ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി എല്‍ഡിഎഫ്; 15ല്‍ പത്തും എല്‍ഡിഎഫിന്; ബിജെപിയുടെ ഒരു വാര്‍ഡും പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന 15ല്‍ പത്തിലും എല്‍ഡിഎഫ് വിജയിച്ചു.

അഞ്ചിടത്തേ യുഡിഎഫിന് വിജയിക്കാനായുള്ളൂ. ബിജെപി സഖ്യത്തിന് കയ്യിലുണ്ടായിരുന്ന ഒരു വാര്‍ഡ് നഷ്ടമായി. ആ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

മലപ്പുറം ജില്ലയില്‍ പോത്തുകല്ല് പഞ്ചായത്തിലെ ഭരണവും ഉപതെരെഞ്ഞെടുപ്പില്‍ യുഡിഎഫിന് നഷ്ടമായി. ഇവിടെ ഞെട്ടിക്കുളം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രജനി വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി അനു സ്മിതയെ 88 വോട്ടിനാണ് തോല്‍പ്പിച്ചത്. യുഡിഎഫ് കഴിഞ്ഞ തവണ ജയിച്ച ഈ വാര്‍ഡ് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനായി.

എറണാകുളം ജില്ലയില്‍ ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍ വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ ബേബി ജോണാണ് വിജയിച്ചത്. യുഡിഎഫിലെ മിനി മില്‍ട്ടണെ 207 വോട്ടിനാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് റിബലാണ് കഴിഞ്ഞ തവണ ഇവിടെ ജയിച്ചത്. എല്‍ഡിഎഫ്: 461, യുഡിഎഫ്: 254, ബിജെപി: 133.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ബേഡകം ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിലെ എച്ച് ശങ്കരന്‍ 1626 വോട്ടിന് വിജയിച്ചു. കഴിഞ്ഞതവണ 1350 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എല്‍ഡിഎഫിന്. എല്‍ഡിഎഫിലെ സി കണ്ണന്‍ ചികിത്സയിലായതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ കെ മധു, ബിജെപിയിലെ കെ കൃഷ്ണന്‍കുട്ടി എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍. ബിജെപിയ്ക്ക് ആകെ 303 വോട്ടേ കിട്ടിയുള്ളൂ.

ഇടുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ മുനിയറ സൗത്ത് വാര്‍ഡ് ബിജെപി സഖ്യത്തില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. രമ്യ റെനീഷ് (സിപിഐഎം) ആണ് വിജയി. കോണ്‍ഗ്രസിലെ ബാബു കളപ്പുര രണ്ടാമതെത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജസ്സി മുന്നാമതായി. ബിജെപി സഖ്യത്തിന് വോട്ട് പകുതിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിഡിജെഎസ് സ്ഥാനാര്‍ഥി ജോലി കിട്ടി അംഗത്വം രാജിവെക്കുകയായിരുന്നു.

പാലക്കാട് ജില്ലയില്‍ വടക്കാഞ്ചേരി പഞ്ചായത്തിലെ മിച്ചാരംകോട് വാര്‍ഡില്‍ സിപിഐഎമ്മിലെ രുഗ്മിണി ഗോപി കോണ്‍ഗ്രസിലെ നിഷാ രവീന്ദ്രനെ 210 വോട്ടിന് തോല്‍പ്പിച്ചു. ബിജെപിയിലെ എം കോമളന് ആകെ 117 വോട്ടെയുള്ളൂ. ആകെ വോട്ട്: 957.എല്‍ഡിഎഫ്: 525, യുഡിഎഫ്:315,ബിജെപി: 117. കഴിഞ്ഞതവണ 13 വോട്ടിന് എല്‍ഡിഎഫ് ജയിച്ച വാര്‍ഡാണ്.

കടമ്പഴിപ്പുറം പഞ്ചായത്തിലെ കോണിക്കഴി വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബി മുഹമ്മദ് വിജയിച്ചു. സിപിഐഎമ്മിലെ എന്‍ അലിക്കുട്ടിയാണ് പരാജയപ്പെട്ടത്. യുഡിഎഫിന് 616 വോട്ടും എല്‍ഡിഎഫിന് 467 വോട്ടും ലഭിച്ചു. ബിജെപിയിലെ നിഷാദിന് 169 വോട്ട് കിട്ടി. കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ച വാര്‍ഡാണ്.

തിരുവനന്തപുരം ജില്ലയില്‍ നഗരൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിലെ എ ഷിബാന (സിപിഐഎം) യുഡിഎഫിലെ സോഫിയ ബീവി (യുഡിഎഫ്)യെ പരാജയപ്പെടുത്തി. 141 വോട്ടിനാണ് വിജയം. എല്‍ഡിഎഫ് വാര്‍ഡ് നിലനിര്‍ത്തി.

ആര്യങ്കോട് പഞ്ചായത്തിലെ മൈലച്ചല്‍ വാര്‍ഡില്‍ യുഡിഎഫിലെ വീരേന്ദ്രകുമാര്‍ വിജയിച്ചു. യുഡിഎഫ് വിജയി മരിച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. ബിജെപിയിലെ രാജേഷ് രണ്ടാമതെത്തി. സിപിഐഎം സ്ഥാനാര്‍ഥി കെ ശിവന്‍കുട്ടി മുന്നാമതാണ്.

കൊല്ലം ജില്ലയില്‍ പടിഞ്ഞാറെ കല്ലട വിളന്തറ വാര്‍ഡില്‍ പി ജയശ്രീ (സിപിഐഎം) വിജയിച്ചു. യുഡിഎഫ് രജിന (കോണ്‍ഗ്രസ്) എല്‍ഡിഎഫ് വിജയിച്ച വാര്‍ഡാണ്.

കൊല്ലം ജില്ലയില്‍ കൊറ്റങ്കര പഞ്ചായത്തിലെ മാമ്പുഴ വാര്‍ഡില്‍ സിപിഐഎമ്മിലെ പി കെ വിജയന്‍ പിള്ള വിജയിച്ചു. 179 വോട്ടിനാണ് യുഡിഎഫിലെ വി ശാലിനിയെ തോല്‍പ്പിച്ചത്. എല്‍ഡിഎഫ് സിറ്റിങ് വാര്‍ഡാണ്.

നെടുവത്തൂര്‍ തെക്കുംപുറം വാര്‍ഡില്‍ യുഡിഎഫിലെ ഓമന സുധാകരന്‍ (കോണ്‍.) വിജയിച്ചു. എല്‍ഡിഎഫിലെ ബി ബേബി (കേരള കോണ്‍ഗ്രസ് ബി)യാണ് പരാജയപ്പെട്ടത്. യുഡിഎഫ് അംഗം തൂങ്ങിമരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കോട്ടയം ജില്ലയില്‍ വാകത്താനം ഗ്രാമപഞ്ചായത്തിലെ മരങ്ങാട് വാര്‍ഡില്‍ അരുണിമ പ്രദീപ് (സിപിഐഎം) 273 വോട്ടിന് വിജയിച്ചു. യുഡിഎഫിലെ ചെല്ലനെയാണ് പരാജയപ്പെടുത്തിയത്. സിപിഐഎം അംഗം പി ടി ഗോപിനാഥ് കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.

മലപ്പുറം ജില്ലയില്‍ പൊന്നാനി നഗരസഭയിലെ അഴീക്കല്‍ ഒന്നാംവാര്‍ഡില്‍ യുഡിഎഫിലെ പി അത്തീഖ വിജയിച്ചു. എട്ട് വോട്ടിനാണ് വിജയം. എല്‍ഡിഎഫിലെ കെ ഹസൈനാണ് പരാജയപ്പെട്ടത്. എല്‍ഡിഎഫ് കൌണ്‍സിലറായിരുന്ന അബ്ദുല്‍ ഖാദറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.

തിരുവാലി എകെജി നഗര്‍ വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. വി കെ ബേബിയാണ് വിജയി. പി ഷമീന യുഡിഎഫ് സ്ഥാനാര്‍ഥിയായും മിനി പാലക്കപ്പറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായും രംഗത്തുണ്ടായിരുന്നു. ജോലി ലഭിച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫിലെ വി ബീന രാജിവച്ചതോടെയാണ് ഒഴിവുവന്നത്.

എടയൂര്‍ പഞ്ചായത്തിലെ തിണ്ടിലത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ കെ മോഹനകൃഷ്ണന്‍ വിജയിച്ചു. യുഡിഎഫ് അംഗം കെ കമലാസനന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അനില്‍കുമാര്‍ പാറമ്മല്‍തൊടിയും ബിജെപി സ്ഥാനാര്‍ഥിയായി കെടി അനില്‍കുമാറും മത്സരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here