അഭ്രപാളികളിലെ നിത്യവസന്തം നിത്യഹരിത നായകന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

മലയാളത്തിന്റെ നിത്യവസന്തം പ്രേംനസീര്‍ വിടവാങ്ങിയിട്ട് ഇന്ന് 29 വര്‍ഷങ്ങള്‍. ചിറയിന്‍കീഴുകാരുടെ സ്വന്തം അബ്ദുള്‍ ഖാദറായി എത്തി മലയാള സിനിമയുടെ മനസ്സ് കീഴടക്കിയ നിത്യഹരിത നായകനായി പ്രേംനസീര്‍ മാറിയത് വളരെ വേഗത്തിലായിരുന്നു. അഭ്രപാളികളില്‍ തെളിയുന്ന കഥാപാത്രങ്ങള്‍. കാതുകളില്‍ മുഴങ്ങുന്ന ഭാവസമ്പന്നമായ സംഭാഷണങ്ങള്‍. പ്രേംനസീര്‍ എന്ന കലാകാരന്‍ മലയാള സിനിമയില്‍ എന്നും അനശ്വരനാണ്.

പ്രേംനസീര്‍ മലയാളത്തിന് വെറുമൊരു നടനായിരുന്നില്ല. ഭ്രമിപ്പിക്കുന്ന ഒരനുഭവമായിരുന്നു. പകര്‍ന്നാടിയ കഥാപാത്രങ്ങളിലെല്ലാം അദ്ദേഹം നിറഞ്ഞുതുളുമ്പിയിരുന്നു. നസീറായിരുന്നു കഥാപാത്രങ്ങളെക്കാളും വലിയ കഥാപാത്രം. വെള്ളിത്തിരയുടെ മാസ്മരികതയില്‍ സ്വയം മറക്കാന്‍ അബ്ദുല്‍ഖാദര്‍ എന്ന പച്ചമനുഷ്യന്‍ തയ്യാറായില്ല. പ്രണയസങ്കല്‍പ്പങ്ങള്‍ക്ക്‌ െവെള്ളിത്തിരയില്‍ നാനാര്‍ത്ഥങ്ങള്‍ നല്‍കി മികച്ച അഭിനേതാവായും നാട്യങ്ങള്‍ക്കപ്പുറത്ത് നല്ല മനുഷ്യനായും അദ്ദേഹം ജീവിച്ചു.

1952ല്‍ പുറത്തിറങ്ങിയ മരുമകള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തെത്തിയ അബ്ദുള്‍ഖാദര്‍ എന്ന പ്രേംനസീര്‍ ചലച്ചിത്ര ലോകത്തിനും മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടവനായത് വളരെ പെട്ടെന്നായിരുന്നു. മലയാളി മനസിലെ പുരുഷ സങ്കല്‍പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ഓരോ കഥാപാത്രവും.

കഥാപാത്രത്തിന്റെ തടവറയില്‍ ആയിരുന്നില്ല നസീര്‍ ഒരിക്കലും. വൈവിധ്യങ്ങളെ അന്വേഷിച്ചതുമില്ല.അതിനാല് തന്നെ നേരിയ അതിഭാവുകത്വം വിമര്‍ശകര്‍ നസീറിന് മേര്‍ അടിച്ചേല്പ്പിച്ചു. എങ്കില്‌പ്പോലും പ്രക്ഷകന് ഇഷ്ടപ്പെടുന് അളവില് മാത്രമായിരുന്നു ആ അതിഭാവുകത്വംമലയാള സിനിമയിലെ നായക സങ്കല്പ്പങ്ങളില്‍ മാറ്റം വന്നെങ്കിലും മലയാളിക്ക് പ്രേനസീറിനോടുള്ളസ്‌നേഹം തെല്ലും കുറഞ്ഞിട്ടില്ല. വിടപറഞ്ഞു പോയിട്ട് വര്‍ഷങ്ങളേറെക്കഴിഞ്ഞിട്ടും മലയാളിയുടെ മനസ്സില്‍ മരംചുറ്റി പ്രണയിക്കുകയാണ് പ്രേംനസീര്‍. അതിനിയും അങ്ങനെ തന്നെയാകും.മലയാളികളുടെ മനസ്സില്‍ നസീറിനെക്കുറിച്ചുള്ള ഓര്‍മകള്‍ നിത്യഹരിതമാണ്.

നാല് പതിറ്റാണ്ടിലധികം സിനിമയില്‍ നിറഞ്ഞുനിന്നു നസീറിന്റെ ചലച്ചിത്രജീവിതം. കറുപ്പിലും വെളുപ്പിലും വര്‍ണങ്ങളിലും പ്രേനസീര്‍ റെക്കോര്‍ഡുകളുടെ തോഴനായി. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി വേഷം ചെയ്തു എന്ന ലോക റെക്കോഡ്, ഇന്നും നസീറിന് സ്വന്തം. 700 ചിത്രങ്ങളില്‍ നായകന്‍. പേരിനെ അനശ്വരമാക്കുംവിധം 85 നായികമാര്‍. എങ്കിലും മലയാളി നസീറിനെ കാണാന്‍ കൊതിച്ചത്, നടി ഷീലയ്ക്കൊപ്പമായിരുന്നു. അവരുടെ ഒരുമിക്കലിലെ രസതന്ത്രം മലയാളി ആസ്വദിച്ചു. അതുകൊണ്ടാണ് 130 ചിത്രങ്ങളില്‍ അവര്‍ ഒന്നിച്ചഭിനയിച്ചിട്ടും പ്രേക്ഷകര്‍ക്ക് മടുക്കാതിരുന്നത്.

മലയാള സിനിമയുടെ നാലു പതിറ്റാണ്ടത്തെ ചരിത്രമാണ് പ്രേംനസീര്‍. മലയാള സിനിമാ ചരിത്രത്തിനൊപ്പം നടന്ന വ്യക്തി. നസീറെന്നാല്‍ മലയാള സിനിമയെന്നായിരുന്നു. തമിഴ് ഉള്‍പ്പെടെ എഴുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച്, അതും ഒരേ നായികയ്‌ക്കൊപ്പം 130ഓളം ചിത്രങ്ങളില്‍ വേഷമിട്ട് അദ്ദേഹം ചരിത്രത്താളുകളില്‍ ഇടം നേടി. അപൂര്‍വതകളുടെ റെക്കോര്‍ഡുമായി ഗിന്നസ് ബുക്കിലിടം നേടിയ ആദ്യ മലയാളനടനാണ് നസീര്‍.

എഴുന്നൂറോളം സിനിമകളില്‍ നായകനായോ നായക പ്രാധാന്യമുള്ള റോളുകളിലോ അഭിനയിക്കുക, ഒരേ നായികയുമൊത്ത് 130ഓളം സിനിമകളില്‍ അഭിനയിക്കുക. ഇതെല്ലാം പ്രേംനസീറിനു സ്വന്തമായ ലോക റെക്കോര്‍ഡുകളാണ്. ആര്‍ക്കും ഒരിക്കലും തകര്‍ക്കാന്‍ പറ്റാത്ത റെക്കോര്‍ഡുകള്‍.

നസീറിനു മുമ്പും പിമ്പും നടന്മാര്‍ നിരവധി വന്നെങ്കിലും അദ്ദേഹം സ്ഥാപിച്ച റെക്കോര്‍ഡുകള്‍ മറികടക്കാന്‍ ആര്‍ക്കുമായില്ല. നാല്‍പതു കൊല്ലം എതിരില്ലാതെ സിനിമാരംഗത്ത് അദ്ദേഹം നിലനിന്നു. ഇതും ഒരു സര്‍വകാല റെക്കോര്‍ഡായിരിക്കും. അറുപത്തിമൂന്നാം വയസ്സിലും നസീര്‍ വളരെ ചുറുചുറുക്കുള്ള നടനായാണ് വെള്ളിത്തിരയില്‍ തിളങ്ങിനിന്നത്. 1967ല്‍ പുറത്തിറങ്ങിയ എംടി വാസുദേവന്‍നായരുടെ ‘ഇരുട്ടിന്റെ ആത്മാവി’ലെ അഭിനയം നസീറിന് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് സ്വന്തമായ ഇടം നേടിക്കൊടുത്തു. 1979 ല്‍ മാത്രം നസീര്‍ നായകനായി 39 സിനിമകളാണ് ഇറങ്ങിയത്. അക്കാലത്തെ നസീറിന്റെ സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്. സൂപ്പര്‍ താരങ്ങളില്ലാത്ത ലോകത്ത് പകരം വക്കാനില്ലാത്ത സൂപ്പര്‍ താരമായിരുന്നു നസീര്‍. അല്‍പം അതിഭാവുകത്വമുള്ള പ്രണയഭാവങ്ങളെ പോലും നെഞ്ചേറ്റിയിരുന്ന ആരാധകരാണ് നസീറിനെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാറാക്കിയത്. നടി ഷീലയോടൊപ്പാം നസീര്‍ 130ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.

നിണമണിഞ്ഞ കാല്‍പ്പാടുകളായിരുന്നു ഈ താര ജോഡികളുടെ ആദ്യ ചിത്രം. ഉദയായുടെ കടത്തനാട്ട് മാക്കം നൂറാമത്തെ ചിത്രവും. മരം ചുറ്റി പ്രേമത്തിന്റെ കാലഘട്ടം മുതല്‍ മലയാള സിനിമ നെഞ്ചേറ്റിയതാണ് പ്രേം നസീര്‍- ഷീല കൂട്ടുകെട്ടിനെ. ഗാനരംഗങ്ങളില്‍ ഇവര്‍വ തമ്മില്‍ ഉണ്ടായിരുന്ന കെമിസ്ട്രി പിന്നീട് മറ്റൊരു താരജോഡിക്കും കിട്ടിയില്ല എന്നാണ് നിരൂപകള്‍ ഉള്‍പ്പെടെ വിലയിരുത്തുന്നത്. നസീറും ഷീലയും അഭിനയിച്ച ചിത്രങ്ങളില്‍ ഒട്ടുമിക്കവയും മലയാളി സിനിമാ ആസ്വാദകര്‍ക്ക് ആര്‍ദ്ര പ്രണയത്തിന്റെ അമൂല്യ നിമിഷങ്ങള്‍ സമ്മാനിച്ചു.

ഇരുവരം ഒന്നിച്ചഭിനയിച്ച ഒതേനെന്റ മകന്‍, ആരോമലുണ്ണി, തുമ്പോലാര്‍ച്ച , കണ്ണപ്പനുണ്ണി തുടങ്ങി വടക്കന്‍ പാട്ടുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ബോക്‌സോഫീസുകളെ ഇളക്കി മറിച്ചു. ഋതുക്കള്‍ മാറിമറിയുന്നതുപോലെ സിനിമയിലേക്ക് നിരവധിപേര്‍ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോഴും പ്രേംനസീറെന്ന നടന്‍ ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടി വെള്ളിത്തിരയുടെ താരമായി നിലനിന്നു. 1989ല്‍ ‘ധ്വനി’ വരെ നസീര്‍ അഭിനയിച്ച സിനിമകള്‍ പ്രേക്ഷകര്‍ രണ്ടുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അക്കാലത്ത് എല്ലാ വര്‍ഷവും പ്രേംനസീറിന് ശരാശരി 15 മുതല്‍ 20 വരെ ചിത്രങ്ങള്‍ ഉണ്ടാകുമായിരുന്നു.

1979ല്‍ 39 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ഇതും റെക്കോര്‍ഡാണ്. മലയാളത്തിലെ മികച്ച പല നിര്‍മാതാക്കള്‍ക്കും ബാനറുകള്‍ക്കും ശരിയായ മേല്‍വിലാസം നിലനിര്‍ത്താന്‍ സാധിച്ചത് അവരുടെ സിനിമകളില്‍ പ്രേംനസീറിന്റെ സാന്നിധ്യം ഉണ്ടായതിനാലാണ്. നസീര്‍ അഭിനയിച്ച ചിത്രങ്ങളുടെ വിജയം നിര്‍മാതാക്കളുടെ കീശ നിറച്ചു. ഉദയ, നവോദയ, മെരിലാന്‍ഡ്, എവര്‍ഷൈന്‍, മഞ്ഞിലാസ്, ജയ്മാരുതി, ഷിര്‍ദ്ദിസായി, എ.ബി.രാജ്, സുപ്രിയ, ടി.കെ.ബി തുടങ്ങിയ ബാനറുകള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയത് പ്രേംനസീറിലൂടെയാണ്.

കലാകാരന് എന്നും സമൂഹത്തോട് പ്രതിബദ്ധത വേണമെന്ന പക്ഷക്കാരനായിരുന്നു നസീര്‍. തനിക്ക് കിട്ടിയ അവസരങ്ങള്‍ പൂര്‍ണമായി സമൂഹത്തിനും ജനനന്മയ്ക്കും ഉപകരിക്കുന്ന രീതിയിലാണ് അദ്ദേഹം ജീവിച്ചത്. കഷ്ടപ്പെടുന്നവരെ തിരികെ ഒന്നും പ്രതീക്ഷിക്കാതെ മനസ്സറിഞ്ഞ് സഹായിക്കാനുള്ള വലിയ മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനഹൃദയങ്ങളില്‍ ഇന്നും ആ വലിയ കലാകാരന്‍ ജീവിക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവ മഹിമ കൊണ്ടുകൂടിയാണ്. താരപദവി റോസാപൂ മെത്തയല്ല എന്നദ്ദേഹം പറയുമായിരുന്നു. കഠിനാധ്വാനവും തൊഴിലിനോടുള്ള കൂറും കൃത്യനിഷ്ഠയും സ്വഭാവശുദ്ധിയും നസീറിനെ എല്ലവര്‍ക്കും പ്രിയങ്കരനാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here