ഭൂമിയിടപാട് വിഷയത്തില്‍ സിനഡ് നിയോഗിച്ച ബിഷപ്പ് സമതിയുടെ ഇടക്കാല റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും; വിവരങ്ങള്‍ ഇങ്ങനെ; സിനഡിന് ഇന്ന് സമാപനം

സീറോ മലബാര്‍ സഭയുടെ സിനഡിന് ഇന്ന് സമാപനം. ഭൂമിയിടപാട് വിഷയത്തില്‍ സിനഡ് നിയോഗിച്ച ബിഷപ്പ് സമതിയുടെ ഇടക്കാല റിപ്പോര്‍ട്ട് ഇന്ന് സമർപ്പിച്ചേക്കും. കർദിനാളിനെ സംരക്ഷിച്ചു കൊണ്ടുള്ള റിപ്പോർട്ടാണ് സമിതിയുടേതെന്നാണ് സൂചന. എന്നാൽ സമവായത്തിനില്ലെന്നാണ് വൈദിക സമിതിയുടെ നിലപാട്.

എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് വിഷയത്തിൽ ബിഷപ്പ് സമിതി ഇടക്കാല റിപ്പോർട്ട് സിനഡിനു കൈമാറും. ഈ മാസം 31 വരെ സമിതിക്കു സമയമുള്ള സാഹചര്യത്തിലാണ് ഇടക്കാല റിപ്പോർട്ട് . കർദിനാളിന് അനുകൂലമായാണ് ഇടക്കാല റിപ്പോർട്ടെന്നാണ് സൂചന .

അഴിമതി നടന്നിട്ടില്ലെന്നും സൂക്ഷമത കുറവാണ് ഉണ്ടായിട്ടുള്ളതെന്നും റിപ്പോർട്ടിൽ സൂചനയുള്ളതായാണ് വിവരം. എന്നാൽ ഒത്തുതീർപ്പിനില്ലെന്നാണ് വൈദിക സമിതി നിലപാട്. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിലല്ല ,ധാർമ്മികതയാണ് ചോദ്യം ചെയ്യപ്പെട്ടതെന്നും ഇത് സമവായത്തിലൂടെ പരിഹരിക്കപ്പെടില്ലെന്നും ഇവർ ചൂണ്ടി കാണിക്കുന്നു.

അങ്ങനെയെങ്കിൽ സിനഡു കഴിഞ്ഞും പ്രശനങ്ങൾ തുടരും. ഭൂമി വിവാദം സിനഡ് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നായിരുന്നു ആദ്യം മുതല്‍ തന്നെ എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച് പ്രശ്നം ഒത്തുതീര്‍ക്കാനുളള ശ്രമത്തിലായിരുന്നു സിനഡ്.

കമ്മിറ്റി കർദിനാളിൽനിന്നും എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാൻമാരിൽ നിന്നും വൈദിക സമതിയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു.എല്ലാവരും ഒരുമിച്ചു പോകണമെന്ന സന്ദേശമാണ് സമിതി നല്കിയത്. പ്രശ്നങ്ങൾ ഇവിടെ തന്നെ അവസാനിപ്പിക്കണമെന്നും നിരദ്ദേശം നല്കിയിരുന്നു.

സിനഡ് സമാപന വേദി ഐക്യത്തിനുള്ള ആഹ്വാനമാകമോ എന്നാണ് ഇനി അറിയേണ്ടത്.ഉച്ചയ്ക്ക് ശേഷം 2.30ഓടെ പൊതുസമ്മേളനം ആരംഭിക്കും. കല്‍ദായ കത്തോലിക്ക സഭയുടെ പാത്രിയര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോ ആണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുക.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ.ജാംബറ്റിസ്റ്റ ദിക്കാത്രോ അധ്യക്ഷത വഹിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയുടെ രജത ജൂബിലി ആഘോഷവും സമാപന ചടങ്ങിനോടനുബന്ധിച്ചു നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here