പാസ്പോര്‍ട്ടില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുന്നു; ആധികാരികരേഖയായി ഉപയോഗിക്കാനാകില്ല

പാസ്‌പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം, മാതാപിതാക്കളുടെ പേര്, ഭര്‍ത്താവിന്റെയും ഭാര്യയുടെയും പേര് തുടങ്ങിയവ അച്ചടിക്കുന്നത് ഒഴിവാക്കും. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.

ഇതോടെ മേല്‍വിലാസത്തിനുളള ആധികാരികരേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് അറിയുന്നത്. പുതുതായി തയ്യാറാക്കുന്ന പാസ്‌പോര്‍ട്ടുകളിലാണ് ഈ പരിഷ്‌കാരം.

ഇമിഗ്രേഷന്‍ പരിശോധന ആവശ്യമാണോ അല്ലയോ തുടങ്ങിയ വിശദാംശങ്ങളും ഉണ്ടാകില്ല. ഇമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവര്‍ക്ക് നീല പാസ്‌പോര്‍ട്ടും, പരിശോധന ആവശ്യമുളളവര്‍ക്ക് ഓറഞ്ച് പാര്‍ട്ടും വിതരണം ചെയ്യും.

പഴയ പാസ്‌പോര്‍ട്ട് നമ്പറും, പാസ്‌പോര്‍ട്ട് ഓഫിസിന്റെ വിശദാംശങ്ങളും ഒഴിവാക്കും. നാസികിലെ ഇന്ത്യന്‍ സുരക്ഷാപ്രസിനാണു പുതിയ പാസ്‌പോര്‍ട്ട് രൂപകല്‍പന ചെയ്യാനുളള ചുമതല. നിലവില്‍ പാസ്‌പോര്‍ട്ടുളളവര്‍ക്കു കാലാവധി കഴിയുന്നതുവരെ ഉപയോഗിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദേശകാര്യമന്ത്രലായത്തിന്റെയും വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെയും പ്രതിനിധികളടങ്ങുന്ന മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

പിതാവിന്റെ പേര് പാസ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തരുതെന്ന് മാതാവോ കുട്ടികളോ ആവശ്യപ്പെടുന്ന ഘട്ടം, ഒറ്റ രക്ഷിതാവുള്ള (സിംഗിള്‍ പേരന്റ് ) കുട്ടികളെയും ദത്തെടുക്കപ്പെട്ട കുട്ടികളെയും ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയാണ് സമിതി പരിശോധിച്ചത്.

ഇതേത്തുടര്‍ന്ന്, പാസ്പോര്‍ട്ടില്‍നിന്ന് പിതാവിന്റെ/രക്ഷിതാവിന്റെ/മാതാവിന്റെ പേര്, അവസാന പേജില്‍ നിന്ന് വിലാസം എന്നിവ ഒഴിവാക്കാന്‍ സമിതി നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങള്‍ വിവിധതലങ്ങളില്‍ പരിശോധിച്ച് അംഗീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here