സിപിഐഎമ്മിന്റെ രജനിയാണ് താരം; യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു

മലപ്പുറം: പോത്ത്കല്ല് ഗ്രാമപഞ്ചായത്തില്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു.

പതിനൊന്നാം വാര്‍ഡായ ഞെട്ടിക്കുളം വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തതോടെയാണിത്. സിപിഐഎമ്മിലെ രജനിയാണ് വിജയിച്ചത്. 88 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.

പതിനേഴ് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യുഡിഎഫിനായിരുന്നു ഭരണം. യുഡിഎഫ് അംഗം താരയുടെ മരണമാണ് തെരഞ്ഞെടുപ്പിന് ഇടയാക്കിയത്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് ഭരണം നടത്തിയിരുന്നത്. താരയുടെ മരണത്തോടെ ഇരുകക്ഷികള്‍ക്കും എട്ടു വീതം സീറ്റുകളായി. രജനിയുടെ വിജയത്തോടെ എല്‍ഡിഎഫിന് ഭൂരിപക്ഷമായി.

പ്രധാനമായും നിര്‍മാണ രംഗത്ത് നടന്ന അഴിമതിയും കെടുകാര്യസ്ഥതയും ഭരണത്തിന്റെ നിറം കെടുത്തിയിരുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിലെ തീവെട്ടി കൊള്ള ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സ്വജനപക്ഷപാതം മുഖമുദ്രയാക്കിയ ഭരണത്തിനെതിരെ കോണ്‍ഗ്രസിലും ഗ്രൂപ്പ് തിരിഞ്ഞ് പ്രതിഷേധം ഉയര്‍ന്നിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അനുസ്മിതയും ബിജെപി സ്ഥാനാര്‍ത്ഥിയായി മിനി ഷാജിയുമാണ് മല്‍സര രംഗത്തുണ്ടായിരുന്നത്. പിവി അന്‍വര്‍ എംഎല്‍എ, സിപിഐഎം സംസ്ഥാന കമ്മറ്റിയംഗവും വാര്‍ഡിലെ വോട്ടറായ എം സ്വരാജ് എംഎല്‍എ എന്നിവരും വാര്‍ഡിലെ പ്രചാരണ രംഗത്തെത്തിയിരുന്നു

നാനൂറോളം വീടുകളുള്ള വാര്‍ഡില്‍ 1218 വോട്ടര്‍മാരാണുള്ളത്. കഴിഞ്ഞ തവണ 84 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫിന്റെ വിജയം. ഇത്തവണ വാര്‍ഡ് പിടിച്ചടക്കിയ എല്‍ഡിഎഫ് പഞ്ചായത്തില്‍ മികച്ച ഭരണം ഉറപ്പാക്കുമെന്ന് സിപിഐഎം ലോക്കല്‍ സെക്രട്ടറി പി.ഷെഹീര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News