ഒരു സ്വപ്നം ചിറകുവിടര്‍ത്തി മലര്‍ന്നു കിടക്കുന്നു; ജടായുപ്പാറയിലേക്ക് സുഭാഷ് ചന്ദ്രന്റെ യാത്ര

കൊല്ലം ചടയമംഗലത്തെ പടുകൂറ്റന്‍ ജടായു ശില്‍പ്പം കണ്ട അനുഭവം വിവരിച്ച് ഫേസ്ബുക്കില്‍ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്റെ കുറിപ്പ്. ശില്‍പ്പി രാജീവ് അഞ്ചലിനൊപ്പമാണ് എഴുത്തുകാരന്‍ ജടായുപ്പാറ നടന്നുകണ്ടത്.

പണ്ട് സ്‌കൂളില്‍ രാവണനായി അഭിനയിച്ച് ജടായുവിന്റെ ചിറകരിഞ്ഞ കുട്ടി ഉള്ളിലിരുന്ന് മുന്നോട്ട് ഉന്തിക്കൊണ്ടിരുന്നതിന്റെ പ്രേരണയാലാണ് ജടായുപ്പാറ സന്ദര്‍ശനമെന്ന് സുഭാഷ് ചന്ദ്രന്‍ കുറിക്കുന്നു.

സുഭാഷ് ചന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം:

കഴിഞ്ഞ വാരാന്തത്തില്‍ കൊല്ലം ജില്ലയിലെ അഞ്ചല്‍ എന്ന സ്ഥലത്തായിരുന്നു ഞാന്‍. ശ്രീ സുരേന്ദ്രന്‍ മാസ്റ്ററുടെ ആനന്ദഭവന്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തില്‍ അതിഥിയായി പങ്കെടുക്കാന്‍ പോയതായിരുന്നു. അഞ്ചല്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മിക്കുക രാജീവ് അഞ്ചലിനെയാണല്ലോ.

ചടയമംഗലത്തെ പടുകൂറ്റന്‍ മലമുകളില്‍ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശില്‍പ്പാത്ഭുതം സൃഷ്ടിച്ച മനുഷ്യന്‍. ഗുരു എന്ന സിനിമയിലൂടെ അക്കാദമി നോമിനേഷന്‍ വരെയെത്തിയ ചലച്ചിത്രകാരനും ആര്‍ട്ട് ഡയറക്റ്ററും. മലയാളി ആയിപ്പോയതു കൊണ്ട് നാം മലയാളികള്‍ ഇനിയും വേണ്ട വിധം മനസ്സിലാക്കിയിട്ടില്ലാത്ത പ്രതിഭാധനന്‍.

അഞ്ചലില്‍ വൈകിട്ട് അഞ്ചു മണിക്കായിരുന്നു പരിപാടി. ഞാനവിടെ അതിരാവിലേ എത്തുമ്പോള്‍ മനസ്സില്‍ ജടായുപ്പാറയിലെ വിസ്മയം നേരില്‍ കാണണമെന്ന പൂതിയും ചിറകുവിരിച്ചിരുന്നു. എന്നാല്‍ ജടായുപ്പാറ ഇനിയും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിട്ടില്ലെന്ന് വായിച്ചിരുന്നു. ആ മഹാവിസ്മയം കാണണമെന്ന തീവ്രമായ ആഗ്രഹം, പണ്ട് സ്‌കൂളില്‍ രാവണനായി അഭിനയിച്ച് ജടായുവിന്റെ ചിറകരിഞ്ഞ കുട്ടി ഉള്ളിലിരുന്ന് വീണ്ടും വീണ്ടും മുന്നോട്ടുന്തിക്കൊണ്ടിരുന്നു.
സ്റ്റേഷനില്‍ കാറുമായി കാത്തുനിന്ന സുരേന്ദ്രന്‍ മാഷ് കണ്ട ഉടനെ സന്തോഷത്തോടെ പറഞ്ഞു:’താങ്കള്‍ വരുന്നതറിഞ്ഞ് രാജീവ് അഞ്ചല്‍ ഹോട്ടലില്‍ കാത്തിരിക്കുന്നുണ്ട്. ജടായുപ്പാറ ചുറ്റിനടന്നു കാണിക്കാന്‍ അദ്ദേഹം തന്നെ ഒപ്പം വരും!”

രാജീവ് അഞ്ചലിന്റെ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള മനോഹരമായ ഹോട്ടലില്‍ അദ്ദേഹം എനിക്കായി മുറിയും കരുതിയിരുന്നു. കുളിച്ച് വസ്ത്രം മാറി ഇറങ്ങുമ്പോഴേക്കും ഒപ്പം പ്രാതല്‍ കഴിക്കാന്‍ ജടായുവിന്റെ ശില്‍പി എത്തിച്ചേര്‍ന്നു. മലകയറാന്‍ കരുത്തുള്ള അദ്ദേഹത്തിന്റെ ജീപ്പില്‍ കയറി ഞങ്ങള്‍ പുറപ്പെട്ടു.

65 ഏക്കറിലായി വിസ്താരപ്പെട്ടുകിടക്കുന്ന ചടയമംഗലത്തെ കരിങ്കല്‍ക്കാട്ടില്‍ ഒരു മനുഷ്യന്‍ ഒറ്റയ്ക്കു സൃഷ്ടിച്ച സ്വപ്നം അതാ ചിറകുവിടര്‍ത്തി മലര്‍ന്നു കിടക്കുന്നു. 200 അടി നീളത്തില്‍, 150 അടി വീതിയില്‍, 70 അടി ഉയരത്തില്‍ കരിങ്കല്ലെന്നു തോന്നിപ്പിക്കുന്ന കോണ്‍ക്രീറ്റ് ശില്‍പ്പം! പതിനയ്യായിരം ചതുരശ്ര അടിയാണ് ജടായുവിന്റെ ചിറകടിയില്‍ രാജീവ് ഒരുക്കിയെടുത്തിട്ടുള്ള സ്ഥലരാശി.

അവിടെ ആനിമേഷന്‍ വിസ്മയങ്ങളടക്കം സന്ദര്‍ശകരെ ആഹ്ലാദിപ്പിക്കാന്‍ തയ്യാറെടുക്കുന്ന ആശയങ്ങള്‍ അദ്ദേഹം വിവരിച്ചുകൊണ്ടേയിരുന്നു. കരിങ്കല്‍ ഗുഹകളെ ആധുനിക കാലത്തെ ധ്യാനസങ്കേതങ്ങളാക്കി ഹൃദ്യമായി പരിവര്‍ത്തിപ്പിച്ചിരിക്കുന്ന ചില ഇടങ്ങളിലേക്ക് അദ്ദേഹം എന്നെ നയിച്ചു. എല്ലാ കെട്ടുപാടുകളും ഉപേക്ഷിച്ച് ആജീവനാന്ത യോഗിയായിത്തീരാന്‍ നമ്മെ ക്ഷണിക്കുന്ന പ്രലോഭനങ്ങള്‍!

ഇപ്പോള്‍ത്തന്നെ സാഹസികരായ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തിട്ടുള്ള ട്രക്കിംഗ് ഏരിയകളിലും അമ്പെയ്ത്തും റൈഫിള്‍ ഷൂട്ടിങ്ങും ആസ്വദിക്കാവുന്ന പ്രത്യേക ഇടങ്ങളിലൂടെയുമെല്ലാം ഞാന്‍ ജീവിതത്തില്‍ ആദ്യമായി കടന്നുപോയി. അപ്പോഴെല്ലാം ഉള്ളിലെ സന്ന്യാസാര്‍ഥി, യുദ്ധോദ്യുക്തനാവുന്നതറിഞ്ഞ് ഉള്ളില്‍ വിസ്മയം പൊട്ടി. സന്ദര്‍ഭത്തിനനുസരിച്ച് ഋഷിയും യോദ്ധാവുമെല്ലാമായി വേഷം കെട്ടുന്നത് അവന്‍ തന്നെ ആ പാവം മനുഷ്യന്‍!

ജടായുവിന്റെ ഉള്ളിലുള്ള വിശാലമായ ചുറ്റുഗോവണി കയറി ഞാനും രാജീവും ആകാശത്തില്‍ വേദനയോടെ പിളര്‍ന്നുനില്‍ക്കുന്ന അതിന്റെ ശിരസ്സിലെത്തി. ശില്‍പത്തെ അതിവിദൂരത്തില്‍ ചുറ്റിനില്‍ക്കുന്ന മലമടക്കുകളുടെ 360 ഡിഗ്രിയിലുള്ള ദൃശ്യം ജടായുവിന്റെ കണ്‍തുളകളിലൂടെ കണ്ടപ്പോള്‍ ഞാന്‍ എഴുതുന്ന കൈ ആകാശത്തേക്ക് നീട്ടിപ്പിടിച്ച് അതിന്റെ ശില്‍പ്പിയോടൊപ്പം ഒരു സെല്‍ഫിയെടുത്തു. സര്‍ഗ്ഗശക്തിയുള്ള ഒരാളോടൊപ്പം നില്‍ക്കുമ്പോളെന്ന പോലെ മറ്റൊരു സാന്നിധ്യവും എന്നെ ഇത്രയും ആനന്ദിപ്പിക്കാറില്ല!

തിരികെ ഇറങ്ങുമ്പോള്‍ രാജീവ് അഞ്ചല്‍ ജടായുശില്‍പ്പത്തിന്റെ പൊരുള്‍ പറഞ്ഞു. സീതയെ ബലാല്‍ ഗ്രഹിച്ച് ആകാശമാര്‍ഗ്ഗത്തില്‍ പറന്ന ഒരു മഹാവില്ലനോട് ഒറ്റയ്ക്ക് പോരാടി ചിറകറ്റു ഭൂമിയില്‍ പതിച്ചവനാണ് ജടായു. ആ പക്ഷി ചിറകടിച്ചു പറന്ന മാനം സീതയുടെ മാനം കൂടിയായിരുന്നു.

അവന്റെ, ആ ആങ്ങളബോധത്തിന്റെ ശില്‍പം അതുകൊണ്ടുതന്നെ പെണ്ണിന്റെ, പ്രകൃതിയുടെ സംരക്ഷയുടെ പ്രതീകം കൂടിയാണ്.  യാത്ര പറഞ്ഞ് നന്ദി പറഞ്ഞ് അഞ്ചലുകാരന്റെ ഈ കണ്ണഞ്ചിക്കുന്ന ശില്‍പത്തെ വിട്ട് തിരികെ ജീപ്പില്‍ മലയിറങ്ങുമ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി പിന്തിരിഞ്ഞ് നോക്കി.

ജടായു വേദനയോടെ നോട്ടമയയ്ക്കുന്ന നഭസ്സിന്റെ ആ നിശ്ശൂന്യ വിസ്തൃതിയില്‍ ഇരുപതുകൈകളുള്ള ഒരു മഹാപരാക്രമിയുടെ പറക്കുന്ന തേരിലിരുന്ന് തന്റെ ആണിനെ വിളിച്ചു കരയുന്ന ഒരു മഹാമനസ്വിനിയുടെ ആശ്രമവസ്ത്രം പോലെ പാറുന്നു ഒരു വെണ്മേഘം!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News