍ജിക്കാരന്‍ ശ്രമിച്ചത്. എന്നാല്‍, ആ അനുമാനം അടിസ്ഥാനരഹിതമാണെന്നാണ് അമിക്കസ്‌ക്യൂറിയുടെ വിലയിരുത്തല്‍.

എഴുപതുവര്‍ഷം മുമ്പത്തെ കേസ് വീണ്ടും അന്വേഷിക്കണമെന്ന് പറയുന്ന ഹര്‍ജിക്കാരന്റെ താല്‍പ്പര്യം എന്താണെന്ന് ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് സുപ്രീംകോടതിയില്‍ ചോദിച്ചിട്ടുണ്ട്.

ആര്‍എസ്എസും അതിന്റെ നേതാക്കളും അവരുടെ പ്രധാനമന്ത്രിമാരും അവരുടെ വിശ്വരൂപം ചിലപ്പോഴെല്ലാം പുറത്തുകാട്ടുകയും പലപ്പോഴും മറച്ചുവയ്ക്കുകയും ചെയ്യാറുണ്ട്. ഇത്തരം കള്ളക്കളി നടത്തുന്ന വിഷയങ്ങളിലൊന്നാണ് ഗാന്ധിവധം. ഗോഡ്‌സെയെ വാഴ്ത്തുന്നതിലും ഗാന്ധിഘാതകനുവേണ്ടി ക്ഷേത്രം പണിയുന്നതിനുപോലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് മടിയില്ല.

ഗോഡ്‌സെയ്ക്കും ആ കേസിലെ മറ്റു പ്രതികള്‍ക്കുംവേണ്ടി കോടതിയില്‍ വാദിച്ച ലക്ഷ്മണ്‍ റാവു എന്ന അഭിഭാഷകന്റെ ജീവചരിത്രം പ്രധാനമന്ത്രിയായിരിക്കെ വാജ്‌പേയിയാണ് പ്രകാശനംചെയ്തത്. ഐഎന്‍എ പട്ടാളക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ നെഹ്‌റുവിനുതുല്യനാണ് ലക്ഷ്മണ്‍ റാവു എന്ന് അന്ന് വാജ്‌പേയി പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു.

ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്നത് സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധപോരാട്ടം നടത്താന്‍ രൂപീകരിച്ച സംഘടനയാണ്. ആത്മത്യാഗം ചെയ്തും സായുധപോരാട്ടത്തിലൂടെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടുക എന്നതായിരുന്നു ഐഎന്‍എയുടെ കാഴ്ചപ്പാട്. മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്‌സെയെയും കൂട്ടുപ്രതികളെയും ഐഎന്‍എ ഭടന്മാരോട് ഉപമിച്ച വാജ്‌പേയിയുടെ നിരീക്ഷണത്തിലൂടെ അന്നത്തെ ആര്‍എസ്എസ് പ്രധാനമന്ത്രിയുടെ ഉള്ളിലിരുപ്പ് പുറത്തുവന്നു.

ഐഎന്‍എ സ്വാതന്ത്യ്രസമരത്തിനായി നിലകൊണ്ട പ്രസ്ഥാനമാണെങ്കില്‍ ആര്‍എസ്എസ് സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുക്കാത്ത സംഘടനയാണ്.

മുസ്‌ളിം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നു എന്നാരോപിച്ചാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചത്. ബ്രീട്ടിഷ് സാമ്രാജ്യത്തിനെതിരായ സ്വാതന്ത്യ്രസമരത്തില്‍ ജനങ്ങളെ നയിക്കുന്നതില്‍ ചരിത്രപരമായ പങ്കുവഹിച്ചതുകൊണ്ടാണ് എം കെ ഗാന്ധിയെ ഇന്ത്യന്‍ജനത അന്ന് മഹാത്മാ’എന്ന് വിശേഷിപ്പിച്ചത്.

ജവാഹര്‍ലാല്‍ നെഹ്‌റുവും മഹാകവി രവീന്ദ്രനാഥ ടാഗോറുമാണ് ഗാന്ധിജിയെ മഹാത്മാ എന്ന് ആദ്യം അഭിസംബോധന ചെയ്തത്. തെക്കേ ആഫ്രിക്കയില്‍ വെളുത്തവര്‍ഗക്കാരുടെ മേധാവിത്വത്തിനെതിരായി ഗാന്ധിജി നടത്തിയ സമരം 1915 ആയപ്പോഴേക്കും ഇന്ത്യന്‍ജനതയുടെ പിന്തുണയാര്‍ജിച്ചു. 1921മുതല്‍ 1947വരെയുള്ള ഘട്ടത്തില്‍ ഇന്ത്യയില്‍ നടന്ന സമരങ്ങളുടെ നേതൃത്വം ഗാന്ധിജിക്കായിരുന്നു. അതിലൂടെ ഇന്ത്യന്‍ജനതയുടെ ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടി.

സ്വാതന്ത്ര്യസമരത്തിന്റെ അവസാനഘട്ട മായപ്പോഴും തുടര്‍ന്ന് സ്വാതന്തന്ത്ര്യംനേടിയ ശേഷവും ഗാന്ധിജി വളരെ നിരാശനായിരുന്നു. ഹിന്ദുമുസ്‌ളിം കലാപവും ഇന്ത്യ രണ്ട് രാഷ്ട്രമായതും അദ്ദേഹത്തെ വേദനിപ്പിച്ചു.

കോണ്‍ഗ്രസ് ഭരണവും കോണ്‍ഗ്രസും സംഘടനയും അദ്ദേഹത്തില്‍ അതൃപ്തിയാണ് പരത്തിയത്. അതുകൊണ്ടാണ് കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടത്.

പാകിസ്ഥാനിലെ ജനങ്ങളെ സ്വന്തം സഹോദരങ്ങളായി കണ്ട ഗാന്ധിജി കരാര്‍ പ്രകാരം പാകിസ്ഥാന് നല്‍കേണ്ട 55 കോടി രൂപ ഇന്ത്യാ സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്ത് വന്നു. മുസ്‌ളിംവിരോധ രാഷ്ട്രീയം അസ്ഥിയില്‍ പിടിച്ച ഗോഡ്‌സെയും സംഘവും ഗാന്ധിജിയെ വധിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഹിന്ദുമുസ്‌ളിം ഐക്യത്തിനായുള്ള ഗാന്ധിജിയുടെ അടിയുറച്ച നിലപാട് ആര്‍എസ്എസിന് പൊറുക്കാവുന്നതായിരുന്നില്ല.

ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നത് പ്രഖ്യാപിതലക്ഷ്യമായി അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. അതുകൊണ്ടാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന് പകരം ഗാന്ധിജിയോട് ശത്രുതയുണ്ടായത്. ഈ ഹിന്ദുത്വനിലപാടില്‍നിന്നുകൊണ്ടാണ് വര്‍ഗീയവാദിയായ ഗോഡ്‌സെയും കൂട്ടരും ഗാന്ധിജിയെ വധിച്ചത്.

ആ കുറ്റകൃത്യത്തില്‍ നാഥുറാം വിനായക ഗോഡ്‌സെ ഒരിക്കലും പശ്ചാത്തപിച്ചിട്ടില്ല.”ഞാന്‍ ഗാന്ധിയെ വെടിവച്ചു. ഞാന്‍ അദ്ദേഹത്തിനുമേല്‍ ബുള്ളറ്റുകള്‍ വര്‍ഷിച്ചു. എനിക്ക് പശ്ചാത്താപമില്ല. അത് ശരിയായ കാര്യമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു.” ഗാന്ധിജി കൊല്ലപ്പെടേണ്ടയാളായിരുന്നുവെന്ന് നാഥുറാമിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയും പലതവണ പറഞ്ഞിട്ടുണ്ട്.

ഗാന്ധിജിയെ ആര്‍എസ്എസുകാര്‍ എന്തിനു കൊന്നെന്ന് ഹിന്ദുമഹാസഭയുടെ നേതാവ് സവര്‍ക്കര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗാന്ധിവധം അദ്ദേഹത്തിന്റെ വികാരത്തിന്റെ ഫലമാണെന്നാണ് സവര്‍ക്കര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ജമ്മു കശ്മീരില്‍ ആക്രമണം നടത്തിക്കൊണ്ടിരുന്നിട്ടും പാകിസ്ഥാന് അമ്പത്തഞ്ചുകോടി രൂപയുടെ പ്രതിഫലം നല്‍കാന്‍ ഗാന്ധിജി നിര്‍ബന്ധിച്ചു. ഇത്തരം നിലപാടുകളോട് ഒരു എളിയ ദേശസ്‌നേഹിപോലും യോജിക്കില്ലെന്നും സവര്‍ക്കര്‍ പറഞ്ഞിട്ടുണ്ട്.

ഇത്തരം നിലപാടുകളുടെ തുടര്‍ച്ചയായാണ് ആര്‍എസ്എസുകാരനായ അഭിഭാഷകന്‍ ഗാന്ധിഘാതകരെ രക്ഷിക്കാന്‍ കോടതിയിലെത്തിയത്. ഇപ്പോഴാകട്ടെ മരണാനന്തരം ഗോഡ്‌സെയെ വെള്ളപൂശാന്‍ സംഘപരിവാര്‍ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നു. ഇതിന് ഏറ്റ തിരിച്ചടിയാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. ഇനി കോടതിവിധിക്കായി കാക്കാം.

ഗാന്ധിജിയെ തമസ്‌കരിക്കുകയും ഗോഡ്‌സെയെ വാഴ്ത്തുകയും ചെയ്യുക എന്നതാണ് സംഘപരിവാര്‍ മനസ്സ്. നമ്മുടെ ദേശീയ അഭിമാനങ്ങളായ മഹാപുരുഷന്മാരെ അവഹേളിക്കുക, ചരിത്രം മാറ്റിമറിച്ച മഹാന്മാരെ കരിതേയ്ക്കുക തുടങ്ങിയവ ഒരു പതിവ് പരിപാടിയായി സംഘപരിവാര്‍ സ്വീകരിച്ചിട്ടുണ്ട്.

ഈ ഘട്ടത്തിലാണ് മഹാത്മാഗാന്ധിയുടെ കാലത്തുതന്നെ കോണ്‍ഗ്രസിലും സ്വാതന്ത്യ്രസമരത്തിലും നിര്‍ണായകപങ്കുവഹിച്ച മഹാനായ കമ്യൂണിസ്റ്റ് എ കെ ജിയെ താറടിക്കാനുള്ള നീചവൃത്തി കോണ്‍ഗ്രസ് നിയമസഭാംഗമായ വി ടി ബല്‍റാമില്‍നിന്നുണ്ടായത്.
പ്രാകൃതമായ ഈ ചെയ്തിയെ അനുകൂലിക്കുകയും അതില്‍ സന്തോഷിക്കുകയുംചെയ്യുന്നത് ആര്‍എസ്എസ്ബിജെപി നേതാക്കളാണ്. ഗാന്ധിവധത്തിനുപിന്നിലെ പ്രത്യയശാസ്ത്രത്തിന്റെ ഉടമകളെ സന്തോഷിപ്പിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എയെ തിരുത്താന്‍ കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വം തയ്യാറാകാത്തത് അപലപനീയമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News