നെതന്യാഹുവിനെതിരെ ഇടതുസംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്; പ്രോട്ടോക്കോള്‍ തെറ്റിച്ച് നരേന്ദ്രമോദിയും

ദില്ലി: ശക്തമായ പ്രതിഷേധത്തിനിടെ ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തി. പ്രോട്ടോക്കോള്‍ തെറ്റിച്ച് നരേന്ദ്രമോദി ഡല്‍ഹി വിമാനത്താവളത്തില്‍ നേരിട്ടെത്തി നെതന്യാഹുവിനെയും ഭാര്യയെയും സ്വീകരിച്ചു.

വ്യവസായികള്‍ ഉള്‍പ്പെടെയുള്ള 130 അംഗ പ്രതിനിധിസംഘം നെതന്യാഹുവിനൊപ്പമുണ്ട്. കൃഷി, ജലസേചനം, സൈബര്‍സുരക്ഷ, ആരോഗ്യപരിരക്ഷ, സുരക്ഷ തുടങ്ങിയ മേഖലകളിലുള്ള 102 ഇസ്രയേലി കമ്പനികളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് സംഘം.

വ്യാപാരപ്രതിരോധനയതന്ത്ര മേഖലകളില്‍ സഹകരണം ഊട്ടിയുറപ്പിക്കുകയാണ് സന്ദര്‍ശനലക്ഷ്യം. ഊര്‍ജം, സൈബര്‍ സുരക്ഷ, ഇരുരാജ്യവും ചേര്‍ന്ന് സിനിമഡോക്യുമെന്ററി നിര്‍മാണം തുടങ്ങിയ മേഖലകളില്‍ വിവിധ കരാറുകള്‍ ഒപ്പിടും.

വിദേശമന്ത്രി സുഷ്മ സ്വരാജും നെതന്യാഹുവും കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാവിലെ 10നാണ് രാഷ്ട്രപതിഭവനില്‍ ഔദ്യോഗിക സ്വീകരണം. 10.30ന് മഹാത്മാഗാന്ധി സ്മാരകത്തില്‍ നെതന്യാഹു പുഷ്പാര്‍ച്ചന നടത്തും.

തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും. അഹമ്മദാബാദ്, മുംബൈ, ആഗ്ര തുടങ്ങിയ സ്ഥലങ്ങളും നെതന്യാഹു സന്ദര്‍ശിക്കും. ഗുജറാത്തില്‍ മോദിയും നെതന്യാഹുവും റോഡ് ഷോ നടത്തും. ആറുമാസം മുമ്പ് മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. ഇസ്രയേല്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.

ഇസ്രയേലുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തവും നെതന്യാഹുവിന്റെ സന്ദര്‍ശനവും എതിര്‍ത്ത് വിവിധ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. ദില്ലിയില്‍ നെതന്യാഹുവിന്റെ കോലംകത്തിച്ചു. നെതന്യാഹുവിനെതിരെ പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായി പ്രകടനം നടന്നു.

ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here