കലോല്‍സവത്തിന് വ്യാജ അപ്പീല്‍; പ്രതി മുന്‍ സംസ്ഥാന കലാപ്രതിഭ

കല്‍പ്പറ്റ: സംഘാടനത്തിലും കലാപ്രകടനങ്ങളിലും മികവു പുലര്‍ത്തിയ ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവ തിളക്കത്തിന് മങ്ങലേല്‍പ്പിച്ചത് മുന്‍ കലാപ്രതിഭ. 2001ലെ ഹയര്‍സെക്കണ്ടറി കലാപ്രതിഭയാണ് അറസ്റ്റിലായി ഇപ്പോള്‍ വിയ്യൂര്‍ ജയിലിലുള്ള മാനന്തവാടി കുഴിനിലം വേങ്ങാച്ചോട്ടില്‍ ജോബിന്‍ ജോര്‍ജ്ജ്.

യുവജനോല്‍സവത്തില്‍ മല്‍സരിക്കാനുള്ള അപ്പീലിന് ബാലാവകാശ കമ്മീഷന്റെ വ്യാജരേഖയുണ്ടാക്കി രക്ഷിതാക്കള്‍ക്ക് നല്‍കിയ കേസിലാണ് ജോബിന്‍ അറസ്റ്റിലായത്. 2001ല്‍ ഹയര്‍സെക്കണ്ടറി കലോല്‍സവം പ്രത്യേകമായാണ് നടത്തിയത്.

നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനവും തുകല്‍വാദ്യത്തില്‍ രണ്ടാം സ്ഥാനവും ഓട്ടന്‍ തുള്ളലില്‍ എ ഗ്രേഡും അന്ന് ജോബിന്‍ കരസ്ഥമാക്കി.

2000, 2001 വര്‍ഷങ്ങളില്‍ ജോബിന്‍ വയനാട് ജില്ലാ തലത്തില്‍ ഹയര്‍സെക്കണ്ടറി പ്രതിഭയായിരുന്നു. 97,98,99 വര്‍ഷങ്ങളില്‍ ഹൈസ്‌കൂള്‍തലത്തില്‍ ജില്ലയിലെ കലാപ്രതിഭയുമായിരുന്ന ജോബിന്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബി സോണ്‍ കലോല്‍സവത്തില്‍ 2003ല്‍ കലാപ്രതിഭയുമായി.

മാനന്തവാടിയില്‍ ജോബ്‌സ് ആന്‍ഡ് സാബ്‌സ് നൃത്ത വിദ്യാലയം നടത്തുന്ന ജോബിന് ഒട്ടേറെ ശിഷ്യരുമുണ്ട്. ഇവരില്‍ മിക്കവരും കലോല്‍സവങ്ങളില്‍ ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയവരുമാണ്.

തൃശ്ശൂര്‍ സ്വദേശി സൂരജിനും ജോബിനുമായി ഒന്‍പത് വ്യാജ അപ്പീലിന് വ്യാജരേഖയുണ്ടാക്കി നല്‍കിയത് തിരുവനന്തപുരം സ്വദേശിയായ സതികുമാര്‍ എന്നയാളാണ്. ജില്ലാ കലോല്‍സവങ്ങളില്‍ തങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികള്‍ പിന്നലാവുമ്പോള്‍ പലനൃത്താദ്ധ്യാപകരും ഇത്തരത്തില്‍ സതി കുമാറിനെ ബന്ധപ്പെട്ട് വ്യാജ അപ്പീലുകള്‍ സംഘടിപ്പിക്കാറുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.

അപ്പീലിന് വന്‍തുകയാണ് രക്ഷിതാക്കളില്‍ നിന്ന് ഇവര്‍ വാങ്ങുന്നത്. ലക്ഷങ്ങളുടെ തട്ടിപ്പ് സംഭവത്തില്‍ നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്. അന്വേഷണം മുന്‍ വര്‍ഷങ്ങളിലേക്കും നീണ്ടാല്‍ കൂടുതല്‍ പേര്‍ കുടുങ്ങാനാണ് സാദ്ധ്യത.

അതേസമയം, ജയിലിലുള്ള ജോബിനും സൂരജും കഴിഞ്ഞദിവസം ജാമ്യത്തിനായി ശ്രമിച്ചിരുന്നു. പോലീസിന്റെ വാദംകൂടികേട്ട ശേഷം വെള്ളിയാഴ്ച ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കും.

ഇവരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. വ്യാജ അപ്പീല്‍ ഉത്തരവുണ്ടാക്കിയ കേസില്‍ ആറ് നൃത്താധ്യാപകര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News