സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ഫെബ്രുവരി ഒന്നു മുതല്‍ അനിശ്ചിതകാല സമരം നടത്തും. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ബസ് ഓപ്പററ്റേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചത്.

അവസാനമായി ബസ്സ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചത് 2014 മെയ് മാസത്തിലാണ്. ഇതിനു ശേഷം ഡീസല്‍ വിലയില്‍ 11 രൂപയുടെ വര്‍ധനവ് ഉണ്ടായ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസ്സുകള്‍ അടുത്ത മാസം 1 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവെക്കുന്നത്.

കിലോമീറ്റര്‍ നിരക്ക് 64 പൈസയില്‍ നിന്നും 72 പൈസയാക്കി ഉയര്‍ത്തുക, 140 കിലോമീറ്ററിലധികം ദൂരം സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് 50 ശതമാനമാക്കി ഉയര്‍ത്തുക, വര്‍ധിപ്പിച്ച വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും കോഓര്‍ഡിനേഷന്‍ കമ്മറ്റി മുന്നോട്ട് വെക്കുന്നു.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നും ബസ്സുടമകള്‍ ആവശ്യപ്പെടുന്നു. അഞ്ച് സ്വകാര്യ ബസ്സുടമാ സംഘടനകളുള്‍പ്പെട്ടതാണ് കോഓര്‍ഡിനേഷന്‍ കമ്മറ്റി.

ഈ ആവശ്യങ്ങളുന്നയിച്ച് ജനുവരി ഇരുപത്തി നാലിന് കോഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here