അമേരിക്ക മറ്റൊരു യുദ്ധത്തിന് കോപ്പുകൂട്ടുന്നു; ജറുസലേമിലൂടെ

ജറുസലേം ഇസ്രയേല്‍ തലസ്ഥാനമാക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഒരു യുദ്ധം അടിച്ചേല്‍പ്പിക്കാനുള്ള ത്വരയാണ് വ്യക്തമാക്കുന്നത്.

ചിരപുരാതന സംസ്‌കാരങ്ങളുടെ കേന്ദ്രമായിരുന്ന ഇറാഖ്, അഫ്ഗാന്‍, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ ഏകപക്ഷീയ ആക്രമണം നടത്തി അവിടെയുള്ള സംസ്‌കാരങ്ങളെ തകര്‍ത്ത അമേരിക്ക മറ്റൊരു യുദ്ധത്തിലൂടെ ലോകശ്രദ്ധ വാഷിങ്ടണിലേക്ക് തിരിച്ചുവിടാനാണ് ലക്ഷ്യമിടുന്നത്.

ജോര്‍ദാന്‍ നദിയുടെ ഇരുകരയിലുമുള്ള അതിവിശാല ഭൂപ്രദേശങ്ങളാകെ ഉള്‍പ്പെടുന്നതായിരുന്നു പലസ്തീന്‍മേഖല. അതിന്റെ കേന്ദ്രസ്ഥാനമാണ് ലോകത്തിലെ ഏറ്റവും പുരാതന നഗരമായ ജെറുസലേം.

ദാവീദാണ് ജറുസലേം പട്ടണം പണികഴിപ്പിച്ചതെന്നാണ് ചരിത്രം. 7000 വര്‍ഷത്തെ ചരിത്രമുള്ള മധ്യപൂര്‍വദേശത്തിന്റെ കേന്ദ്രസ്ഥാനമാണിത്. ജൂത, ക്രൈസ്തവ, ഇസ്ലാം മതങ്ങള്‍ക്ക് ഒരുപോലെ വിശുദ്ധമായ നാട്. ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന ഇസ്രയേല്‍ രാജ്യവും ജൂദിയയും ഉള്‍ക്കൊള്ളുന്നതായിരുന്നു പൗരാണിക പലസ്തീന്‍.

ആദ്യകാലത്ത് യഹൂദന്മാരും മറ്റു ചില മതവിഭാഗങ്ങളുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. ക്രിസ്തുവിനുമുമ്പേ ഈ പ്രദേശം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. എഡി ആറാം നൂറ്റാണ്ടിനുശേഷം (മുഹമ്മദ് നബിക്കുശേഷം) മധ്യപൂര്‍വ ദേശമാകെ ഇസ്ലാം മതം പ്രചരിച്ചു. രണ്ടാമത്തെ ഖലീഫയും പരാക്രമശാലിയുമായ ഒമറിന്റെ കാലത്ത് ഈ പ്രദേശമാകെ ഖലീഫ ഭരണത്തിനു കീഴിലായി. (‘ഒമര്‍ ദ ജസ്റ്റ്’ അഥവാ നീതിമാനായ ഒമര്‍ എന്നാണ് അദ്ദേഹത്തെ ചരിത്രം വിശേഷിപ്പിക്കുന്നത്.

നശിപ്പിക്കപ്പെട്ട ദേവാലയങ്ങളില്‍ പ്രാര്‍ഥിക്കാനുള്ള അവകാശം അതതു മതസ്ഥര്‍ക്കു നല്‍കിയതാണ് അദ്ദേഹത്തെ അപ്രകാരം വിശേഷിപ്പിക്കാന്‍ കാരണം.) പിന്നീട് 400 വര്‍ഷം പഴക്കമുള്ള ഓട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ ഭാഗമായി ഇവിടം. നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ മധ്യപൂര്‍വദേശമാകെ ഇസ്ലാംമതത്തിന്റെ ഭൂരിപക്ഷമേഖലയായി. പലസ്തീനിലും സിറിയയിലും മറ്റും താമസിച്ചിരുന്ന ഒരു ചെറിയ വിഭാഗമൊഴികെയുള്ള യഹൂദന്മാര്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറി. പിന്നീട് അമേരിക്കയിലേക്കും.

ലോകമാകെ ആധിപത്യമുറപ്പിച്ച കാലത്ത് ഓട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ത്ത് തരിപ്പണമാക്കി മധ്യപൂര്‍വദേശവും ബ്രിട്ടീഷുകാര്‍ കോളനിയാക്കി. ചില ബ്രിട്ടീഷുകാരുടെ പിന്തുണയോടെ ഓസ്ട്രിയന്‍ പത്രപ്രവര്‍ത്തകനും വംശീയവാദിയുമായ തിയോഡോര്‍ ഹെര്‍സല്‍ 1896ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍ ജൂതമതസമ്മേളനം വിളിച്ചുകൂട്ടി.

അവിടെ വംശീയതയുടെ ആശയം കുത്തിനിറച്ച ‘ജൂതരാഷ്ട്രം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ലോകത്തിന്റെ പലഭാഗത്ത് ഛിന്നഭിന്നമായിക്കഴിഞ്ഞിരുന്ന ജൂതന്മാര്‍ക്ക് താമസിക്കാനൊരു രാജ്യം വേണമെന്ന പ്രമേയം സമ്മേളനം പാസാക്കി. ധനികന്മാരായ ജൂതബാങ്കര്‍മാര്‍ ഒന്നാം ലോകയുദ്ധകാലത്ത് അമേരിക്ക ബ്രിട്ടന്‍ ഫ്രാന്‍സ് എന്നിവരുടെ സഖ്യമായ സഖ്യശക്തികളെ സാമ്പത്തികമായി സഹായിച്ചിരുന്നു.

ഇതിന് പ്രത്യുപകാരമായി ഒന്നാം ലോകയുദ്ധം അവസാനിച്ചപ്പോള്‍ 1918ല്‍തന്നെ ജൂതരാഷ്ട്രം എന്ന പരസ്യപ്രഖ്യാപനം നടത്താന്‍ ബ്രിട്ടനോട് അന്നത്തെ യഹൂദ സംഘടനയുടെ നേതാവായ ഫ്രെഡറിക് വിസ്മാന്‍ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് വിദേശമന്ത്രിയായ സര്‍ ആര്‍തര്‍ ബാല്‍ഫോഡ് യഹൂദന്മാര്‍ക്കുവേണ്ടി പലസ്തീന്‍ പ്രദേശത്ത് ജൂതരാഷ്ട്രം നല്‍കുന്നതാണെന്നു പ്രഖ്യാപിച്ചു.

ഇതാണ് ബാല്‍ഫോഡ് പ്രഖ്യാപനമായി ചരിത്രരേഖകളില്‍ സ്ഥാനം പിടിച്ചത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിനു യഹൂദകുടുംബങ്ങളെ സഖ്യശക്തികള്‍ പലസ്തീനില്‍കൊണ്ടുവന്ന് താമസിപ്പിച്ചു. അറബ് വംശജര്‍ ഇതിനെതിരെ രംഗത്ത്വന്നെങ്കിലും അവരെ ബ്രിട്ടീഷ് പട്ടാളം അടിച്ചമര്‍ത്തി.

ജൂതന്മാരുടെ മുറവിളിയെത്തുടര്‍ന്ന് സഖ്യശക്തികള്‍ ഐക്യരാഷ്ട്രസഭയില്‍ പ്രമേയം കൊണ്ടുവരികയും 1948 മെയ് 14ന് ഇസ്രയേല്‍ രാഷ്ട്രം രൂപീകരിക്കുകയും ചെയ്തു. ഇതിനുശേഷം പലസ്തീന്‍ പൗരന്മാര്‍ ഒരു ദിവസംപോലും സമാധാനമായി ഉറങ്ങിയിട്ടില്ല. നെരിപ്പോടിനേക്കാള്‍ ചൂടാണ് ഓരോ അമ്മമാരുടെയും നെഞ്ചില്‍. സ്വന്തം മണ്ണില്‍ നിലനില്‍പ്പിനായി സ്വാതന്ത്ര്യപ്പോരാട്ടം നടത്തുന്നവരുടെ നാടാണ് പലസ്തീന്‍.

ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ തീരുമാനമാണ് ആ പ്രദേത്തെ വീണ്ടും സംഘര്‍ഷത്തിലേക്കും ലോകശ്രദ്ധയിലേക്കും എത്തിച്ചത്. അമേരിക്കയുടെ ഈ പ്രഖ്യാപനത്തിനൊപ്പമല്ല ലോകരാജ്യങ്ങള്‍ എന്ന വിളംബരമാണ് കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭാ വേദികളില്‍നിന്ന് ഉയര്‍ന്നുകേട്ടത്.

ജറുസലേമിന്റെ പദവി, സ്വഭാവം, ജനസംഖ്യ തുടങ്ങിയ കാര്യങ്ങളില്‍ മാറ്റംവരുത്താനുള്ള ശ്രമത്തിനോ നടപടികള്‍ക്കോ നിയമപരമായ അംഗീകാരം ഉണ്ടാകില്ലെന്നായിരുന്നു ഈജിപ്ത് അവതരിപ്പിച്ച പ്രമേയം.

എംബസികളും നയതന്ത്ര ഓഫീസുകളും ജറുസലേമിലേക്ക് മാറ്റുന്നതില്‍നിന്ന് പിന്‍വാങ്ങണമെന്നും പ്രമേയം ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. അമേരിക്കയുടെ വീറ്റോയെത്തുടര്‍ന്ന് പരാജയപ്പെട്ടെങ്കിലും ഈ പ്രമേയത്തിനെതിരായി വോട്ട്‌ചെയ്യാന്‍ ആരെയും കിട്ടിയില്ല എന്നത് അമേരിക്കയ്ക്ക് വലിയ അപമാനമാണ് സൃഷ്ടിച്ചത്.

അമേരിക്ക ഒഴികെയുള്ള 14 രാജ്യവും യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയത്തെ പിന്തുണയ്ക്കുകവഴി ലോകരാജ്യങ്ങള്‍ ജറുസലേം വിഷയത്തില്‍ അമേരിക്കയ്ക്കും ഇസ്രയേലിനുമൊപ്പമല്ല എന്ന് വ്യക്തമാക്കുകയായിരുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍ തുടങ്ങി യുഎസുമായി ഉറ്റബന്ധമുള്ള രാജ്യങ്ങള്‍വരെ അമേരിക്കയ്ക്ക് എതിരെ ഈജിപ്ത് കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചു.

പലസ്തീന്‍ ജനതയെ സ്വന്തം മണ്ണില്‍ അന്യരാക്കുന്ന പ്രവര്‍ത്തനങ്ങളോട് യോജിക്കാന്‍ പ്രയാസമാണെന്ന് അമേരിക്കയെ അംഗീകരിക്കുന്ന അറബ് രാജ്യങ്ങളടക്കം നേരത്തെ വ്യക്തമാക്കിയിരുന്നു. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയില്‍ പ്രതിഷേധിച്ച ശാരീരിക വൈകല്യമുള്ള ഇരുപത്തൊമ്പതുകാരനായ പലസ്തീന്‍ പൗരനെ വെടിവച്ചുകൊല്ലാന്‍ സയണിസ്റ്റ് ഭീകരതയ്ക്ക് മടിയുണ്ടായില്ല.

ഗാസാ മുനമ്പില്‍ അടുത്തിടെ നാലുവയസ്സുള്ള പലസ്തീന്‍ പെണ്‍കുട്ടി നെഞ്ചുപിടഞ്ഞ് മരിച്ച സംഭവം ഇസ്രയേല്‍ പട്ടാളത്തിന്റെ ക്രൂരമുഖം ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നു. ഹൃദയവൈകല്യം ബാധിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കിഴക്കന്‍ ജറുസലേമിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ഇസ്രയേല്‍ നിലപാട് ആ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു.

സ്വന്തം മണ്ണില്‍ പലസ്തീന്‍ ജനത അനുഭവിക്കുന്ന പ്രയാസങ്ങള്‍ ലോകം ഇനിയും കൃത്യമായി മനസ്സിലാക്കിയിട്ടില്ല. അതിര്‍ത്തിക്ക് അടുത്തുള്ള ജനങ്ങള്‍ക്ക് സ്വന്തം വീടിന്റെയോ സ്ഥലത്തിന്റെയോമേല്‍ ഒരധികാരവുമില്ല. വില്‍ക്കാനോ ഓടി രക്ഷപ്പെടാന്‍പോലുമോ സാധിക്കില്ല.

കുഞ്ഞുങ്ങളെ സ്‌കൂളില്‍ അയക്കുന്ന അമ്മമാര്‍ക്ക് അവര്‍ തിരിച്ചുവരുമെന്ന് ഒരുറപ്പുമില്ല. എങ്ങനെയാണ് അവര്‍ പ്രതിരോധത്തിനായി നിരത്തില്‍ ഇറങ്ങാതിരിക്കുക. പലസ്തീനിയന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്തെപ്പോലും ചികിത്സയ്ക്കായി അതിര്‍ത്തി കടക്കാന്‍ ഇസ്രയേല്‍ സൈന്യം അനുവദിച്ചില്ല.

രാജ്യസുരക്ഷയെ ബാധിക്കുമെന്ന പേരിലാണ് എല്ലാ അവകാശങ്ങളും പലസ്തീന്‍കാര്‍ക്ക് ഇസ്രയേല്‍ നിഷേധിക്കുന്നത്. ഗര്‍ഭിണികളെയും കുഞ്ഞുങ്ങളെയും ഇതേ രീതിയില്‍ ചികിത്സയും പരിചരണവും നിഷേധിച്ച് ക്രൂരമായി മരണത്തിലേക്ക് തള്ളിവിടുകയാണ് ഇസ്രയേല്‍ ഭരണകൂടം. കൊച്ചുകുട്ടിയടക്കം ഒരു പലസ്തീന്‍ പൗരന്‍പോലും പുറത്തുപോകാതിരിക്കാന്‍ ഗാസാ മുനമ്പിനുചുറ്റും തോക്കേന്തിയ ഇസ്രയേല്‍ പട്ടാളം സദാ റോന്തുചുറ്റുന്നു.

അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന പലസ്തീന്‍ ആക്രമണം മനുഷ്യത്വത്തിനുമേലുള്ള കടന്നാക്രമണവും ആഗോള ഭീഷണിയുമാണ്. ഇന്ത്യയിലെ മുഴുവന്‍ ദേശാഭിമാനികളും പലസ്തീന്‍ ജനതയുടെ കൂടെയാണ് എന്ന് ബോധ്യപ്പെടുത്തേണ്ട സമയമാണ് ഇത്.

പലസ്തീന്‍ ജനത തങ്ങളുടെ അസ്തിത്വത്തിനായി നടത്തുന്ന പോരാട്ടം ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യപ്രേമികളുടെയും ദേശാഭിമാനികളുടെയും പോരാട്ടത്തിന്റെ ഭാഗമാണ്. അതിനെ പിന്തുണയ്ക്കുകയാണ് മനഃസാക്ഷിയുള്ളവരുടെ കടമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News